കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് കേരളാ ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ- ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവര്‍ത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാന്‍ മനസുണ്ടോയെന്നതാണ് പ്രശ്‌നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു.

വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങള്‍ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥര്‍ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കി. സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് ജനങ്ങളോട് പറയൂ. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണ്. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു.

അതേസമയം മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കെതിരായ ബാങ്കുകളുടെ ജപ്തി നടപടികള്‍കോടതി സ്റ്റേ ചെയ്തു. ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഇതാണ് മനോഭാവമെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് നല്‍കുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ്. ബാങ്കുകള്‍ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ കേന്ദ്രം ഇടപെടരുതെന്നാണ് 2015ലെ തീരുമാനമെന്നും ദുരന്ത നിവാരണ ചട്ടം അനുസരിച്ചായാലും നിര്‍ദ്ദേശം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചിരുന്നു.

നേരത്തെ മുണ്ടക്കൈ, ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260 കോടി രൂപ അനുവദിച്ചുവെന്ന കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കേരളത്തോടുള്ള അവഗണനയാണ് വെളിവാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 260 കോടി കേരളത്തിന് നല്‍കിയെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇത് ഒൗദാര്യമല്ല. കേരളത്തിന് ലഭിക്കേണ്ട നഷ്ട പരിഹാരം ലഭിക്കില്ല എന്നതിന്റെ സൂചനയാണിത്. അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചില്ല.

ദുരന്തം കഴിഞ്ഞ് അഞ്ചുമാസം കഴിയുംവരെ എല്‍3 വിഭാഗത്തില്‍പ്പെട്ടതാണ് ഈ ദുരന്തം എന്ന് അറിയിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്തത്. ഇതുമൂലം 1202 കോടിയുടെ നഷ്ടമുണ്ടായി എന്ന് കാണിച്ച് നിവേദനം നല്‍കി. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കിയില്ല. പുനര്‍നിര്‍മാണത്തിനുള്ള 2000 കോടിയുടെ അപേക്ഷ നല്‍കിയിട്ട് 260 കോടിയാണ് നല്‍കിയത്.

ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചില്ല. ദുരന്തത്തില്‍ സഹായിക്കാന്‍ എത്തിയ സൈനികരുടെയും മറ്റും പണം കേന്ദ്രം ആവശ്യപ്പെടുകയാണ് പിന്നീട് ചെയ്തത്. ഇത് എന്ത് മര്യാദയുടെ ഭാഗമാണ്. കേരളത്തെ ആവര്‍ത്തിച്ച് അപമാനിക്കുകയാണ്. കാര്യങ്ങള്‍ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ത്രിപുരയില്‍ ഉണ്ടായ ദുരന്തത്തില്‍ ഐഎംസിടി പരിശോധിക്കുന്നതിന് മുമ്പ് തന്നെ പണം അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.