- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല
തിരുവനന്തപുരം: പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല. പൊലീസുകാരിലെ മാനസിക സമ്മർദ്ദവും അത്മഹത്യാ പ്രവണതയുമെല്ലാം ചർച്ചയാകുമ്പോൾ ഓഫ് തടയരുതെന്ന നിർദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി എത്തുന്നു. സാധാരണ നിലയിൽ അർഹതയുള്ള അവധി. ആറുദിവസം ജോലിചെയ്താൽ ഏഴാംദിവസം ഡേ ഓഫ്.
എന്നാൽ ഈ അവകാശം അട്ടിമറിക്കുംവിധമുള്ള മേലുദ്യോഗസ്ഥരുടെ നടപടി ചർച്ചയായതിനെത്തുടർന്നാണ് പൊലീസ് മേധാവി ഡോ. ദർവേശ് സാഹേബ് എല്ലാ യൂണിറ്റ് മേധാവിമാർക്കും നിർദ്ദേശം നൽകിയത്. ഡേ ഓഫ് അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥരെ അടിയന്തരഘട്ടം ഉണ്ടായില്ലെങ്കിലും ജോലിക്ക് വിളിച്ചുവരുത്തുന്നതിനെതിരേയാണ് നിർദ്ദേശം. മേലുദ്യോഗസ്ഥർക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കാനായി ഓഫ് പോലും നിഷേധിക്കുന്നുവെന്ന ആരോപണം പല കോണുകളിലും ഉയർന്നു.
നിരവധി പേരുടെ ആത്മഹത്യയിലും ജോലി സമ്മർദ്ദം പൊലീസിൽ ചർച്ചയായി. സിവിൽ പൊലീസ് ഓഫീസർമാർമുതൽ എഎസ്ഐ. വരെയുള്ള ഉദ്യോഗസ്ഥർക്ക് ഡേ ഓഫ് ആനുകൂല്യമുണ്ട്. മിക്കപ്പോഴും ഈ അവധിയെടുക്കാൻ പൊലീസുകാർക്ക് കഴിയാറില്ല. അപ്രതീക്ഷിത ഡ്യൂട്ടിയുടെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുക പതിവാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് മേധാവിയുടെ ഉത്തരവ്.
ഡേ ഓഫ് ദിനത്തിൽ ജോലിക്കെത്തിയാൽ സി.പി.ഒ.യ്ക്ക് 400 രൂപ, എസ്.സി.പി.ഒ.യ്ക്ക് 450 രൂപ, എഎസ്ഐ.ക്ക് 500 രൂപ എന്നിങ്ങനെ നൽകണം. പല ഉദ്യോഗസ്ഥരും തുടർച്ചയായ ജോലിക്കിടെ ഈ തുക വേണ്ടെന്നുവച്ചാണ് ഡേ ഓഫ് എടുക്കാറ്. പൊലീസ് ആസ്ഥാനത്ത് നടന്ന കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ വിഷയം വീണ്ടും ചർച്ചയായിരുന്നു.
ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഡേ ഓഫ് ഒഴിവാക്കി ഉദ്യോഗസ്ഥരെ ജോലിക്ക് തിരികെ വിളിക്കാവൂവെന്നാണ് നിർദ്ദേശം. ക്രമസമാധാനപാലനത്തിനോ, അപ്രതീക്ഷിതസംഭവങ്ങൾക്ക് മുഴുവൻ ഉദ്യോഗസ്ഥരെയും ആവശ്യം വന്നാലോ, മുഴുവൻസമയവും ഉദ്യോഗസ്ഥൻ ജോലിചെയ്യേണ്ടുന്ന സന്ദർഭം ഉണ്ടായാലോ മാത്രമേ ഡേ ഓഫ് ഒഴിവാക്കി ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാവൂവെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ ഡേ ഓഫ് ദിനത്തിൽ ജോലിചെയ്തതിന്റെ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഡേ ഓഫ് തടയുന്നത് പ്രവർത്തനത്തെ ബാധിക്കുമെന്നും പൊലീസ് മേധാവി ഓർമ്മിപ്പിച്ചു. അനീതിയുണ്ടായാൽ പൊലീസുകാർക്ക് ഇക്കാര്യത്തിൽ ഡിജിപിക്ക് പരാതി നൽകാം. ഇതിന് കൂടി വേണ്ടിയാണ് നിർദ്ദേശം നൽകുന്നത്.