തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടി അഹങ്കാരി എന്ന് വിമര്‍ശിച്ച പ്രമുഖ നടി ആരാണ്? സോഷ്യല്‍ മീഡിയയില്‍ മന്ത്രിയുടെ ആരോപണം വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടന്‍ സുധീര്‍ കരമനയും നടിയുടെ രീതിയെ വിമര്‍ശിച്ചു


സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു വേണ്ടി കുട്ടികളെ 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നാണ് മന്ത്രി ആരോപിച്ചത്. ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ മന്ത്രിയുടെ ഓഫിസില്‍ നിന്നാണ് പ്രശസ്ത നടിയെ ക്ഷണിച്ചത്. അവര്‍ ക്ഷണം സ്വീകരിച്ചെങ്കിലും അഞ്ചു ലക്ഷം രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുടെ വാക്കുകള്‍: ''എത്ര അഹങ്കാരികളായി ഇവര്‍ മാറുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കണം. 5 ലക്ഷം രൂപയാണ് ചോദിച്ചിരിക്കുന്നത്. എത്ര അഹങ്കാരമാണ്. പണത്തോടുള്ള ആര്‍ത്തി തീര്‍ന്നിട്ടില്ല ഇവര്‍ക്ക്. ഞാന്‍ പറഞ്ഞു വേണ്ടെന്ന്. പകരം പഠിപ്പിക്കാന്‍ ഇവിടെ എത്ര പേര്‍ വേണമെങ്കിലും ഉണ്ടാകുമെന്ന നിലയില്‍ പറഞ്ഞ് ആ നടിയെ ഉപേക്ഷിച്ചു.''

നടിയുടെ പേരു പറയാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതോടെ, ആരാണ് ആ നടി എന്നതായി ചര്‍ച്ച. പലരും സംശയത്തിന്റെ നിഴലിലായി.

സ്‌കൂള്‍ കലോല്‍സവത്തിലൂടെ പേരെടുക്കുകയും സിനിമയില്‍ എത്തുകയും ചെയ്ത ചില അഭിനേത്രിമാരെ ചുറ്റിപ്പറ്റിയായി ചര്‍ച്ച. മുന്‍പും, ഒരു നടിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനമുണ്ടായെന്ന് മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശനമുന്നയിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ്, യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വന്‍ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടത്. ചടങ്ങിലെ മുഖ്യാതിഥി നടി നവ്യ നായരെ വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം.

അതേസമയം, താന്‍ വന്ന വഴി മറന്നിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും നവ്യ ഉദ്ഘാടന പ്രസംഗത്തില്‍ മറുപടി നല്‍കുകയും ചെയ്തു. കേരള സര്‍വകലാശാലാ കലോത്സവ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു നടിയെ ക്ഷണിച്ചപ്പോള്‍ അവര്‍ വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസസൗകര്യവും ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്ന കാര്യവും മന്ത്രി എടുത്തുപറഞ്ഞിരുന്നു. സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കണമെന്നാണ് ശിവന്‍കുട്ടി ആവശ്യപ്പെട്ടത്. സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു വേണ്ടി കുട്ടികളെ 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചതും നവ്യ നായരെന്നാണ് സൂചന.

അതിനിടെ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താന്‍ നടി പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത് രംഗത്തെത്തി. താന്‍ പ്രതിഫലം വാങ്ങാതെയാണ് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയതെന്നും എന്നാല്‍ പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് പറഞ്ഞു.

താന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോ കലാകാരിയുടെയും മൂല്യം അവര്‍ തീരുമാനിക്കുന്നതാണല്ലോ. കഴിഞ്ഞ കലോത്സവത്തിന് കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളര്‍ന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണ്'. ഇത്തവണയും കലോത്സവത്തിനു എത്താന്‍ ആഗ്രഹം ഉണ്ടെന്നും ആശ ശരത്ത് പറഞ്ഞു.