കൊല്ലം: കടയ്ക്കലിൽ സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് മുതുകിൽ ചാപ്പ കുത്തുകയുംകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിൽ സൈനീകനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ് മർദ്ദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സൈനികനെയും സുഹൃത്ത് ജോഷിയെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സൈനികന്റെ മുതുകിൽ പി എഫ് ഐ എന്നു ചാപ്പ കുത്തിയ സംഭവം സംസ്ഥാനത്തുടനീളം വലിയ ചർച്ചാ വിഷയമായി. സൈനികനാണെങ്കിലും മദ്യപാനത്തെ തുടർന്ന് നാട്ടുകാർ തള്ളിക്കളഞ്ഞ വ്യക്തിയായ ഷൈൻ കുമാർ വൈറലാകാനും സൈന്യത്തിൽ പ്രമോഷൻ മോഹിച്ചും നടത്തിയ പ്രവൃത്തിയാണ് ഒടുവിൽ സൈനീകനേയും സുഹൃത്തിനേയും കുരുക്കിലാക്കിയത്.

സംഭവത്തിൽ ഷൈൻകുമാറിനെ കുടുക്കിയത് ചിറയിൻകീഴുള്ള ഹാർഡ്വെയർ കടയിൽ നിന്ന് ദേഹത്ത് എഴുതുവാനുള്ള പെയിന്റും ബ്രഷും വാങ്ങിയ രേഖകളാണ്. സമീപത്തെ ഷോപ്പുകളിൽ നിന്ന് ഈ വസ്തുക്കൾ വാങ്ങിയാൽ പിടിക്കപ്പെടുമെന്ന ഭയത്തിലാണ് ഇയാൾ 40 കിലോമീറ്റർ അകലെയുള്ള ചിറയിൻകീഴിൽ പോയി പെയിന്റും ബ്രഷും വാങ്ങിയത്. ഷൈൻകുമാർ ചിറയിൻകീഴ് നിന്നാണ് ഇവ വാങ്ങിയതെന്ന് ജോഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിയെ ചോദ്യം ചെയ്തപ്പോൾ താൻ ആ സാധനങ്ങൾ മധുരയിൽ നിന്നാണ് വാങ്ങിയത് എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് സാധനങ്ങൾ വാങ്ങിയത് ചിറയിൻകീഴിൽ നിന്നാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം വൈറലാകാൻ വേണ്ടിയാണ് ഷൈൻ വ്യാജ പരാതി നൽകിയതെന്ന് സുഹൃത്തായ ജോഷി പൊലീസിന് മൊഴി നൽകിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഎഫ്‌ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ചിറയിൻകീഴ് നിന്നാണ് ഇവ വാങ്ങിയതെന്ന് ജോഷി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ സൈനികനായ ഷൈൻ കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ആക്രമണം നടന്നു എന്നു പറയുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ മൽപ്പിടുത്തം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. പെയിന്റോ മഷിയോ അങ്ങനെയുള്ള ഒരു വസ്തുക്കളും അവിടെ ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. താൻ ജോഷിയുടെ വീട്ടിൽ പോയിരുന്നു എന്നും അവിടെ പണം നൽകി മടങ്ങുമ്പോൾ അജ്ഞാതരായ രണ്ടുപേർ തടഞ്ഞുനിർത്തി മർദ്ദിച്ച് തന്റെ ടീഷർട്ട് വലിച്ചു കീറി പിറകിൽ പിഎഫ്ഐ എന്ന് എഴുതുകയായിരുന്നു എന്നുമാണ് ഷൈൻ കുമാർ നേരത്തെ പറഞ്ഞിരുന്നത്. ഷൈൻ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോഷിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഭവത്തിനു പിന്നിലെ സത്യം പുറത്തറിഞ്ഞത്.

സംഭവത്തിൽ ഷൈൻ കുമാറിനെയും ജോഷിയെയും കസ്റ്റഡിയിലെടുത്ത് റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
സംഭവം നടന്ന ദിവസം രാത്രി 11 മണിയോടെ ഷൈൻകുമാർ സംഭവസ്ഥലത്ത് എത്തി. തുടർന്ന് ജോഷിയെ ഫോണിൽ വിളിച്ച് അവിടേക്ക് വരാൻ പറഞ്ഞു. ജോഷി അവിടെ എത്തിയപ്പോൾ കാണുന്നത് കയ്യും കാലും ബന്ധിപ്പിക്കാനുള്ള സിലോ ടേപ്പും പുറത്ത് എഴുതാനുള്ള പെയിന്റും ബ്രഷുമായി ഷൈൻകുമാർ കാത്തിരിക്കുന്നതാണ്. തുടർന്ന് തന്റെ കൈകൾ ബന്ധിപ്പിക്കാൻ ഷൈൻകുമാർ ജോഷിയോട് ആവശ്യപ്പെട്ടു.

ജോഷി കാലും കയ്യും കെട്ടി. അതിനു പിന്നാലെ തന്നെ മർദ്ദിക്കാൻ ജോഷിയോട് ഷൈൻ കുമാർ ആവശ്യപ്പെട്ടു എങ്കിലും താൻ മദ്യലഹരിയിൽ ആണെന്നും തനിക്ക് മർദ്ദിക്കാൻ കഴിയില്ലെന്നും ജോഷി പറയുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ബ്ലേഡ് എടുത്ത് ജോഷിയുടെ കയ്യിൽ കൊടുത്തശേഷം തന്റെ ഷർട്ട് കീറാൻ ഷൈൻ പറഞ്ഞു. ജോഷി ഷൈൻ പറഞ്ഞത് പ്രകാരം ഷർട്ട് കീറി. അതിനുശേഷം പച്ച പെയിന്റ് കൊണ്ട് അവിടെ പിഎഫ്ഐ എന്ന് എഴുതാൻ ആവശ്യപ്പെടുകയും ഷൈൻ അങ്ങനെ ചെയ്യുകയുമായിരുന്നു. പക്ഷേ ജോഷി കേട്ടത് ഡിഎഫ്ഐ എന്നായിരുന്നു.

മദ്യലഹരിയിൽ ആയതിനാൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് ജോഷി പറയുന്നത്. ജോഷി ആദ്യം എഴുതിയതും അങ്ങനെയായിരുന്നു. എന്നാൽ പിന്നീട് ഷൈൻ കുമാർ പറഞ്ഞതനുസരിച്ച് ഡിഎഫ്ഐ എന്നുള്ളത് മാറ്റി പിഎഫ്ഐ എന്നാക്കുകയായിരുന്നു. തുടർന്ന് ഷംകുമാർ പറഞ്ഞത് പ്രകാരം ജോഷി തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു. ജോഷി വീട്ടിലേക്ക് പോയതിന് പിന്നാലെ മറ്റൊരു സുഹൃത്തായ അഖിലിനെ വിളിച്ചുവരുത്തി ഷൈൻകുമാർ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്കും പോവുകയായിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ഷൈൻ കുമാറിന്റെ ദേഹത്ത് മർദ്ദനമേറ്റത്തിന്റെ പാടുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല എടുത്ത എക്സ്റേയിൽ അസ്ഥികൾക്ക് പൊട്ടലോ ചതവോ ഇല്ലെന്നും വ്യക്തമായിരുന്നു. അപ്പോൾ തന്നെ ഇതൊരു നാടകമാണെന്ന് വിലയിരുത്തൽ പൊലീസിന് കൈവരികയും ചെയ്തു.

പൊലീസ് കേസ് എടുത്തെങ്കിലും ഷൈൻ കുമാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞദിവസം രാത്രി 11 മണിവരെ എസ് പിയുടെ നേതൃത്വത്തിൽ ഷൈൻ കുമാറിനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വീട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും ഇന്ന് രാവിലെ 10 മണിയോടെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. ഇതേ സമയത്ത് തന്നെ ജോഷിയേയും പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ഷൈൻ കുമാറിന്റെയും ജോഷിയുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടതോടെ പൊലീസ് നാടകമാണെന്ന് ഉറപ്പിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ജോഷിയുടെയും ഷൈൻ കുമാറിന്റെയും ലൊക്കേഷൻ ഒരേ സ്ഥലത്ത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു.