- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മന്ത്രി രാജീവിന് ഡല്‍ഹി താജ് പാലസില്‍ 12 മിനിറ്റ് സംസാരിക്കാനും വിഐപി ലോഞ്ചിലിരിക്കാനും ഒരു പത്ര സ്ഥാപനത്തിന് കൊടുക്കുന്നത് നികുതി പണത്തില്‍ നിന്നും 75 ലക്ഷം; 11ന് കെഎസ്‌ഐഡിസി കൊടുത്ത കത്തില്‍ രണ്ടു ദിവസം കൊണ്ട് ഉത്തരവും; ടൈംസ് ഓഫ് ഇന്ത്യയുടെ എക്കണോമിക് ഫോറം 'കേരളം നടത്തുന്ന' കഥ
തിരുവനന്തപുരം: കേരളത്തില്‍ എന്തും ഏതും നടക്കും. അതിന് തെളിവായി വ്യവസായ വകുപ്പിന്റെ പുതിയ ഉത്തരവും. ഓഗസ്റ്റ് 13ന് ഇറക്കിയ ഉത്തരവ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് 75 ലക്ഷം കൊടുക്കാനാണ്. ടൈംസ് ഓഫ് ഇന്ത്യ ഒരുക്കുന്ന എക്കണോമിക് ടൈംസിന്റെ ആഗോള നേതാക്കളുടെ ഫോറത്തിനുള്ള സ്‌പോണ്‍സര്‍ തുകയാണ് ഈ മുക്കാല്‍ കോടി. ഈ വേദിയില്‍ വ്യവസായ മന്ത്രി പി രാജീവിന് 12 മിനിറ്റ് സംസാരിക്കാന്‍ അവസരമുണ്ട്. ഇതിനുള്ള പ്രത്യുപകാരമെന്ന് വ്യക്തമാക്കുന്നതാണ് 75 ലക്ഷവും ജിഎസ്ടിയും അടക്കമുള്ള തുക അനുവദിക്കുന്ന വ്യവസായ വകുപ്പിന്റെ ഉത്തരവ്.
വ്യവസായ വകുപ്പ് മന്ത്രിക്ക് 12 മിനിറ്റ് സംസാരിക്കാനും ഒരു പരിപാടിയുടെ വിഐപി ലോഞ്ചിലിരിക്കാനും ഒരു പത്ര സ്ഥാപനത്തിന് കൊടുക്കുന്നത് നമ്മളുടെ നികുതി പണത്തില്‍ നിന്നും 75 ലക്ഷം രൂപ. യാത്രയും താമസവും വേറെ. കൃത്യതയുള്ള കാമ്പുള്ള ഒരു പത്ര സമ്മേളനം നടത്തിയാല്‍ ഫ്രീയായി എല്ലാ മാദ്ധ്യമത്തിലും കിട്ടും പരസ്യം . ഇത് ടൈംസ് ഓഫ് ഇന്ത്യയുടെ പരിപാടി ആയതു കൊണ്ട് തന്നെ മറ്റ് മാധ്യമങ്ങള്‍ നല്‍കുകയുമില്ല. അതായത് ഒരു പത്രത്തില്‍ മാത്രമേ വാര്‍ത്ത വരൂ. ഈ സാഹചര്യത്തില്‍ 75 ലക്ഷം തീര്‍ത്തും ധൂര്‍ത്താണ്. ഡല്‍ഹിയിലെ താജ് പാലസില്‍ ഓഗസ്റ്റ് 22-23 തീയതികളിലാണ് ഈ പരിപാടി. എങ്ങനെ പോയാലും കേരളം കൊടുക്കുന്ന 75 ലക്ഷത്തിന് അവര്‍ക്ക് മൊത്തം പരിപാടിയും നടത്താം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മന്റ് കോര്‍പ്പറേഷനാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പായി 75 ലക്ഷം നല്‍കണമെന്ന നിര്‍ദ്ദേശം മുമ്പോട്ട് വച്ചത്. അത് വ്യവസായ വകുപ്പ് അംഗീകരിക്കുകയും ചെയ്തു.
ജൂലൈ 15നാണ് ഈ ആവശ്യവുമായി ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ സീനിയര്‍ മാനേജര്‍ കത്ത് നല്‍കിയത്. ഉത്തരവ് പ്രകാരം ഓഗസ്റ്റ് 11നാണ് ഈ ശുപാര്‍ശ വ്യവസായ വകുപ്പിലെത്തിയത്. 13ന് എല്ലാ പരിശോധനയും നടത്തി വ്യവസായ വകുപ്പ് ഉത്തരവും ഇറക്കി. ഇതാണ് സൂപ്പര്‍ ഫാസ്റ്റ് വേഗത. രണ്ടു ദിവസം കൊണ്ട് എല്ലാം തീരുമാനമായി. കേരളത്തിന്റെ വ്യവസായ സൗഹൃദാ അന്തരീക്ഷം ഇതിലൂടെ ലോക ശ്രദ്ധയിലെത്തുമെന്നാണ് രണ്ടു ദിവസം കൊണ്ട് വ്യവസായ വകുപ്പ് കണ്ടെത്തിയത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) വഴി പണം നല്‍കാനാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്.
ഡല്‍ഹിയിലെ താജ് പാലസില്‍ വെച്ചാണ് വേള്‍ഡ് ലീഡേഴ്‌സ് ഫോറം നടക്കുന്നത്. ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ പണം അനുവദിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വ്യാവസായിക മുഖച്ഛായ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍, വേള്‍ഡ് ലീഡേഴ്‌സ് ഫോറം പോലുള്ള ഒരു വേദി തന്ത്രപരവും പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതുമായ മൂല്യം നല്‍കുമെന്നാണ് കെഎസ്‌ഐഡിസി സര്‍ക്കാരിനെ അറിയിച്ചത്. അളക്കാവുന്ന തരത്തിലുള്ള നേട്ടങ്ങള്‍ നല്‍കുന്ന ഒരു ബ്രാന്‍ഡിംഗ് പരിപാടിയാണിതെന്നും, ഇത് സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപ സാധ്യതകള്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്നും കെഎസ്‌ഐഡിസിയുടെ കത്തില്‍ പറയുന്നു.
സ്‌പോണ്‍സര്‍ഷിപ്പിന് പകരമായി കേരളത്തിന് ലഭിക്കുന്ന നേട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പരിപാടിയില്‍ വ്യവസായ മന്ത്രിക്ക് 12 മിനിറ്റ് മുഖ്യ പ്രഭാഷണം നടത്താന്‍ അവസരം ലഭിക്കും. ഇതിനുപുറമെ, ടൈംസ് ഓഫ് ഇന്ത്യയുടെ അച്ചടി, ടെലിവിഷന്‍, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സമഗ്രമായ മാധ്യമ കവറേജ്, പരിപാടി നടക്കുന്ന വേദിയില്‍ ബ്രാന്‍ഡിംഗ്, വിഐപി ലോഞ്ചുകളിലേക്കുള്ള പ്രവേശനം എന്നിവയും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ പേരിലാണ് ഓഗസ്റ്റ് 13-ന് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.
ഒമ്പത് വര്‍ഷത്തിനിടെ നിക്ഷേപം കൊണ്ടുവരാനായി മുഖ്യമന്ത്രി 25 തവണ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെങ്കിലും ഒരുരൂപയുടെ പോലും നിക്ഷേപം വന്നില്ല. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പരസ്യം വകയിലും സ്‌പോണ്‍സര്‍ഷിപ്പായും പത്രമാധ്യമങ്ങളിലേക്ക് വന്‍തോതില്‍ പൊതുപണം ഒഴുകുന്നതിന് മുന്നോടിയായും ഇതിനെ കാണാം. മുഖ്യമന്ത്രി പിണറായി വിജയനെ ദേശീയ നേതാവായി ഉയര്‍ത്താനുള്ള തന്ത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഇതിന് വേണ്ടി കൂടിയാണ് ദേശീയ മാധ്യമങ്ങളെ അടുപ്പിക്കാനുള്ള നീക്കം.