തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം വ്യാപകമാകുമ്പോൾ മറനീക്കി പുറത്ത് വരുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ കൂട്ട്കെട്ട്. മുൻപ് കാലത്ത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് പോലും ഗുണ്ടകൾ ഭീഷണിയായിരുന്ന കാലം തിരുവനന്തപുരത്തിന്റെ ഓർമ്മയിലുണ്ട്. എന്നാൽ പതിയെ പതിയെ ആ സ്ഥിതിക്ക് മാറ്റം വരികയായിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി തലസ്ഥാന നഗരിയിൽ സംഭവിക്കുന്ന അക്രമങ്ങൾ ആ പഴയകാലത്തെ വീണ്ടും ജനങ്ങളുടെ ഓർമ്മയിലേക്കെത്തിക്കുകയാണ്. മൂന്ന് ഡിവൈഎസ്‌പിമാർക്കെതിരെ പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അവർക്ക് ഇനി എന്ത് സംഭവിക്കുമെന്നതാണ് നിർണ്ണായകം.

കയറൂരി വിട്ടതുപോലെ ഗുണ്ടകൾ വിളയാടുമ്പോൾ അതിനൊക്കെ മൗനാനുവാദം പൊലീസിലെ ഉന്നതന്മാർ നൽകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.പൊലീസിനെതിരെ പരാതി വ്യാപകമാവുകയും അതിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് ഇപ്പോൾ പൊലീസുകാർക്കെതിരെ നടപടി വരുന്നത്.പൊലീസുകാർക്കെതിരെ നടപടി വരുന്ന ഘട്ടത്തിലാണ് ഗുണ്ടകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതൽ കഥകൾ പുറത്ത് വരുന്നതും.

വർഷങ്ങൾക്ക് മുൻപ് കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ പ്രതിമ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധം നേരിടാൻ ഉന്നത പൊലീസ് അധികാരികൾ നാട്ടിലെ പ്രധാന ഗുണ്ടകളെ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുകളാണ് ഇതിലെ ഏറ്റവും പുതിയ സംഭവം.സ്ഥലത്ത് പൂജ ചെയ്യുന്ന സ്ത്രീയെ സംഘം ചേർന്നെത്തിയ കുറച്ചാളുകൾ ദേഹോപദ്രവും ഏൽപ്പിച്ചതായും പുജയും അനുബന്ധ ച്ചടങ്ങുകളും മുടക്കി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ തന്നെ വെളിപ്പെടുത്തുന്നു.തങ്ങൾ പൊലീസിൽ പരാതിപ്പെട്ടപ്പോൾ പൊലീസ് സ്ഥലത്തെത്തി സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായെന്നും കണ്ണിൽ കണ്ടവരെയൊക്കെ പിടിച്ചുകൊണ്ടുപോയതായും പറയുന്നു.

സ്ഥലത്തെ കുട്ടികളെയൊക്കെ കോളേജിലും സ്‌കൂളിലുമൊന്നും പോകാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതായും പ്രദേശത്തെ സ്വൈര്യജീവിതം പോലും ഗുണ്ടസംഘങ്ങൾ ഇല്ലാതാക്കിയതായും പൊലീസിന്റെ പിന്തുണയാണ് ഇവർക്ക് കരുത്തായതെന്നും പ്രദേശവാസികൾ പറയുന്നു.പ്രശ്നങ്ങൾ ഇങ്ങനെ വർധിക്കുന്നതിനിടയിലാണ് ഒരു ദിവസം പുലർച്ചെ സ്വാമികളുടെ പ്രതിമ കാണാതായത്.പൊലീസിനോട് പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടായില്ലെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

പുത്തൻപാലം രാജേഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് അന്ന് നാട്ടുകാരെ നേരിട്ടത്.വടിവാൾ വീശി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും ചെയ്തുവെന്നും ഇവർ ഓർത്തെടുക്കുന്നു.ഇത്തരത്തിൽ ഗുണ്ടകൾക്ക് പൊലീസ് തണലാകുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വ്യാപകാമുമ്പോഴാണ് മുഖം മിനുക്കാനെന്ന പേരിൽ പൊലീസിൽ ആഭ്യന്തര വകുപ്പ് ശുദ്ധികലശത്തിനൊരുങ്ങുന്നത്.സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും.തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്‌പിമാർക്കെതിരെയും നടപടി വരും.

ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതർക്കങ്ങൾക്ക് ഇടനില നിൽക്കുക, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക, അവിഹിത ബന്ധങ്ങൾ.സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പൊലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ തൊട്ടുപിന്നാലെ സേനയിൽ നിന്നു തന്നെ ചോർന്നു കിട്ടുന്നതോടെ ഗുണ്ടകൾക്ക് അഴിഞ്ഞാടാം.ഇന്നലെ സസ്പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്ഐക്കും ഡിവൈഎസ്‌പിക്കുമെതിരായ ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടിയിരുന്നു.

പക്ഷെ ഇവരെയൊന്നും തൊടാതെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു.ഒടുവിൽ മുഖ്യമന്ത്രി സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന തന്നെ തലക്കടിച്ച് കിണറ്റിലിട്ടതോടെയാണ് നാണക്കേട് മാറ്റാൻ സർക്കാർ ശുദ്ധികലശത്തിന് തുടക്കമിട്ടത്. മണ്ണ് മാഫിയയും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരിലാണ് മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരേയും സ്ഥലംമാറ്റുന്നത്. മംഗലപുരം സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ രണ്ട് തവണ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസിനുണ്ടായത് ഗുരുതരവീഴ്ചയാണെന്ന വിമർശനം ഉയർന്നിരുന്നു.

പൊലീസിന് നേരെ ബോംബെറിഞ്ഞതിന് പിടിയിലായ ഷെമീർ സ്റ്റേഷനകത്ത് വെച്ച് ബ്ലേഡ് കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മുങ്ങിയ ഷെഫീക് പിന്നെ മോഷണം നടത്തി മുഖ്യമന്ത്രി സ്പെഷ്യൽ പിഎസിന്റെ സഹോദരനയെും ആക്രമിച്ചു. നാട്ടുകാരാണ് ഒടുവിൽ ഷെഫീഖിനെ പിടികൂടി പൊലീസിനെ ഏല്പിച്ചത്. മംഗലപുരം എസ്എച്ച്ഒ സജേഷിനെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവല്ലത്ത് സസ്പെൻഷനിലായ എസ്ഐ സതിഷ്, സാമ്പത്തിക തർക്കങ്ങൾ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കാറാണ് പതിവ്. തലസഥാനത്തെ പുതിയ സാഹചര്യം പരിഗണിച്ചായിരിക്കും സംസ്ഥാന വ്യാപകമായുള്ള എസ്എച്ച്ഒമാരുടെ മാറ്റത്തിനുള്ള തീരുമാനം. മൂന്ന് ഡിവൈഎസ് പിമാർക്കെതിരേയും നടപടി വന്നേക്കും.

നടപടികൾ കടുപ്പിക്കുന്നതിന്റെ ഗുണ്ടാ ബന്ധമുള്ള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. അതിനിടെ രഹസ്യവിവരങ്ങൾ നൽകേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലിൽ പങ്കെടുത്തുവെന്ന ആരോപണം അന്വേഷിക്കും.

തലസ്ഥാന ഗുണ്ടാ- പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്‌പിമാർക്കും ഇൻസ്പെക്ടർമാർക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം. ഇന്റലിജൻസ് എഡിജിപിയുടെ നിർദ്ദേശ പ്രകാശം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ര്മാരുടെയും ഡിവൈഎസ്‌പിമാരുടെയും റിപ്പോർട്ടുകൾ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്മാരുടെയും പ്രവർത്തനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. ജില്ലാ സെപ്ഷ്ൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാർ റിപ്പോർട്ട് തയ്യാറാക്കണം.

അതേസമയം ജില്ലാകളിൽ ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസുാകരെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ചില ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിമാർ വീഴ്ചവരുത്തുന്നുണ്ടെന്ന വിലയിരുത്തൽ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അതിനാൽ ജില്ലാ പൊലീസ് മേധാവിമാരുടെയും സ്പെഷ്യൽ ബരാഞ്ച് ഡിവൈഎസ്‌പിമാരുടെയും യോഗം വൈകാതെ വിളിക്കും. പൊലീസുകാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി തന്നെ ആരോപണ വിധേയനായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിക്കുന്നത്.

അതേസമയം തിരുവനന്തപുരം നഗരത്തിലും- മംഗലപുരത്തുമുണ്ടായ. ഗുണ്ടാ ആക്രമണങ്ങളിൽ ഗുണ്ടാനേതാക്കൾ ഉൽപ്പെടെ ഒളിവിലുള്ള പ്രതികളെ പിടികൂടാൻ പൊലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. പാറ്റൂർ കേസന്വേഷിച്ചിരുന്നു ഉദ്യോഗസ്ഥനും മംഗലപുരം എസ്എച്ച്ഒയും സസ്പെൻഷനിലായതോടെ പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ പകരം നിയമിക്കേണ്ടതുണ്ട്.