തിരുവനന്തപുരം: പൊലീസ് ഉന്നതതല യോഗം ഇന്നു ചേരുന്നത് സർവ്വത്ര അഴിച്ചു പണിയുടെ സൂചനയുമായി. പൊലീസിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിയായ പിണറായി വിജയൻ തീർത്തും അതൃപ്തിയിലാണ്. സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധവും ഉൾപ്പെടെ പൊലീസിനെ വെട്ടിലാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഇതെല്ലാം ചർച്ച ചെയ്യാനാണ് പൊലീസ് ഉന്നത തല യോഗം.

പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ വിരമിക്കൽ മാസമാണ് ഇത്. സർക്കാരിന് ഒരു കൊല്ലം കൂടി കാലാവധി നീട്ടി നൽകാനാകും. എന്നാൽ ഇതിന് സർക്കാർ തത്വത്തിൽ തീരുമാനം എടുത്തെങ്കിലും ഔദ്യോഗിക നടപടികൾ തുടങ്ങിയില്ല. ഇതിനിടെയാണ് യോഗം. പൊലീസ് ആസ്ഥാനത്താണു യോഗം. അടുത്തിടെ ഗുണ്ടകൾ കേരളത്തിൽ അഴിഞ്ഞാടിയതും പൊലീസിലെ പലർക്കുമുള്ള ഗുണ്ടാ ബന്ധം പുറത്തു വന്നതും സർക്കാരിനു വലിയ നാണക്കേടായിരുന്നു. ഹൈക്കോടതി കേരള പൊലീസിനെ ഒന്നിലേറെ തവണ വിമർശിച്ചു.

ലഹരി ഉപയോഗ കേസുകൾ, വസ്തു കയ്യേറ്റ കേസുകൾ, കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരായ അക്രമം, കുട്ടികൾക്കെതിരായ കേസുകൾ, പട്ടികവിഭാഗത്തിനെതിരായ അക്രമം എന്നിവയും യോഗം ചർച്ച ചെയ്യും. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം അവസാനിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാണു ക്രമസമാധാനച്ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികൾ മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പൊലീസ് ആസ്ഥാനത്തെ ഉന്നതർ, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജൻസ് മേധാവി എന്നിവരും പങ്കെടുക്കും. പൊലീസിലെ അഴിമതിയും ചർച്ചാ വിഷയമാകും.

അതിനിടെ വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് വാർത്തകളിലെത്തി. മെയ്‌ 29-ന് വിജിലൻസ് ഡിവൈ.എസ്‌പി. പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നാലംഗസംഘം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കടവുകളിൽനിന്ന് പിടിച്ചെടുത്ത മണൽ പൊലീസുകാർ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്ഡ്. ഇതേതുടർന്നാണ് നടപടി ശുപാർശ. ഇത്തരം സംഭവങ്ങൾ പൊലീസിന് നാണക്കേടാണ്. ഇതെല്ലാം പൊലീസ് ഉന്നത തല യോഗത്തിലും ചർച്ചയാകും.

വളപട്ടണം സ്റ്റേഷനിലെ ചില പൊലീസുകാർക്ക് മണൽക്കടത്ത് സംഘവുമായി നല്ല അടുപ്പമുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരേ വകുപ്പുതല അന്വേഷത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. വിശദ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകി. മണൽവാരുന്നതിനിടെ പിടിച്ച നാല് യന്ത്രവത്കൃതതോണികളുടെ എൻജിൻ കാണാനില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഈ എൻജിൻ പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മണൽക്കടത്ത് സംഘത്തിന് തിരിച്ചുകൊടുത്തതായി സംശയിക്കുന്നു. മണൽക്കടത്തുസംഘങ്ങളിൽനിന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രധാനമായും വളപട്ടണം, പാപ്പിനിശ്ശേരി, കീരിയാട്, കാട്ടാമ്പള്ളി തുടങ്ങിയ കടവുകളിലാണ് മണൽവാരുന്നത്. മറുനാടൻ തൊഴിലാളികളുടെ സഹായത്തോടെയാണ് മണൽ വാരൽ. അർധരാത്രിയോടെ ടിപ്പർ ലോറികളിൽ കയറ്റി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മലപ്പുറത്ത് കൈക്കൂലി കേസിൽ സിഐ പ്രതിയായതും പൊലീസിന് നാണക്കേടായിട്ടുണ്ട്.