- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അതിവേഗപാതയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്ര-സംസ്ഥാന വിഹിതം; 40 ശതമാനം വായ്പകളിലൂടെ കണ്ടെത്താം; ഭൂമിയേറ്റെടുക്കൽ പരിമിതം ആയതിനാൽ ചെലവു കുറയും; വരുമാന സാധ്യത പരിഗണിച്ചു മംഗലാപുരത്തേക്കും നീട്ടാം; വേണ്ടത് 100 കിലോമീറ്ററിലധികം വേഗം; ഇ ശ്രീധരന്റെ മനസ്സിലെ സെമി സ്പീഡ് റെയിൽപ്പാതാ പദ്ധതി ഇങ്ങനെ
ന്യൂഡൽഹി: സിൽവർ ലൈനിന് പകരമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ അതിവേഗ പാതയുടെ ജോലികളിലേക്ക് കടന്നിരിക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനെ പദ്ധതിയുടെ അമരക്കാരനാക്കുക എന്നതാണ് ഈ പദ്ധതി നടപ്പിലാകാൻ വേണ്ടതെന്ന് സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പ്രകാരം ശ്രീധരൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു.
രണ്ടുഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരം മുതൽ കണ്ണൂർവരെ. യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിശോധിച്ച് സാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ കാസർകോട്ടേക്കോ മംഗലാപുരത്തേക്കോ നീട്ടാം എന്നതാണ് രണ്ടാം ഘട്ടം.
കണ്ണൂർ മുതൽ കാസർകോടു വരെ യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് നേരത്തേ നടത്തിയ സർവേകൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരംമുതൽ കണ്ണൂർവരെ മൂന്നരമണിക്കൂർകൊണ്ട് എത്തുന്ന സെമി സ്പീഡ് റെയിൽപ്പാതയാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഇതിനെ ഹൈസ്പീഡ് പാതയാക്കി ഉയർത്തും. ഇതിന് സാധിക്കുന്നരീതിയിൽ നിർമ്മിക്കണം. രാജ്യത്തെ അതിവേഗ റെയിൽവേശൃംഖലയുമായി ബന്ധിപ്പിക്കാനും സാധിക്കണം.
എങ്ങനെ ഫണ്ട് കണ്ടെത്തും എന്നത് അടക്കം കൃത്യമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതത്തിന് പുറമേ, വിവിധ ധനകാര്യ ഏജൻസികളിൽനിന്നുള്ള വായ്പകൾ എന്നിവയിലൂടെ പദ്ധതിക്കായി പണം കണ്ടെത്താം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവിന്റെ 60 ശതമാനം വഹിക്കുകയും 40 ശതമാനം വായ്പകളിലൂടെ കണ്ടെത്തുകയും ചെയ്യാം. കൂടാതെ പരിസ്ഥിതിസൗഹൃദ പദ്ധതിയായതിനാൽ പുതിയ പദ്ധതിക്ക് വിദേശ ധനകാര്യ ഏജൻസികളിൽനിന്ന് എളുപ്പം വായ്പലഭിക്കും
ഭൂമി ആവശ്യമെങ്കിൽ സംസ്ഥാനം ഏറ്റെടുത്ത് നൽകണം, നിലവിലെ പദ്ധതി അനുസരിച്ചു കുറച്ചു ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഭൂഗർഭ തുരങ്കപാതയായാലും എലിവേറ്റഡ് പാതയായാലും പദ്ധതിപ്രദേശത്ത് കൃഷിചെയ്യുന്നതിന് തടസ്സമില്ല. വീടുവെക്കാനും വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടായേക്കും.
ഒരുവർഷത്തിനുള്ളിൽ ഡി.പി.ആർ. (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കാൻ ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്താം. നിർദ്ദേശം സംസ്ഥാനം അംഗീകരിച്ചാൽ തുടർന്ന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതുണ്ട്. പദ്ധതിയിൽ ശ്രീധരന്റെ ഉത്തരവാദിത്വം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കേണ്ടത്.
മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗമാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിലവിൽ തീവണ്ടികളുടെ വേഗം ഇപ്രകാരമാണ്: പരശുറാം എക്സ്‌പ്രസ്- മണിക്കൂറിൽ 45 കി.മീ., മംഗലാപുരം എക്സ്‌പ്രസ് -45, മാവേലി എക്സ്‌പ്രസ് -50, മലബാർ എക്സ്‌പ്രസ് -48, വന്ദേഭാരത് എക്സ്‌പ്രസ്-75.5.
ശ്രീധരന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. ഈ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കും. പുതിയ പദ്ധതിയുടെ നടത്തിപ്പ് ചുമതല ശ്രീധരനെ ഏൽപ്പിക്കാനും സാധ്യതയുണ്ട്. താമസിയാതെ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതിന് മുമ്പ് ഇടതുമുന്നണിയിലും ഇത് അവതരിപ്പിക്കും.
നിലവിലെ ഡിപിആർ, റെയിൽപാത തുടങ്ങിയവയൊന്നും പ്രായോഗികമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡിപിആറിൽ മാറ്റം വേണം. റെയിൽവേയുടെ പാതയുമായി ചേർന്നുകൊണ്ടുള്ള പാതയാണ് വേണ്ടത്. ആദ്യം സെമി സ്പീഡ് ട്രെയിൻ സർവീസ് നടപ്പിലാക്കണം. ഹൈ സ്പീഡ് ട്രെയിൻ എന്ന പദ്ധതി പിന്നീട് ആലോചിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പുതിയ രൂപത്തിൽ കെ.റെയിൽ നടപ്പാക്കാനാണ് സർക്കാർ നീക്കം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ശ്രീധരനും കെ.വി.തോമസും വിഷയത്തിൽ ഇടപെട്ടതെന്നാണ് വിവരം. കെ റെയിൽ എന്ന പേരിലും മാറ്റം വരുത്തും.
പുതിയ പാതയെ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കാൻ കഴിയണം. നിലവിലെ സിൽവർ ലൈൻ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉൾപ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കിൽ മാത്രമേ പദ്ധതി പ്രായോഗികമാകൂ. കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെ.വി തോമസ് പറഞ്ഞു. ഇ. ശ്രീധരന്റെ നിർദേശങ്ങൾ നിലവിൽ മുഖ്യമന്ത്രിയുടെ മുന്നിലാണ്. കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




