തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത പോലീസ് മേധാവിയെ നിയോഗിക്കുന്നതില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം കേരളാ കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്. ഇതോടെ കേരളത്തിലെ രാഷ്ട്രീയം നന്നായി അറിയാവുന്ന വ്യക്തിയെ കേന്ദ്ര സര്‍ക്കാര്‍ യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) ചെയര്‍മാനായി നിയമിച്ചതോടെയാണ് ഈ സാഹചര്യമുണ്ടാകുന്നത്. മുന്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) ചെയര്‍മാനായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. അദ്ദേഹത്തിന്റെ മുമ്പിലേക്ക് വരുന്ന ആദ്യ ചുമതലകളില്‍ ഒന്നായി കേരളാ പോലീസ് മേധാവിയുടെ ചുരുക്കപ്പെട്ടിക തയ്യറാക്കല്‍ ഉത്തരവാദിത്തം മാറുകയാണ്. ഈ സാഹചര്യത്തില്‍ ആരാകും അടുത്ത പോലീസ് മേധാവിയെന്നത് നിര്‍ണ്ണായകമാണ്. ഇതിനൊപ്പം പല നിര്‍ണ്ണായക തീരുമാനങ്ങളും എടുക്കുന്നത് യുപിഎസ് സിയാണ്. ഐ.എ.എസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐ.പി.എസ്) എന്നിവയിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി സിവില്‍ സര്‍വീസ് പരീക്ഷകള്‍ നടത്തുന്ന യു.പി.എസ്.സി ചെയര്‍മാന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പരമാവധി 10 അംഗങ്ങള്‍ വരെ കമീഷനില്‍ ഉള്‍പ്പെടാം. നിലവില്‍ കമീഷനില്‍ രണ്ട് അംഗങ്ങളുടെ ഒഴിവുണ്ട്.

എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ കേരളത്തിന്റെ ഡിജിപി സാധ്യതാ പട്ടികയില്‍ ഉണ്ട്. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയിലെ സീനിയര്‍. ഇന്റലിജന്‍സ് ബ്യൂറോ അഡീഷ്ണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയില്‍ നിന്നും മൂന്ന് പേരെ യുപിഎസ് സിയുടെ ചുരുക്കപ്പെട്ടികയില്‍ എത്തും. അത് ആരെല്ലാമെന്നത് നിര്‍ണ്ണായകമാണ്. സീനിയോറിട്ടി പ്രകാരമാണെങ്കില്‍ നിധിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും ആ മൂന്ന് പേരാകും. എന്നാല്‍ സീനിയോറിറ്റി മറികടന്നും പേരുകള്‍ നല്‍കാന്‍ യുപിഎസ് സിയ്ക്ക് അധികാരമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തെ അടുത്തറിയാവുന്ന അജയ് കുമാറിന്റെ നിയമനം യുപിഎസ് സി തലപ്പത്ത് നിര്‍ണ്ണായകമാകുന്നത്.

കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് അജയ് കുമാറിന്റെ നിയമനം. പ്രീതി സുദന്റെ കാലാവധി ഏപ്രില്‍ 29 ന് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് യു.പി.എസ്.സി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. പ്രസിഡന്റ് ദ്രൗപതി മുര്‍മു കുമാറിന്റെ നിയമനം അംഗീകരിച്ചു. 1985 ബാച്ചിലെ കേരള കേഡറിലെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ കുമാര്‍, 2019 ആഗസ്റ്റ് 23 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ പ്രതിരോധ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, അഗ്‌നിവീര്‍ പദ്ധതി, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍, ഓര്‍ഡനന്‍സ് ഫാക്ടറികളുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍, യു.പി.ഐ, ആധാര്‍, മൈഗവ്, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് തുടങ്ങിയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2012 ലെ ദേശീയ ഇലക്ട്രോണിക്‌സ് നയത്തിനും അദ്ദേഹം രൂപം നല്‍കി. ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളില്‍ അജയ് കുമാര്‍ പ്രവര്‍ത്തിച്ചു. കെല്‍ട്രോണിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എം.ഡി എന്നീ നിലകളില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറിലും കേരള സര്‍ക്കാറിലും നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചു. കേരളാ പോലീസില്‍ പല വിവാദങ്ങളും പുകയുന്നുണ്ട്. ഇതിനിടെയാണ് ഇത്രയും പരിചയസമ്പന്നനായ കേരളാ കേഡറിലെ മുന്‍ ഐഎഎസുകാരന്‍ യുപിഎസ് സിയിലേക്ക് എത്തുന്നത്.

വിജിലന്‍സ് മേധാവിയായി ഒന്‍പതുമാസംമാത്രം പൂര്‍ത്തിയാക്കിയ ഡിജിപി യോഗേഷ് ഗുപ്തയെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വിവാദം പുകയുകയാണ്. ഒന്നരമാസം കഴിഞ്ഞുണ്ടാകുന്ന പോലീസ് മേധാവി നിയമനത്തിനുള്ള മൂന്നംഗ പട്ടികയില്‍ ഇടം നേടുമെന്ന് കരുതുന്ന അദ്ദേഹത്തെ വിജിലന്‍സില്‍നിന്ന് മാറ്റിയത് അപ്രതീക്ഷിതമായാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയുടെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് സ്ഥാനം നഷ്ടമെന്നതിലാണ് വിവാദം. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനസമയത്ത്, പരിശീലനം നേടിയ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സുരക്ഷയ്ക്ക് വിട്ടുനല്‍കിയില്ലെന്നതും സ്ഥാനമാറ്റത്തിന് കാരണമായെന്നാണ് വിവരം. ദിവ്യയുടെപേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് യോഗേഷ് ഗുപ്ത ശുപാര്‍ശ ചെയ്തതെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ഇനി പുതിയ വിജിലന്‍സ് മേധാവി വന്ന ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള യോഗേഷ് ഗുപ്തയുടെ കത്തിലും സര്‍ക്കാര്‍ അനുമതിനല്‍കിയിട്ടില്ല.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത്, പരിശീലനം സിദ്ധിച്ച ഒരു ഉദ്യോഗസ്ഥനെ വിജിലന്‍സില്‍നിന്ന് സുരക്ഷയ്ക്കായി ഉള്‍പ്പെടുത്തിയെങ്കിലും മറ്റൊരു ഉദ്യോഗസ്ഥനെയാണ് ഡയറക്ടര്‍ അയച്ചത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. ഇതില്‍ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ആവശ്യപ്പെട്ടിരുന്നു. ഇതും സ്ഥാനമാറ്റത്തിന് കാരണമായെന്നാണ് സൂചന. യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ സേനാ ആസ്ഥാനത്ത് ഡയറക്ടറായാണ് നിയമിച്ചിട്ടുള്ളത്. ഡിജിപി മനോജ് എബ്രഹാം വിജിലന്‍സ് ഡയറക്ടറാവുകയും ചെയ്തു. എഡിജിപിയായിരിക്കെ നേരത്തേ വിജിലന്‍സ് ഡയറക്ടറായി ചുമതല വഹിച്ചിരുന്ന അദ്ദേഹം പിന്നീട് ഇന്റലിജന്റ്‌സ് വിഭാഗത്തിലേക്കും ക്രമസമാധാന വിഭാഗത്തിലേക്കും മാറിയിരുന്നു. അഗ്‌നിരക്ഷാ വിഭാഗം ഡയറക്ടറായിരുന്ന കെ. പദ്മകുമാര്‍ വിരമിച്ച ഒഴിവില്‍ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം ഈ മാസം ഒന്നിനാണ് അവിടെ ഡയറക്ടറായി ചുമതലയേറ്റത്. പത്ത് ദിവസത്തിനുശേഷമാണ് വീണ്ടും വിജിലന്‍സിലേക്ക് ഡയറക്ടറായി മാറിയത്.