- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കു കയറുമ്പോൾ ഉദ്യോഗസ്ഥർ ശമ്പളത്തിൽ നിന്നു പ്രീമിയം അടയ്ക്കണം; ഡ്യൂട്ടിക്കിടെ അപകട മരണം ഉണ്ടായാൽ ഇൻഷുറൻസ് തുകയായി 15 ലക്ഷം രൂപ ലഭിക്കും; പൊലീസുകാരുടെ കുടുംബങ്ങൾക്കായി സർക്കാറിന്റെ ഇൻഷുറൻസ് പദ്ധതി
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ഉണ്ടാകുന്ന അപകടത്തിൽ മരിക്കുന്ന പൊലീസുദ്യോഗസ്ഥരുടെ കുടുംബത്തിന് സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതി പ്രകാരം 15 ലക്ഷം രൂപയാണു ലഭിക്കും. ജോലിക്കു കയറുമ്പോൾ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ ശമ്പളത്തിൽ നിന്നു പ്രീമിയം അടയ്ക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ചാൽ പൊലീസുദ്യോഗസ്ഥരുടെ കുടുംബത്തിനു സഹായം കിട്ടുന്ന എക്‌സ്‌ഗ്രേഷ്യ പദ്ധതിയുമുണ്ട്. പ്രായവും കുടുംബസ്ഥിതിയും കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിൽ 15 ലക്ഷം മുതൽ നൽകാറുണ്ടെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് 3 ലക്ഷം രൂപ നൽകും. സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇത്തരത്തിൽ 3 സഹായങ്ങളാണു നൽകുക.
പൊലീസിന്റെ ഹൗസിങ് സൊസൈറ്റിയിൽ അംഗത്വമെടുക്കുന്ന ഉദ്യോഗസ്ഥരാണെങ്കിൽ 20 ലക്ഷം സൊസൈറ്റിയിൽനിന്നും കൈമാറും. പൊലീസ് സംഘടനകളും കുടുംബത്തിനു സഹായം നൽകാറുണ്ട്. ഇതേസമയം, 2019ൽ കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി നോക്കുന്നതിനിടെ തീവ്രവാദഗ്രൂപ്പുകളുടെ വെടിയേറ്റു മരിച്ച തമിഴ്‌നാട് പൊലീസുദ്യോഗസ്ഥൻ എഎസ്‌ഐ വിൽസന്റെ കുടുംബത്തിന് 1 കോടി രൂപയാണു തമിഴ്‌നാട് സർക്കാർ നൽകിയത്.
കഴിഞ്ഞ ദിവസം ചീട്ടുകളി സംഘത്തെ പിടിക്കാൻ പോയ എസ്ഐ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽതെറ്റി വീണു മരിച്ചിരുന്നു. രാമപുരം എസ്. ഐ. ജോബി ജോർജായിരുന്നു ദാരുണമായി മരിച്ചത്. മരണത്തിനു കാരണമായത് വീഴ്ചയിൽ തലയ്ക്കു പിൻഭാഗത്തുണ്ടായ മൂന്ന് സെന്റിമീറ്റർ നീളത്തിൽ ആഴത്തിലുള്ള മുറിവ്. രാത്രി 11 മണിയോടെ രാമപുരം പൊലീസ് സ്റ്റേഷന് സമീപത്തായി കെട്ടിടത്തിൽ നിന്നുമാണ് എസ്. ഐ വീണത്.
വീഴ്ചയിൽ തലയ്ക്കും, നടുവിനും നെഞ്ചിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഒപ്പം ഒരു പൊലീസുകാരൻ ഉണ്ടായിരുന്നിട്ടും നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. മൂന്നാം നിലയിൽ നിന്നും താഴേക്ക് രണ്ടു കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഉടൻ തന്നെ വിവരം അറിയിച്ചതോടെ എസ്. ഐ ഉൾപ്പെടെ ഓടിയെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പുറമെ ഗുരുതരമായ പരുക്കുകൾ ഒന്നും തന്നെ തോന്നിയിരുന്നില്ല. വാഹനത്തിൽ കയറ്റയപ്പോഴും അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് സഹ പൊലീസുകാർ പറഞ്ഞു. ആന്തരിക രക്തസ്രാവം സംഭവിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല.
ഇതര സംസ്ഥാനക്കാരുടെ ക്യാമ്പിൽ ചീട്ടുകളിയും സംഘർഷവും നടക്കുന്നതായി പരാതി കേട്ടാണ് എസ്. ഐയും സ്റ്റേഷൻ ഡ്രൈവറും എത്തുന്നത്. പൊലീസുകാർ വരുന്നറിഞ്ഞതോടെ ഇതര സംസ്ഥാനക്കാർ ചീട്ടുകളി നടന്നതിനു സമീപമുള്ള മറ്റൊരു മുറിയിൽ കയറി കതകടച്ചിരുന്നു. ഒരുപാടു തവണ പൊലീസ് വിളിച്ചിട്ടും അവർ തുറന്നില്ല. ഒടുവിൽ എസ്. ഐ. കതകിൽ ചവിട്ടുകയും പെട്ടെന്ന് പിന്നോട്ട് മറിയുകയും ആയിരുന്നു. കെട്ടിടത്തിന്റെ വരാന്തയിലുള്ള പാരപറ്റിന് പൊക്കം കുറവായതിനാൽ രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ പിന്നോട്ട് മറിഞ്ഞ എസ്. ഐ. താഴെയുള്ള മതിലിൽ ഇടിച്ചു നിലത്തു വീണു.
രണ്ടു വർഷം മുൻപാണ് ജോബി ജോർജ് ഗ്രേഡ് എസ്. ഐയായി രാമപുരത്ത് എത്തുന്നത്. സമർത്ഥനായ ഒരു പൊലീസുകാരനാണെന്ന് നാട്ടുകാരും പറയുന്നു. നിയമങ്ങളെ പറ്റിയെല്ലാം വ്യക്തമായി അറിയാം. കുറ്റാന്വേഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരൻ പരാതി പറഞ്ഞ സമയം തന്നെ എസ്. ഐ അവിടെയെത്തിയത്. റൂമിൽ മറ്റുള്ളവർ ചീട്ടുകളിയും സംഘർഷവുമാണെന്നും തനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്നുമായിരുന്നു ഇതര സംസ്ഥാനക്കാരന്റെ പരാതി. അങ്ങനെയാണ് സ്റ്റേഷന് നൂറ് മീറ്റർ മാറിയുള്ള കെട്ടിടത്തിൽ എത്തുന്നത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലായി അന്യ സംസ്ഥാനക്കാരാണ് താമസിക്കുന്നത്. മുറി പൂട്ടി കതകടച്ചിരുന്നവർ സംഭവ ശേഷം ഓടി രക്ഷപെട്ടു. അവർ ആരെന്നുള്ള രേഖകൾ പോലും പൊലീസിന്റെ പക്കൽ ഇല്ല.
കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലത്തെത്തി. പാലാ എസ്. എച്ച്. ഒ. കെ. പി. ടോംസൺ ആണ് കേസിന്റെ അന്വേഷണ ചുമതല. ആസ്വഭാവിക മരണത്തിനു കേസ് എടുത്തതായി അദ്ദേഹം അറിയിച്ചു. ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി. അപകട മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
മറുനാടന് ഡെസ്ക്