കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയ ഓണം ബംപര്‍ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍. കൊച്ചി നെട്ടൂരില്‍ നിന്ന് ടിക്കറ്റെടുത്ത ശരത്, ബാങ്കില്‍ ഹാജരാക്കി. കൊച്ചി നെട്ടൂരില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ശരത്. നെട്ടൂരിലെ ലതീഷിന്റെ കടയില്‍ നിന്നാണ് സമ്മാനാര്‍ഹമായ TH 577825 എന്ന നമ്പറുള്ള ടിക്കറ്റ് വാങ്ങിയത്.

നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാര്‍ത്ത വന്നെങ്കിലും ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാര്‍ഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

ലോട്ടറി അടിച്ചതില്‍ സന്തോഷമെന്ന് ശരത് എസ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'വീട്ടുകാര്‍ സന്തോഷത്തിലാണ്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസില്‍ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപര്‍ ലോട്ടറി എടുക്കുന്നത്. പണം ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം'- ശരത് എസ് നായര്‍ പറഞ്ഞു.

ഭാഗ്യദേവത കടാക്ഷിച്ചത് പാലക്കാടിനെയാണെങ്കിലും, ടിക്കറ്റ് വിറ്റുപോയത് എറണാകുളം ജില്ലയിലാണ്. പാലക്കാടുള്ള ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി കൊച്ചി വൈറ്റിലയില്‍ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹത നേടിയത്.

തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ആകെ വിറ്റുപോയത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ് (14.07 ലക്ഷം ടിക്കറ്റുകള്‍). വില്‍പ്പനയില്‍ രണ്ടാം സ്ഥാനം തൃശൂരിനും (9.37 ലക്ഷം ടിക്കറ്റുകള്‍) മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനും (8.75 ലക്ഷം ടിക്കറ്റുകള്‍) ലഭിച്ചു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും സമ്മാനം ലഭിക്കും. കൂടാതെ, വിവിധ സമ്മാനങ്ങളായി ലക്ഷക്കണക്കിന് രൂപയും മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.