തിരുവനന്തപുരം: ഇനി കേരളാ പൊലീസും വാർത്തയെഴുതും. കേരളാ പൊലീസിലും റിപ്പോർട്ടർമാർ സംവിധാനം വരികയാണ്. പരിശീലനം പൂർത്തിയാക്കിയ പൊലീസ് റിപ്പോർട്ടർമാരുടെ ആദ്യ ബാച്ച് 23ന് പുറത്തിറങ്ങും. ആദ്യ ബാച്ചിൽ കൂടുതലും വനിതകളാണ്. ആദ്യമായാണ് വനിതകളെ ഈ പരിശീലനത്തിന് തെരഞ്ഞെടുത്തത്. പിഎസ്‌സി വഴി അപേക്ഷ സ്വീകരിച്ച് റിപ്പോർട്ടർമാർ ഒന്നിച്ച് ബാച്ചായി പുറത്തിറങ്ങുന്നത് ആദ്യമാണ്.

സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് സിഐഡി വിഭാഗത്തിലാണ് നിയമനം. ആദ്യ ബാച്ചിൽ പുറത്തിറങ്ങുന്ന എട്ടുപേരിൽ ആറും പേരും വനിതകളാണ്. റിപ്പോർട്ടേഴ്സ് ( ഗ്രേഡ് 2- മലയാളം) എന്ന തസ്തികയിലാണ് നിയമനം. ഹെഡ്കോൺസ്റ്റബിൾ സമാനമായ റാങ്കാണിത്. പൊലീസ് കായിക പരിശീലനവും മാധ്യമ മേഖലയിലെ പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ട്.

തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ ഒമ്പതുമാസം നീണ്ട പരിശീലനമാണ് നൽകിയത്. പുറത്തിറങ്ങിയാൽ പൊലീസ് വേഷം അണിയേണ്ടതില്ല. രാഷ്ട്രീയ വേദികളിലും അല്ലാതെയുമുള്ള പ്രസംഗങ്ങൾ പൊലീസിനുവേണ്ടി റിപ്പോർട്ട് ചെയ്യും. വീഡിയോകൾ പകർത്തും. പ്രസംഗങ്ങൾ റെക്കോഡ് ചെയ്യും. ഇത് സർക്കാരിന് റിപ്പോർട്ട് ചെയ്യും. അക്രമസാധ്യതകളും മുൻകൂട്ടി റിപ്പോർട്ട് ചെയ്യും.

മുൻകാലങ്ങളിൽ കോൺസ്റ്റബിൾമാരുടെ ബാച്ചിനൊപ്പമായിരുന്നു റിപ്പോർട്ടർമാരുടേയും പരിശീലനം. അക്കാദമിയിൽ വരുന്നതിനു മുമ്പ്ഒ രു മാസത്തോളം സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് പരിശീലനം നൽകി. ട്രെയിനിങ്ങിനുശേഷം വീണ്ടും ഫീൽഡ് പരിശീലനം നൽകും. അതിനുശേഷം ഓരോ ജില്ലയിലേയും സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി ഡിറ്റാച്ച്‌മെന്റുകളിൽ നിയമിക്കും. 23ന് രാവിലെ 8.30ന് രാമവർമപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഓത്ത് ടേക്കിങ് സെറിമണിയിൽ കേരള പൊലീസ് അക്കാദമി ഡയറക്ടർ ഗോപേഷ് അഗർവാൾ മുഖ്യാതിഥിയാവും.

അതേസമയം സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും ലഹരി ഉപയോഗവും തടയാൻ പൊലീസ് സ്റ്റേഷനുകളിൽ ആന്റി ഓർഗനൈസ്ഡ് ക്രൈംസ് സെൽ (എഒസിസി). ഗുണ്ടകളെ നിരീക്ഷിക്കാനും അമർച്ച ചെയ്യാനുമായി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർ ഉൾപ്പെടുന്ന എഒസിസി ഓരോ സ്റ്റേഷനിലും രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗയിൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസി (എസ്എജിഒസി)നാണ് രൂപം നൽകിയിരിക്കുന്നത്.