കണ്ണൂർ. വളപട്ടണം പുഴയിൽ നിന്നും മണലൂറ്റുന്ന സംഘത്തെ ഔദ്യോഗിക പദവി മറന്നു സഹായിച്ച കളങ്കിത രായ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. വളപട്ടണത്തെമണൽ മാഫിയക്ക് വഴിവിട്ട സഹായം നൽകിയെന്ന് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് വളപട്ടണം പൊലിസ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാലു പേരെ യാണ് ആഭ്യന്തര വകുപ്പ് നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്.

വളപട്ടണംഎസ്. ഐ എ.നിഥിൻ സിവിൽ പൊലീസ് ഓഫിസർമാരയ കെ. അനിഴൻ ,ഷാജി അകാരം പറമ്പത്ത്, കെ. കിരൺ എന്നിവരെയാണ് സ്ഥലം മാറ്റിയത്. വിജിലൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇവരെ കണ്ണൂർ ജില്ലയിലെ പാനൂർ, കണ്ണവം , തലശേരി പൊലിസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത് പൊലിസ് മണൽ കടത്തിനെതിരെ നടത്തിയ റെയ്ഡ് വിവരങ്ങൾ ചോർത്തി നൽകിയതിനും മണൽ മാഫിയ സംഘത്തിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിനുമെതിരെയാണ് നടപടി.

മാസങ്ങൾക്ക് മുൻപ് വിജിലൻസ് നടത്തിയ റെയ്ഡിൽ വളപട്ടണം സ്റ്റേഷനിൽ വ്യാപകമായ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മണൽ മാഫിയയിൽ നിന്നും ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നതായും റെയ്ഡ് വിവരങ്ങൾ രഹസ്യമായി ചോർത്തി നൽകുകയും ചെയ്തിരുന്നു. മണൽ കടത്തിന് എസ്‌കോർട്ട് പോയിരുന്നതും സ്റ്റേഷനിലെ ചില പൊലിസുകാരാണെന്ന് ആരോപണമുണ്ട്.

പിടികൂടിയ മണലിലും തിരിമറി നടത്താൻ ചില പൊലിസുകാർ ഒത്താശ ചെയ്തതായും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ മാനദണ്ഡം പാലിക്കാതെ വിട്ടുകൊടുക്കുന്നതായും പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ആരോപണമുന്നയിച്ചിരുന്നു. പൊലിസും മണൽ മാഫിയയിലെ ചിലരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് വിജിലൻസിന് പരാതി നൽകാൻ ഇടയാക്കിയത്.

അഴിമതിക്കാരും ഗുണ്ടാ മണൽ മാഫിയ സംഘങ്ങളുമായി ബന്ധം പുലർത്തുന്ന ക്രിമിനൽ പൊലിസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഡിജിപിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കണ്ണൂരിലും നടപടി സ്വീകരിച്ചത്.