- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം തിരഞ്ഞ അന്നത്തെ ഭാഗ്യവാൻ മരട് സ്വദേശി ജയപാലൻ; ഇത്തവണയും ഭാഗ്യത്തിന്റെ കൈപിടിച്ചത് ഒരു ഓട്ടോ ഡ്രൈവർ; ഒരു രാത്രി പിന്നിടുമ്പോൾ ആ ഭാഗ്യം ശ്രീവരാഹം സ്വദേശി അനൂപിന്റെ വീട്ടുമുറ്റത്ത്; ലോട്ടറി അടിച്ചിട്ടും ഓട്ടോ ഓടിക്കൽ നിർത്തിയില്ലെന്ന് ജയപാലനും
തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഓണം ബംമ്പറിന്റെ രൂപത്തിൽ ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയെത്തിരിക്കുന്നത്. മറ്റൊരു കൗതുകം കൂടിയുണ്ട് ഇത്തവണത്തെ ഒന്നാം സ്ഥാനക്കാരന്. കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഇത്തവണയും ഭാഗ്യം തേടിയെത്തിയത് ഒരു ഓട്ടോ ഡ്രൈവറെയാണ് എന്നത് തന്നെ. കഴിഞ്ഞ വർഷത്തെ ഓണം ബംബർ 12 കോടിയടിച്ചത് ഓട്ടോ ഡ്രൈവറായ മരട് സ്വദേശി ജയപാലനായിരുന്നു.
ഇത്തവണ TJ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. ശനിയാഴ്ച വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ആ ഭാഗ്യം അനൂപിന്റെ വീട്ടുമുറ്റത്ത് എത്തി എന്നു ചുരുക്കും.
മുപ്പതുകാരനായ അനൂപിന്റെ വീട്ടിൽ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി നടത്തുകയാണ്. സഹോദരിയിൽനിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.
കഴിഞ്ഞ തവണ ഓണം ബംമ്പർ നറുക്കെടുപ്പ് കഴിഞ്ഞതോടെ ഒന്നാം സ്ഥാനക്കാരനായ ഭാഗ്യശാലിയെ കേരളം ഒന്നടങ്കം തെരഞ്ഞിരുന്നു. ഇതിനിടെ ഓണം ബമ്പർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തി. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി അവകാശപ്പെട്ടത്.
ഒടുവിൽ ജയപാലൻ ടിക്കറ്റ് ബാങ്കിൽ ഹാജരാക്കിയതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരമാമമായത്. ടിവിയിൽ വാർത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. എന്നാൽ പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പോലും പറഞ്ഞത്. ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നൽകിയ രസീതും ജയപാലൻ മാധ്യമങ്ങളെ കാണിച്ചിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാൻസി നമ്പറായ സമ്മാനർഹമായ ടിക്കറ്റും ജയപാലൻ എടുക്കുകയായിരുന്നു. ഈ ടിക്കറ്റാണ് ഭാഗ്യം വീട്ടിലെത്തിച്ചത്.
ഭാഗ്യദേവത ഇത്തവണ കനിഞ്ഞവരോട് കഴിഞ്ഞ തവണത്തെ ബംമ്പർ ഭാഗ്യവാനായ ജയപാലന് നൽകാൻ ഉപദേശവുമുണ്ട്. പണം കൈയിൽ എത്തിയാൽ കരുതലോടെ വേണം മുന്നോട്ട് പോകാനെന്ന് ജയപാലൻ തന്റെ അനുഭവം മുൻനിർത്തി പറയുന്നു. ബംബറടിച്ചാൽ പണം തുടക്കത്തിലേ മുഴുവനും ചെലവാക്കരുത്. വരവും ചെലവും കൃത്യമായി മനസ്സിലാക്കുക, കണക്ക് സൂക്ഷിക്കുക..
ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പ് കഴിഞ്ഞ് മുപ്പത്തിയഞ്ചാം ദിവസമാണ് പണം അക്കൗണ്ടിലെത്തിയത്. 7.44 കോടി രൂപയാണ് കിട്ടിയത്. മക്കളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു, സ്ഥലം വാങ്ങി. ഒരുപാട് പേരെ സഹായിക്കാനായി.
ബംബർ അടിച്ചെന്ന് കരുതി ഓട്ടോ ഓടിക്കൽ നിർത്തിയിട്ടില്ല ജയപാലൻ. ഓട്ടോ ഡ്രൈവറായ ജയപാലൻ ഇന്നും ഓട്ടോ ഓടിച്ച് തന്നെയാണ് ജീവിക്കുന്നത്. പഠിച്ച തൊഴിൽ ഓട്ടോ ഓടിക്കലാണ്. അത് ഒഴിവാക്കാൻ താൽപര്യമില്ലായിരുന്നു. ബംബറടിച്ചതോടെ നൂറുകണക്കിന് ആളുകൾ സഹായം ചോദിച്ചുവന്നിരുന്നു. പൈസ ചോദിച്ചിട്ട് കൊടുക്കാത്തപ്പോൾ പലരുടേയും ശത്രുവായി മാറിയെന്ന് ജയപാലൻ പറഞ്ഞു.
പുതിയ ഭാഗ്യശാലികൾക്ക് നൽകാൻ ജയപാലന് ഒരു ഉപദേശവുമുണ്ട്. പണം വന്നാൽ രണ്ട് വർഷത്തേക്ക് കൂടുതൽ പണമിടപാടുകൾ നടത്തരുത്. വരവ് ചെലവ് അറിഞ്ഞതിന് ശേഷം മാത്രം ചെലവാക്കുക. ധൂർത്ത് ഒഴിവാക്കി ജീവിക്കുക. പണം വരുമ്പോൾ മനുഷ്യന്മാർക്ക് പല സ്വഭാവവും വരും. അങ്ങനെ പോകാതിരിക്കുക. ബുദ്ധിപൂർവം ചെലവ് നടത്തുകയെന്ന് അദ്ദേഹം പറയുന്നു
രണ്ടും മൂന്നും സമ്മാനക്കാരൻ കോട്ടയത്ത്
ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികൾ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകിൽ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അർഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേർക്ക്. 90 പേർക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നൽകുന്നത്.
തിരുവനന്തപുരം ഗോർഖി ഭവനിൽ, ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഓണം ബംപർ നറുക്കെടുത്തത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽനിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാലായിൽ ലോട്ടറി വിൽപന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.
മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകൾക്കാണു മൂന്നാം സമ്മാനം. ഇതിൽ TD 545669 എന്ന ടിക്കറ്റും വിറ്റത് കോട്ടയത്തുനിന്നാണ്. ഭാഗ്യലക്ഷി ലക്കി സെന്റ്റിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. ടിക്കറ്റ് വിൽപനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. പാലക്കാട് മാത്രം 10 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടി 500 രൂപയാക്കിയിട്ടും ടിക്കറ്റ് വിൽപന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടന്നു. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലായിരുന്നു വിൽപന.
ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ നേരിട്ടോ സമർപ്പിക്കണം.
ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ