തിരുവനന്തപുരം: സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം എന്ന ആവശ്യം ശക്തമായിട്ട് കാലം കുറേയായി. എന്നാൽ, ഇപ്പോഴും ഇക്കാര്യത്തിൽ കൃത്യമായ കണക്ക് സംസ്ഥാന സർക്കാറിന്റെ പക്കൽ ഇല്ലാത്ത അവസ്ഥയുണ്ട്. തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തതുപ്രകാരം 5.20 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. അനൗദ്യോഗിക കണക്കു പ്രകാരം 7.5 ലക്ഷം പേരും.

ഇതരസംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ആവാസ് പദ്ധതിയിലെ റജിസ്‌ട്രേഷനിലാണ് 5.20 ലക്ഷം എന്ന കണക്ക്. 25,000 രൂപ ചികിത്സാസഹായവും 2 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷയുമാണു പദ്ധതി പ്രകാരം ലഭിക്കുന്നത്. ഈ പദ്ധതിയിലെ റജിസ്‌ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

തൊഴിലാളികൾക്ക് നേരിട്ടു രജിസ്റ്റർ ചെയ്യാൻ കഴിയുന്ന മൊബൈൽ ആപ് 'അതിഥി' ഉടനെ തൊഴിൽവകുപ്പ് പുറത്തിറക്കും. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവാസ് പദ്ധതിയിൽ അംഗത്വവും ലഭിക്കും. നിലവിലുള്ള അതിഥി പോർട്ടൽ വഴി റജിസ്‌ട്രേഷൻ എളുപ്പമല്ലാത്തതിനാലാണ് ആപ് കൊണ്ടുവരുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ജോലിസ്ഥലത്തും ക്യാംപുകളിലുമൊക്കെ നേരിട്ടുചെന്നാണു നിലവിൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ ഇതരസംസ്ഥാന തൊഴിലാളികളുടെ റജിസ്‌ട്രേഷൻ ചെയ്യുന്നത്.

ആവാസ്പദ്ധതിയുടെ കാര്യം പറയുമ്പോഴാണു തൊഴിലാളികൾ റജിസ്‌ട്രേഷനു തയാറാകുന്നതും. എന്നാൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടുപിടിക്കാൻ തൊഴിൽ വകുപ്പിന് ഒരു മാർഗവുമില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരും കരാറുകാരും മുൻകയ്യെടുത്താൽ മാത്രമേ ഈ വിവരം തൊഴിൽ വകുപ്പിന് ലഭിക്കൂ. എന്നാൽ ഏജന്റിന്റെയോ കരാറുകാരുടെയോ സഹായമില്ലാതെ കേരളത്തിലെത്തി ഓരോ ദിവസവും ഓരോ സ്ഥലത്തു ജോലിക്കു പോകുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഇവർ ആരുടെയും കണക്കിൽപ്പെടുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പണിസ്ഥലത്തെ കരാറുകാർ പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നു ഡിജിപിയുടെ സർക്കുലർ ഉണ്ടെങ്കിലും അതും മിക്കയിടത്തും നടക്കുന്നില്ല.

സംസ്ഥാനത്ത് എവിടെ നോക്കിയാലും ഇതര സംസ്ഥാന തൊഴിലാളികളെ കാണാം. ഇവരിൽ കൂടുതലും ദിവസക്കൂലിക്കാണ് തൊഴിലെടുക്കുന്നത്. പറമ്പിലെ ജോലികൾ, കെട്ടിട നിർമ്മാണം, പാചകം, മുടിവെട്ട് തുടങ്ങി മാളുകളിലെ വലിയ സ്റ്റോറുകളിൽ വരെ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കാണാം. ഇവരിൽ പലരും സ്‌കിൽഡ് വർക്കേഴ്‌സ് അല്ലെന്നതാണ് യാഥാർത്ഥ്യം. ഇവരിൽ പലരും തൊഴിൽ പഠിച്ചെടുക്കുന്നതാണ്. കേരളത്തിലെ മികച്ച സാമൂഹികാന്തരീക്ഷവും, ഉയർന്ന വേതനവും ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തെ ഒരു ഗൾഫായി മാറുന്നതിന് കാരണമായി. ഒരു വർഷം കേരളത്തിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ 750 കോടി രൂപയാണ് സ്വന്തം നാട്ടിലേക്ക് ഇക്കൂട്ടർ കൊണ്ടുപോകുന്നത്.

കേരളത്തിൽ നഗരവൽക്കരണത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വലിയ പങ്കാണുള്ളത്. ഇവർക്ക് മികച്ച ജീവിത സൗകര്യങ്ങളും, സോഷ്യൽ സെക്യൂരിറ്റിയും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. വേതനത്തിൽ വലിയ വിവേചനം നേരിടുന്നു. ഒരു ഇതര സംസ്ഥാന തൊഴിലാളി ഒരു മാസം കേരളത്തിൽ നിന്നു നേടുന്നത് ശരാശരി 16,000 രൂപയാണ്. സ്വന്തം സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ വളരെ ഉയർന്ന തുകയാണ് ഇതെന്നതിനാൽ ഇവരെല്ലാം ഹാപ്പിയാണ്. കേരളത്തിലുള്ള തൊഴിലാളികൾക്ക് നൽകേണ്ടതിനേക്കാൾ വളരെ കുറഞ്ഞ തുക ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകിയാൽ മതിയെന്നതിനാൽ സംസ്ഥാനത്തെ തൊഴിലുടമകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മുൻഗണന നൽകുന്നു. അധികം അവധി ആവശ്യപ്പെടാതെ ജോലി ചെയ്യുമെന്നതും, പണിമുടക്ക് പോലുള്ള കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നു എന്നതും തൊഴിൽ നൽകുന്നവർക്ക് ഇവരോടുള്ള താല്പര്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

കോവിഡ് കാലത്ത് വലിയ ഒരു വിഭാഗം ഇതരസംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ കേരളത്തിലെ ഉയർന്ന വേതനം അവരെ തിരിച്ചു കൊണ്ടു വന്നു. പശ്ചിമ ബംഗാൾ, ആസാം, ഉത്തർ പ്രദേശ്, ബീഹാർ, ഒഡീഷ, ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ തൊഴിലാളികൾ കേരളത്തിലുള്ളത്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ 96 ശതമാനവും ഷെയറിങ് അടിസ്ഥാനത്തിലാണ് താമസിക്കുന്നത്. 39 ശതമാനം ആളുകൾ താൽക്കാലിക വീടുകളിൽ താമിസിക്കുന്നു. ഇവരിൽ 93 ശതമാനം ആളുകളും ടോയ്‌ലറ്റ് ഷെയർ ചെയ്താണ് ഉപയോഗിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികൾ ഉള്ളത് എറണകുളം ജില്ലയിലാണ്. ഏതാണ്ട് ആറ് ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് ജില്ലയിൽ മാത്രമുള്ളത്. എറണാകുളം ജില്ലയിലെ പെരുംബാവൂരാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ അപ്രഖ്യാപിത തലസ്ഥാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റ ഇടനാഴി ആയാണ് മുർഷിദാബാദ് എറണാകുളം, ദോഗാവ് എറണാകുളം എന്നിവ അറിയപ്പെടുന്നത്.