തിരുവനന്തപുരം: പി പി ദിവ്യ എന്ന സിപിഎം നേതാവിന് കേരളാ പോലീസിന്റെ പ്രത്യേക പരിഗണന ലഭിച്ച ദിവസമായിരുന്നു ഇന്നലെ. മറ്റു പ്രതികള്‍ക്കൊന്നും കിട്ടാത്ത ആനുകൂല്യങ്ങളാണ് ദിവ്യക്ക് ലഭിച്ചത്. ഇന്നലെ കസ്റ്റഡിയില്‍ എടുക്കുന്നത് മുതല്‍ അവര്‍ക്ക് പോലീസ് വാരിക്കോരി സഹായം നല്‍കി. ദിവ്യ പറഞ്ഞിടത്ത് എത്തിയാണ് പോലീസ് അവരെ കസ്റ്റഡിയില്‍ എടുത്തത്. കൂടാതെ ചാനല്‍ ക്യാമറകളുടെ കണ്ണുവെട്ടിക്കാനും എല്ലാ സഹായങ്ങളുമായി പോലീസ് ദിവ്യക്കൊപ്പം നിന്നു.

ഈ ദൃശ്യങ്ങളെല്ലാം ഇന്നലെ ചാനലുകള്‍ വഴി പ്രചരിച്ചിരുന്നു. ഇന്ന് പുറത്തിറങ്ങിയ കേരളാ കൗമുദിയുടെ കാര്‍ട്ടൂണും കേരളാ പോലീസിനെ പരിഹസിക്കുന്ന നിലപാടായിരുന്നു. ദിവ്യക്ക് വേണ്ടി പോലീസ് ഒത്തുകളിച്ചതിന പരിഹസിച്ചാണ് സുജിത്തിന്റെ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണില്‍ സിംഹാസനത്തില്‍ ഇരിക്കുന്ന ദിവ്യയെയാണ് ചിത്രീകരിച്ചത്. സ്ഥലത്തെ പ്രധാന ദിവ്യക്ക് ഓര്‍ഡര്‍ എടുക്കുന്ന പോലീസുകാരെയും കാര്‍ട്ടൂണില്‍ കാണാം. ഡിന്നറിന് അല്‍ഫാമോ തന്തൂരിയോ? കുടിക്കാന്‍ ജ്യൂസോ കരിക്കോ? എന്നു ചോദിക്കുന്നു പോലീസുകാര്‍. ഇതിനൊപ്പം ഒരു പോലീസുകാരന്‍ എസിക്ക് തണുപ്പ് കൂട്ടണോ അതോ കുറയ്ക്കണോ എന്ന ചോദിക്കുന്ന പോലീസുകാരനെയും കാണാം.

ദിവ്യയോടുള്ള കേരളാ പോലീസിന്റെ കരുതലിനെ അടിമുടി പരിഹസിച്ചു കൊണ്ടുള്ള കേരളാ കൗമുദി കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ആക്ഷേപ ഹാസ്യ കാര്‍ട്ടൂണില്‍ കേരളത്തില്‍ നിലവില്‍ ഒന്നാമെന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് സുജിത്ത്. നിശിദ വിമര്‍ശനങ്ങള്‍ അടങ്ങിയ സുജിത്തിന്റെ കാര്‍ട്ടൂണ്‍ മുമ്പും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇടക്കാലത്തിന് ശേഷമാണ് ശക്തമായ രാഷ്ട്രീയ വിമര്‍ശനം അടങ്ങിയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും.

നവീന്‍ ബാബു ആത്മഹത്യ ചെയ്‌പ്പോള്‍ മുതല്‍ പി.പി. ദിവ്യക്ക് പിന്നില്‍ തന്ത്രങ്ങള്‍ മെനയാല്‍ ആളുകള്‍ ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങളുള്ള ഈ സംഘം തന്നെയാണ് എല്ലാ തിരക്കഥകള്‍ ഒരുക്കിയതും. ഇന്നലെ കേരളാ പോലീസ് വഴി അതിന്റെ ക്ലൈമാക്‌സ് ഉണ്ടായി. പാര്‍ട്ടി ഒരുക്കിയ തിരക്കഥയില്‍ പൊലിസ് നിറഞ്ഞാടിയപ്പോള്‍ പി.പിദിവ്യയ്ക്ക് ലഭിച്ചത് വി.ഐ.പി പരിഗണനയായിരുന്നു. ഒടുവില്‍ ഒന്നിനെയും കൂസാതെ ചെറു ചിരിയോടെയാണ് ദിവ്യ അഴിക്കുള്ളില്‍ ആയത്.

തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ തന്നെ പ്രത്യേക അന്വേഷണ സംഘം ദിവ്യയുടെ ഇരിണാവിലെ വീട്ടിലെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കാവലിലായിരുന്നു ദിവ്യയുടെ വീട് ഇതിനു ശേഷം ചില ഉന്നത നേതാക്കളും പോലീസില്‍ കീഴടങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി എത്തി. കണ്ണൂരില പൊലിസ് സേനയില്‍ സി.പി.എമ്മിന്റെ വിശ്വസ്തരാണ് കൂടുതല്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ത്തിരുന്നു. മട്ടന്നൂര്‍ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ലേഖകനെ കസ്റ്റഡിയിലെടുത്ത അഞ്ച് പൊലിസുകാരെ സി.പി.എം നേതൃത്വത്തിന്റെ അപ്രീതിക്കിരയായതിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ സ്ഥലം മാറ്റിയിരുന്നു, ഇതുപൊലിസ് സേനയ്ക്കുള്ളില്‍ തന്നെ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെയാണ് എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുന്നത്. ഈ കേസ് അന്വേഷണം തുടക്കത്തില്‍ സി.പി.എം നേതൃത്വത്തിന്റെ അതീവ വിശ്വസ്തനായ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടെരിയെയാണ് ഏല്‍പ്പിച്ചതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. കണ്ണൂര്‍ എ.സി.പി ടി.കെ രത്നകുമാറും സിപി.എം നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്.

അതുകൊണ്ടു പി.പി ദിവ്യയെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കാണിക്കാതെ രഹസ്യമായി അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കാനുള്ള തന്ത്രമാണ് പൊലിസ് തുടക്കത്തിലെ സ്വീകരിച്ചത്. ദിവ്യയുടെ അറസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ തയ്യാറായിരുന്നില്ല. ദിവ്യക്കൊപ്പം ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ഉന്നത കേന്ദ്രത്തിലെ നേതാവും മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരാളും അടങ്ങുന്ന സംഘമായിരുന്നു ദിവ്യക്ക് ഒളിവു ജീവിതവും തന്ത്രങ്ങളും മെനഞ്ഞ് ഒപ്പം നിന്നത്.

കേസിന്റെ തുടക്കത്തില്‍ ഇവരുടെ നീക്കമെല്ലാം പൊളിഞ്ഞു. നവീന്‍ ബാബു മരിച്ചയുടന്‍തന്നെ പമ്പുടമ പ്രശാന്തിന്റെ പേരില്‍ തട്ടിക്കൂട്ടിയ പരാതി ആദ്യം പൊളിഞ്ഞു. പ്രശാന്തിന്റെ ഒപ്പിനു പുറമെ അദ്ദേഹത്തിന്റെ പേരുപോലും തെറ്റിച്ചായിരുന്നു ആ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ ആ പരാതി കിട്ടിയവരും കണ്ടവരുമില്ല. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഉന്നതനാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇന്നലെ പോലീസ് കസ്റ്റഡിയില്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ അടക്കം ദിവ്യക്ക് ഒപ്പം നിന്നത് പോലീസായിരുന്നു. പോലീസ് കസ്റ്റഡിയില്‍ ചിരിച്ചു കളിച്ചു കൊണ്ട് ദിവ്യ ജയിലിലേക്ക് പോകുകയും ചെയ്തു. റിമാന്‍ഡ് പ്രതിയെന്ന നിലയില്‍ ജയിലിലും ദിവ്യയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.