- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ അടികിട്ടിയത് കോടതിയുടെ മുഖത്ത്, ബസ് ഉടമയ്ക്ക് അല്ല, നടന്നതെല്ലാം നാടകമല്ലേ! കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു ആക്രമണത്തിൽ സ്വമേധയാ എടുത്ത കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി; പൊലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി? എന്ത് അന്വേഷണം നടത്തിയെന്ന് അറിയിക്കാൻ നിർദ്ദേശം
കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോട്ടയം ജില്ലാ പൊലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമർശനം.
സംഭവത്തിൽ കടുത്ത വിമർശനമാണ് പൊലീസിനെതിരെ കോടതി ഉന്നയിച്ചത്. എത്ര പൊലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.
കോടതിക്ക് മുന്നിലും ലേബർ ഓഫിസർക്ക് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക.അത് അറിയുന്നതുകൊണ്ടാണ് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി. ആക്രമണം പെട്ടെന്നു ആയിരുന്നു എന്ന് പൊലീസ് വശദീകരിച്ചു.നാടകമല്ലെ നടന്നതെന്ന് കോടതി ചോദിച്ചു.ഒന്നു തല്ലിക്കോ എന്ന സമീപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന് കോടതി വിമർശിച്ചു. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു.. പൊലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നു.
ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കും.ആ അടികിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ല. അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് കോടതി ചോദിച്ചു. കുമരകം എസ്എച്ചഒയും ഡിവൈഎസ്‌പിയും സത്യവാങ്മൂലം നൽകണം.കേസ് 18 നു വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും വീണ്ടും ഹാജരാവണം. പൊലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി, അതിൽ എന്ത് അന്വേഷണം നടത്തി എന്ന് കോടതിയെ അറിയിക്കണം.
നേരത്തേ ശമ്പള പ്രശ്നത്തിൽ കോട്ടയം തിരുവാർപ്പിൽ സിഐടിയുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തർക്കം താൽക്കാലികമായി ഒത്തുതീർപ്പായിരുന്നു. തൊഴിലാളികൾ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ തീരുമാനമായി. ബസുടമ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലേയും തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനഃക്രമീകരിക്കും. അതുവഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്.
ശമ്പള പ്രശ്നത്തിൽ സിഐടിയു കൊടിക്കുത്തി ബസ് സർവീസ് നടത്തുന്നത് തടഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കാൻ ശ്രമിച്ച രാജ്‌മോഹനെ സിഐടിയു നേതാവ് മർദിച്ചിരുന്നു.




