തിരുവനന്തപുരം: കുറ്റമെല്ലാം എൻകെ പ്രേമചന്ദ്രന്! എൻ കെ പ്രേമ ചന്ദ്രന്റെ ചോദ്യവും നിർമല സീതാരാമന്റെ ഉത്തരവും മാധ്യമങ്ങളുടെ പ്രചാരണവും ....! കാള പെറ്റുവെന്ന് കേൾക്കുന്നവർ കയറെടുക്കാൻ പോയാൽ സ്വന്തം കഴുത്തിൽ തന്നെ അത് പ്രയോഗിക്കേണ്ടിവരുമെന്നു ഓർത്തോണം . എൻ കെ പ്രേമ ചന്ദ്രൻ ചോദിക്കുന്നത് IGST Revenue Deficit Grant എന്നിവയെ കുറീച്ചായിരുന്നു നിർമലാ സീതാരമൻ പക്ഷേ മറുപടി പറയുന്നത് എ ജി യുടെ സർട്ടിഫിക്കറ്റിനെ കുറിച്ച്-ഇതായിരുന്നു ആദ്യ സിപിഎം പ്രതിരോധം. എന്നാൽ ലോക്‌സഭാ ടിവിയിലെ ദൃശ്യങ്ങളിൽ ചോദ്യം ജി എസ് ടി നഷ്ടപരിഹാരത്തിനെ കുറിച്ചാണെന്ന് വ്യക്തം. ഇതോടെ എല്ലാ കുറ്റവും പ്രേമചന്ദ്രന് നൽകുകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫെയ്‌സ് ബുക്കിലൂടെയാണ് വിശദീകരണം.

കേരളത്തിന് ജി എസ് ടി കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ്സ് ഏർപ്പെടുത്തിയതുമുള്ള ശ്രീ. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നൽകിയ ഉത്തരവും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരളത്തിന് കുടിശ്ശികയായി കേന്ദ്രം നൽകാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നിലവിൽ തർക്കങ്ങളില്ല. തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി യഥാർത്ഥ പ്രശ്‌നങ്ങൾ മറച്ചുവെക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്.-ഇതാണ് ബാലഗോപാലിന്റെ മറുപടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ബാലഗോപാലിനെ തോൽപ്പിച്ചാണ് പ്രേമചന്ദ്രൻ പാർലമെന്റിലേക്ക് എത്തിയതെന്നതാണ് വസ്തുത.

കേരളം ഉന്നയിക്കുന്ന പ്രശ്‌നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങൾക്ക് അർഹമായി നൽകേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്റേതാണ്. ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. 2022 ജൂൺ 30-ന് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്റെ ഭാഗമായും സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ജി എസ് ടി നഷ്ടപരിഹാരം അഞ്ചു വർഷം കൂടി ദീർഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു-ഇതാണ് ബാലഗോപാൽ പറയുന്നത്.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡും ഇതേ ആവശ്യം ഉന്നയിച്ചവരാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000 ത്തോളം കൂടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയർത്തുന്ന പ്രശ്‌നങ്ങൾ. കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത് . കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകൾ അതിന്റെ മുറക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നൽകിയതും. കേരളത്തിനർഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും അണിനിരക്കണം-ബാലഗോപാൽ പറഞ്ഞു. മറുപടിയിൽ ഏറെ സൂക്ഷ്മത ബാലഗോപാൽ പുലർത്തിയിട്ടുണ്ട്. ധനമന്ത്രി പറഞ്ഞ ചില വിമർശനങ്ങൾക്ക് മറുപടി നൽകുന്നില്ല.

കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത് ശ്രദ്ധേയമായ പല വസ്തുതകളുമാണ്. കേരളം അഞ്ചു വർഷമായി കൃത്യമായ രേഖ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ വിശദീകരിച്ചു. ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാൽ കേരളം അഞ്ചു വർഷമായിട്ട് ഇത് നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു. '2018 മുതൽ ഒരു വർഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തും', ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സർക്കാരിനോട് ചോദിക്കാനും എൻ.കെ.പ്രേമചന്ദ്രനോട് നിർമല നിർദ്ദേശിച്ചു. ഈ വാക്കുകൾക്ക് മറുപടി നൽകാതെയാണ് കേരളത്തിന്റെ ധനകാര്യമന്ത്രി മറുപടി പറയുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര മന്ത്രി ഉയർത്തിയ ചോദ്യങ്ങളിൽ ഇപ്പോഴും കേരളം മറുപടി പറയുന്നില്ലെന്നതാണ് വസ്തുത.

ലോക്‌സഭയിലെ പ്രതികരണത്തിൽ ആദ്യം സിപിഎം ഭാഗത്ത് നിന്ന് പ്രതികരിച്ചത് രാജ്യസഭാ അംഗമായ ജോൺ ബ്രിട്ടാസാണ്. എൻ കെ പ്രേമ ചന്ദ്രന്റെ ചോദ്യവും നിർമല സീതാരാമന്റെ ഉത്തരവും മാധ്യമങ്ങളുടെ പ്രചാരണവും ....! കാള പെറ്റുവെന്ന് കേൾക്കുന്നവർ കയറെടുക്കാൻ പോയാൽ സ്വന്തം കഴുത്തിൽ തന്നെ അത് പ്രയോഗിക്കേണ്ടിവരുമെന്നു ഓർത്തോണം . എൻ കെ പ്രേമ ചന്ദ്രൻ ചോദിക്കുന്നത് IGST Revenue Deficit Grant എന്നിവയെ കുറീച്ചായിരുന്നു നിർമലാ സീതാരമൻ പക്ഷേ മറുപടി പറയുന്നത് എ ജി യുടെ സർട്ടിഫിക്കറ്റിനെ കുറിച്ച് . എ ജി സർട്ടിഫിക്കേറ്റ് നൽകാത്തത് സർക്കാറിന്റെ അനാസ്ഥ എന്നാ രീതിയിൽ വലത് മാധ്യമങ്ങൾ വൻ വിവാദമുണ്ടാക്കുകയും ചെയ്തു.ഇതിന്റെ എ ബി സി ഡി അറീയാത്ത അവതാരകരും വിദഗ്ധരും ചേർന്ന് ഇന്നു രാത്രി ആടി തിമിർക്കുമെന്നുറപ്പാണ് IGST Revenue Deficit Grant എന്നിവ സംസ്ഥാന സർക്കാറീന് അനുവദിക്കുന്നതും എ ജി യുടെ സർട്ടിഫിക്കറ്റുമായി പുലബന്ധം പോലുമില്ല-ഇതായിരുന്നു ബ്രിട്ടാസ് പറഞ്ഞത്

എ ജി യുടെ സർട്ടിഫിക്കറ്റ് വേണ്ടത് ജി എസ് ടി കോമ്പൻസേഷൻ ലഭിക്കുന്നതിനു വേണ്ടിയാണ്. 2017-18 ജൂൺ മുതൽ 2022-23 ജൂൺ വരെ ജി എസ് ടി കോമ്പൻസേഷനായി ലഭിക്കേണ്ടത് 42639 കോടി രൂപ .ഇതു വരെ ലഭിച്ചത് 41779 കോടി രൂപ ഇനി ലഭിക്കേണ്ടത് 776 കോടി മാത്രം. നിർമല സീതാരാമൻ പറയുന്നത് ഇതു വരെ എ ജി യുടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല ലഭിച്ചാലുടൻ തുക നൽകുമെന്നുമാണ്. അപ്പോൾ എ ജിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ 41779 കോടി രൂപയും നൽകിയത്? ഇനി എ ജി സർട്ടിഫികേറ്റ് നൽകാത്തതിന് സംസ്ഥാന സർക്കാർ എന്തു പിഴച്ചു?എ ജി ആർ ബി ഐ,GSTN, കേന്ദ്ര റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് സർട്ടിഫികേറ്റ് നൽകുന്നത്.ഇതിൽ സംസ്ഥാന സർക്കാറിന് എന്തു കാര്യം? സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത് ജി എസ് ടി കോമ്പൻസേഷൻ അഞ്ചു വർഷത്തേക്ക് ദീർഘിപ്പിക്കാനും എ ജി യുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ബാക്കി കോമ്പെൻസേഷൻ നൽകാനുമാണ്.
എ ജി ക്ക് നിർദ്ദേശം നൽകാൻ സംസ്ഥാന സർക്കാറീനാണോ കേന്ദ്ര സർക്കാറിനാണോ കഴിയുക? കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി കേന്ദ്രസർക്കാരിന് തന്നെ കൊടുക്കുന്ന പണിയെകുറിച്ചാണ് കേന്ദ ധനമന്ത്രി വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ വാചാലമായത് .-ഇതാണ് ബ്രിട്ടാസ് വിശദീകരിച്ചത്.

അതുകൊണ്ട് തന്നെ നിർമ്മലാ സീതാരാമന്റെ പ്രസ്താവന വരും ദിനങ്ങളിലും ലോക്‌സഭയിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. അതിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ലോക്‌സഭയിൽ സിപിഎമ്മിന്റെ കേരളത്തിൽ നിന്നുള്ള അംഗമായ എംഎ ആരിഫ് ഈ വിഷയം ഉയർത്തുമോ എന്നതും നിർണ്ണായകമാണ്.