- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റവാഡ മേധാവിയായതോടെ ബറ്റാലിയന്‍ എഡിജിപിയുടെ ഡിജിപി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഒരു വര്‍ഷം വൈകും; ഈ വേദന മറക്കാന്‍ അതിവിശ്വസ്തന് വീണ്ടും താക്കോല്‍ സ്ഥാനം നല്‍കും; പോലീസ് ആസ്ഥാനത്തെ എഡിജിപിയായി അജിത് കുമാര്‍ വന്നേക്കും; പോലീസ് തലപ്പത്ത് അഴിച്ചു പണി വരും; കടിഞ്ഞാണ്‍ കൈവിടാതിരിക്കാന്‍ കരുതല്‍ വരും
തിരുവനന്തപുരം : പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണിക്ക് സാധ്യത. പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ വന്ന സാഹചര്യത്തിലാണ് ഇത്. റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയായി വന്നതോടെ ബറ്റാലിയന്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ഡിജിപി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഒരു വര്‍ഷം വൈകും.
റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്ന 2026 ജൂലൈയില്‍ മാത്രമേ ഇനി അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കൂ. സര്‍ക്കാര്‍ എന്‍ഒസി നല്‍കുകയും യോഗേഷ് ഗുപ്ത കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോകുകയും ചെയ്താല്‍ ഒഴിവു വരുന്ന ഡിജിപി തസ്തികയിലേക്ക് അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സര്‍ക്കാരിന്റെ അതിവിശ്വസ്തനാണ് അജിത് കുമാര്‍. ഈ സാഹചര്യത്തില്‍ അജിത് കുമാറിന് വീണ്ടും താക്കോല്‍ സ്ഥാനം നല്‍കിയേക്കും. പോലീസ് ആസ്ഥാന ചുമതലയുള്ള എഡിജിപിയായി അജിത് കുമാറിനെ മാറ്റാനാണ് സാധ്യത. പോലീസിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയ്യിലാണെന്ന് ഉറപ്പിക്കാന്‍ കൂടിയാകും ഈ നീക്കങ്ങള്‍.
വിജിലന്‍സ് മേധാവിയായി മനോജ് എബ്രഹാം തുടരും. റോഡ് സേഫ്റ്റി കമ്മീഷണറായി സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസുകാരനായ നിഥിന്‍ അഗര്‍വാളിനും തുടരേണ്ടി വരും. യോഗേഷ് ഗുപ്തയെ ഫയര്‍ ഫോഴ്‌സില്‍ തന്നെ തുടരാന്‍ അനുവദിക്കും. എഡിജിപി തലത്തിലാകും വലിയ മാറ്റങ്ങള്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നും മടങ്ങിയെത്തിയതാണ് റവാഡ ചന്ദ്രശേഖര്‍. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള റവാഡയുടെ ബന്ധം സിപിഎമ്മിലെ പല നേതാക്കളും ചോദ്യം ചെയ്തിട്ടുണ്ട്. ഈ സഹാചര്യത്തിലാണ് അതിവിശ്വസ്തനായ അജിത് കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് നിയോഗിക്കുന്നത്. എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍യാദവ് അടുത്ത മാസം വിരമിക്കുന്നുണ്ട്. അതുകൊണ്ട് പുതിയ എക്‌സൈസ് കമ്മീഷണറെ കണ്ടെത്തണം. ഇത് മനസ്സില്‍ വച്ചാകും അടുത്ത അഴിച്ചു പണി നീക്കങ്ങള്‍.
സംസ്ഥാനത്ത് എഡിജിപിമാര്‍ കുറവാണ്. നിലവില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷിനാണ് ക്രൈംബ്രാഞ്ചിന്റെയും ചുമതല. രണ്ട് തസ്തികയും വലിയ ജോലിത്തിരക്കുള്ളതായതിനാല്‍ സ്വതന്ത്ര ചുമതലയുള്ള എഡിജിപിമാര്‍ വേണ്ടിവരും. ജില്ലാ പൊലീസ് മേധാവികള്‍ക്കും മാറ്റത്തിനു സാധ്യതയുണ്ട്. ഇക്കാര്യങ്ങളില്‍ റവാഡയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമോ എന്നതും നിര്‍ണ്ണായകമാണ്.
പുതിയ ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി രംഗത്തു വന്നിരുന്നു. മോദി സര്‍ക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയില്‍ ഒന്നാം പേരുകാരനായ നിതിന്‍ അഗര്‍വാളിനെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചിട്ടുണ്ട്.
ഡിജിപി പട്ടികയിലുള്ള പേരുകാരായ നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. നിതിന്‍ അഗര്‍വാളിനെ മോദിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടമല്ല. അദ്ദേഹത്തെ ബിഎസ്എഫ് ഡയക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് നീക്കിയതും അതേ അനിഷ്ടത്തിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും ഭാഗമാണ്. അതുതന്നെയാണ് പിണറായി സര്‍ക്കാര്‍ നിതിന്‍ അഗര്‍വാളിനെ ഒഴിവാക്കിയതിലെ അയോഗ്യത. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഉദ്യോഗസ്ഥനാണ് നിതിന്‍ അഗര്‍വാളെന്നും സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പുതിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട വ്യക്തിയാണ്. ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടര്‍ പദവിയും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയും വഹിച്ചിരുന്ന റവാഡ ചന്ദ്രശേഖറെ സംസ്ഥാന ഡിജിപിയായി നിയമിച്ചതിലൂടെ ബിജെപിയുമായി സിപിഎമ്മും മുഖ്യമന്ത്രിയും നടത്തിയ രണ്ടാമത്തെ ഡീലാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചിട്ടുണ്ട്.
സ്വന്തം തടിരക്ഷിക്കാന്‍ മുഖ്യമന്ത്രി കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്നു. പുതിയ ഡിജിപിയോട് വ്യക്തിപരമായി തനിക്ക് വിയോജിപ്പില്ല. പക്ഷെ അദ്ദേഹത്തിനെതിരെ സിപിഎം മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. അതെല്ലാം ശരിയെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സിപിഎം വിശ്വസിപ്പിച്ചിരുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചിരുന്നു.
അതില്‍ നിന്ന് വ്യതിചലിച്ചതിന്റെ കാരണം ചികഞ്ഞാല്‍ ഇപ്പോഴത്തെ ഡിജിപി നിയമനത്തില്‍ ചില ദുരൂഹത കണ്ടെത്താന്‍ കഴിയും.പി.ജയരാജന്റെത് സ്വാഭാവിക പ്രതികരണമാണ്. എന്നാല്‍ സിപിഎമ്മിലെ മറ്റുനേതാക്കള്‍ ഭയന്ന് പ്രതികരിക്കുന്നില്ല. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്ന് റവാഡ ചന്ദ്രശേഖരനെതിരെ ഉന്നയിച്ച ആരോപണം സിപിഎമ്മിന് പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.