തിരുവനന്തപുരം:പൊലീസ് അതിക്രമങ്ങൾ സംസ്ഥാനത്ത് വർദ്ധിക്കുമ്പോൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് 10 പേർ. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 25 പൊലീസ് ഉദ്യോസ്ഥരിൽ 22 പേർക്കെതിരെയാണ് നടപടി സ്വികരിച്ചത്. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതോടെ ഇവരെയെല്ലാം തിരികെ സർവിസിൽ തിരിച്ചെടുത്തു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ.

സസ്‌പെൻഷൻ കാലം പല പൊലീസ് ഉദ്യോഗസ്ഥർക്കും സുഖവാസകാലമാണ്. പൊലീസുകാർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ അന്വേഷിക്കുന്നതും പൊലീസ് തന്നെയാണ്. അവർക്കെതിരെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതും പൊലീസ് തന്നെ.സസ്പെന്റ് ചെയ്യപ്പെട്ട വാർത്ത വരുന്നതോടെ മിക്കവാറും ഇരകൾക്ക് തൃപ്തിയാവും. സസ്‌പെൻഷനിലായ പൊലീസുകാർക്ക് ഉപജീവന ബത്ത നൽകണം. അജയ് കുമാർ ചൗധരി (Ajaykumar Choudhary Vs Union of India) കേസിലെ സുപ്രീം കോടതി ഉത്തരവു പ്രകാരം സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് 3 മാസത്തിനുള്ളിൽ കുററപത്രം നൽകണം. അല്ലങ്കിൽ തിരിച്ചെടുക്കണം. 3 മാസത്തിനിടെ കുറ്റപത്രം നൽകൽ ഒരിക്കലും സംഭവിക്കില്ല. അതോടെ തിരിച്ചെടുക്കും. മിക്കവാറും കേസുകളിൽ അതിനു മുൻപെ തിരിച്ചെടുക്കും.

വെറുതെ എന്തിനാണ് ഉപജീവന ബത്ത നൽകുന്നത് എന്ന വാദമുയരുന്ന തോടെയാണിത്. അന്തിമമായി അയാളെ വെറുതെ വിടും. അപ്പോൾ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടിവരും. ഒരു ജോലിയും ചെയ്യാതെ അയാൾ ശമ്പളം കൈപ്പറ്റും. അതിനാൽ സസ് പെൻഷൻ കാലം പൊലീസുകാർക്ക് സുഖവാസകാലമാണ്. വീട്ടുകാർക്കും സന്തോഷം. മിക്കവാറും പൊലീസുകാർ കുടുംബ സമേതം വിനോദയാത്ര പോകുന്നത് സസ്‌പെൻഷൻ കാലത്താണ്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് യഥാർഥത്തിൽ സർക്കാർ തന്നെയാണ്.

പൊലീസിന്റെ മൂന്നാം മുറ നിയമവിരുദ്ധമാണ്. പൊലീസ് പൗരന്മാരെ അകാരണമായി മർദ്ദിക്കുകയോ പരിക്കേൽപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. അത്തരം കേസുകളിൽ പൊലീസിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതിൽ വിധി വരുന്നതു വരെ അയാളുടെ സസ്‌പെൻഷൻ കാലം ക്രമീകരിക്കരുത്. പ്രൊമോഷൻ ഉൾപ്പെടെ തടഞ്ഞുവയ്‌ക്കേണ്ടതുണ്ട്. ഈ രീതിയിൽ ചട്ടങ്ങൾ ഭേദഗതി ചെയ്താൽ പൊലീസ് അതിക്രമവും കസ്റ്റഡി മരണവും ഗണ്യമായി കുറയും.

താനൊരു ലോക്കപ്പ് മർദ്ദനത്തിന്റെ ഇരയാണെന്ന് സ്ഥിരം പറയാറുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 1977 മാർച്ച് 30ന് അദ്ദേഹം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തനിക്ക് ലോക്കപ്പിൽ നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രക്തം പുരണ്ട വസ്ത്രങ്ങളൊക്കെ സഭയിൽ കൊണ്ട് വന്ന് പ്രദർശിപ്പിച്ച പിണറായി ഭരിക്കുമ്പോഴാണ് ലോക്കപ്പുകൾ മുമ്പെങ്ങുമില്ലാത്ത വിധം കൊലയറകളായി മാറുന്നത്.പൊലീസിന് മേൽ യാതൊരു നിയന്ത്രണവുമില്ലാത്ത കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രിയാണെന്ന് നിത്യവും തെളിയിച്ചു കൊണ്ടിരിക്കയാണ് പിണറായി . പൗരന്റ ജീവനും സ്വത്തിനും ഒരു സുരക്ഷയും നൽകാത്ത പൊലീസാണിവിടെയുള്ളത് .

പി എഫ് ഐ നടത്തിയ ഹർത്താലിൽ പൊലീസ് നിഷ്‌ക്രിയരായി വെറും കാഴ്ചക്കാരായി നിൽക്കയായിരുന്നുവെന്നാണ് ഹൈക്കോടതി പറഞ്ഞത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാണ്ട് പത്ത് പേരെ എങ്കിലും അന്യായമായി തടവിലാക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തതിന്റെ റിപ്പോർട്ടുകൾ ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.
കേരളാ പൊലീസിലെ ക്രിമിനലുകളായ പൊലീസുകാർക്കെല്ലാം പൊതുവായ ഒരു പശ്ചാത്തല മുണ്ട്. സർവീസിൽ കേറുന്നതിന് മുന്നേ ഇവരെല്ലാം SFI / DYFI / CPM ഗുണ്ടകളായിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ SFI ഗുണ്ടകളും കുത്ത് കേസു പ്രതികളുമായ ശിവരഞ്ജിത്തും നസീമും പി എസ് സി നടത്തിയ പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കും 28 ആം റാങ്കും നേടിയത് നമ്മൾ കണ്ടതാണ്. സി പി എം വളരെ ആസൂത്രിതമായി നടത്തുന്ന പദ്ധതിയാണിത്. പാർട്ടി ഗുണ്ടകൾ പൊലീസ് ഗുണ്ടകളായി പരിണാമം പ്രാപിക്കയാണ് . രണ്ട് കൊല്ലം മുമ്പ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട ഇത്തരമൊരു പാർട്ടി ഗുണ്ടയും പൊലീസ് ക്രിമിനലുമായ NG ശ്രീമോനെന്ന സർക്കിൾ ഇൻസ്‌പെക്ടറെ ഒരു മാസം മുമ്പ് പിണറായി സർവ്വീസിൽ തിരിച്ചെടുത്തു . 30 ക്രിമിനൽ കേസിൽ പ്രതിയായ ഇയാളെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഐജി H വെങ്കിടേശ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് 2020ൽ പിരിച്ചുവിട്ടത്.

തൊടുപുഴ സി ഐ ആയിരുന്ന കാലത്ത് സ്റ്റേഷനിലെത്തുന്നവരെ ക്രൂരമായി മർദ്ദിക്കുകയും അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും, കള്ളത്തെളിവുണ്ടാക്കി വ്യക്തികളെ ലോക്കപ്പിലാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇടുക്കിയിലെ CPM നേതാക്കളുടെ വേണ്ടപ്പെട്ടവനായിരുന്നു ഇയാൾ. MM മണിയുടെ ശിങ്കിടി. ഇയാളെ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിയുടെ വേണ്ടപ്പെട്ടവനായ ADGP വിജയ് സാക്കറെയെക്കൊണ്ട് ഒരു തട്ടിക്കൂട്ട് അന്വേഷണ റിപ്പോർട്ടുണ്ടാക്കി ശ്രീമോനെ തിരിച്ചെടുത്തു. ഈ തട്ടിക്കുട്ട് റിപ്പോർട്ടിൽ പോലും സാക്കറെ ഒരു കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെയുള്ള 30 കേസുകളിൽ 18 എണ്ണം അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട് .

ഈ പാർട്ടി - പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ മാസം കാസർകോട് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. ലോക്കപ്പ് മർദ്ദനം, പിടിച്ചു പറി, കള്ളത്തെളി വുണ്ടാക്കൽ, ചെക്ക് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ഭൂമി തട്ടിയെടുക്കൽ എന്നു വേണ്ട ഒരു മാതിരി ഗുണ്ടകൾ ചെയ്യുന്ന എല്ലാ പണിയും ഈ കാക്കിക്കുപ്പായക്കാരൻ ചെയ്യുന്നുണ്ടെന്നാണ് ADGP യും പറയുന്നത്.ഈ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ADGP പറഞ്ഞ ന്യായമാണ് ഏറെ വിചിത്രം - ' സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ പ്പെട്ട ആളായതുകൊണ്ട് തിരിച്ചെടുക്കാമെന്നാണ് ' . ക്രിമിനൽ പുള്ളിയെ സേനയിലേക്ക് തിരിച്ചെടുക്കുന്നതിന് ക്രമസമാധാന ചുമതലയുള്ള ADGP ജാതിയെ കൂട്ടു പിടിച്ചിരിക്കയാണ്. സർവ്വീസിലിരുന്ന് ബാക്കി കേസുകൾ ഒതുക്കാനുള്ള അവസരം പിണറായിയും പാർട്ടിയും ചെയ്തു കൊടുക്കുമെന്നുറപ്പാണ്. പാർട്ടി പിന്തുണ ഉണ്ടെങ്കിൽ എത് ഗുണ്ടക്കും പൊലീസിൽ എന്തും ചെയ്യാം.

കിളികൊല്ലൂരിലെ പൊലീസ് പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന DIG തന്നെ കുപ്രസിദ്ധമായ ലോക്കപ്പ് പീഡന ക്കേസിലെ മുഖ്യ പ്രതിയാണ്. DIG നിശാന്തിനി തൊടുപുഴ ACP ആയിരുന്ന കാലത്ത് വ്യാജ പീഡന പരാതി ഉണ്ടാക്കി ബാങ്ക് മാനേജരായിരുന്ന പേഴ്‌സി ജോസഫിനെ ലോക്കപ്പിലിട്ട് മർദ്ദിച്ച് അവശനാക്കിയ വ്യക്തിയാണ്. ഇതിനെ പേഴ്‌സി നൽകിയ കേസിൽ തിരിച്ചടി ഉണ്ടാവുമെന്നായപ്പോൾ ഹൈക്കോടതി മീഡിയേഷൻ സെന്ററിന്റെ നിർദ്ദേശപ്രകാരം 18. 5 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് കേസ് ഒത്തുതീർപ്പാക്കി.

നിശാന്തിനിയും കൂട്ടരും നടത്തിയ മർദ്ദനത്തെത്തുടർന്ന് മാസങ്ങളോളം അയാൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നു. സാദാ കോൺസ്റ്റബിൾ മുതൽ DGP വരെ കൊടും ക്രിമിനലുകൾ വാഴുന്ന ഇടമായി മാറിയിട്ടുണ്ട് കേരള പൊലീസ് . കുറ്റക്കാർക്കെതിരെ സർക്കാർ മാതൃകാ പരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നില്ല. തട്ടിപ്പുകാരനായ മോൺസൻ മാവുങ്കലിന്റെ വീടിന് സുരക്ഷ ഒരുക്കുകയും അയാളുടെ തട്ടിപ്പിന് സകല ഒത്താശയും ചെയ്തത് DGP ബെഹ്‌റയായിരുന്നു. പിണറായി ബഹ്‌റയെക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയില്ല. റിട്ടയർ ചെയ്തിട്ടും പുതിയ താവളം ഒരുക്കിക്കൊടുത്തു .

പിണറായിയുടെ 6 വർഷത്തെ ഭരണകാലത്ത് 18 ലോക്കപ്പ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഈ വർഷം മാർച്ച് 22 ന് നൽകിയ മറുപടിയിൽ പറയുന്നുണ്ട്. ഫെബ്രുവരി 28 വരെ യുള്ള കണക്കാണ്. പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളില്ലാത്ത ഒരു ദിവസം പോലും ഇല്ല എന്നായിട്ടുണ്ട് കേരളത്തിൽ .