കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവം പലകാരണങ്ങൾ കൊണ്ടു തന്നെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഇക്കുറിയും. തുടക്കത്തിലെ സ്വാഗതഗാനം പോലും അനാവശ്യമായി വിവാദത്തിലാക്കി. പിന്നാലെ കലോത്സവത്തിലെ കലവറയെ കുറിച്ചായി ചർച്ചകൾ. പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകത്തിൽ ബ്രാഹ്മണിക്കൽ ഹെജിമണി വരെ കണ്ടെത്തിയവരുണ്ട്. ഇതോക്കുറിച്ചുള്ള ചർച്ചകൾ ഇനിയും തീർന്നിട്ടില്ല. ഒടുവിൽ ഇനി കലോത്സവത്തിന് സദ്യയൊരുക്കാൻ താനില്ലെന്ന് പഴയിടം പ്രഖ്യാപിക്കേണ്ട അവസ്ഥയും വന്നു.

ഈ വിവാദങ്ങൾക്കിടയിലും സൈബറിടത്തിൽ ഒരു കൂട്ടർ മറ്റൊരു വിവാദം കൂടി പ്രചരിപ്പിക്കുയാണ്ടായി. തൃശൂർ മറ്റത്തൂർ എസ്‌കെഎച്ച്എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഘനൃത്തത്തിലെ ഒരു ഭാഗമാണ് സൈബറിടത്തിൽ പ്രചരിച്ചത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സിപിഎം സ്തുതിപാടൽ ഉണ്ടായി എന്നു പറഞ്ഞു കൊണ്ടാണ് സൈബറിടത്തിൽ പ്രചരണം നടന്നത്. ചെങ്കൊടിയുമായി നൃത്തം ചെയ്യുന്ന ഭാഗം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പ്രചരണം. ഇതിനൊപ്പം കണ്ണൂരിനെ കുറിച്ചുള്ള പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും കാണാൻ സാധിക്കും.

ഇതെന്താണ് സ്‌കൂൾ കലോത്സവമോ അതോ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനമോ? എന്ന ടൈറ്റിലിലായിരുന്നു ഈ നൃത്തരംഗം പ്രചരിച്ചത്. ഇതേക്കുറിച്ചുള്ള വസ്തുത അന്വേഷിച്ച മറുനാടന് ഈ പ്രചരണം ഒരു കാര്യവും ഇല്ലാത്തതാണെന്ന് ബോധ്യമായി. കേരളത്തിന്റെ വൈവിധ്യങ്ങൾ ഒറ്റവേദിയിൽ സമന്വയിപ്പിച്ച സംഘനൃത്തമായിരുന്നു അത്. മറ്റത്തൂർ എസ്‌കെഎച്ച്എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് ഓരോ ജില്ലയുടെയും വൈവിധ്യങ്ങളെ കുറിച്ചായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.

കാസർകോട്ടെ കുറിച്ചു പറയുമ്പോൾ പഴയ വൈറലായ ഗാനത്തെ കുറിച്ചും. അത് കോഴിക്കോട്ടേക്ക് എത്തിയപ്പോൾ ബാബുരാജിന്റെ ഒരു പുഷ്പം മാത്രമെൻ എന്നു തുടങ്ങുന്ന ഗാനവും അതിനൊത്ത ചുവടുകളുമായിരുന്നു ഇവരുടേത്. പത്തനംതിട്ടയിൽ എത്തിയപ്പോൾ ശബരിമലയെ കുറിച്ചും പന്തളം കൊട്ടാരത്തെ കുറിച്ചുമൊക്കെ ഈ സംഘനൃത്തത്തിൽ ഉൾകൊള്ളിച്ചു. ഇങ്ങനെ പതിനാല് ജില്ലയുടെയും രാഷ്ട്രീയ സാംസ്‌കാരിക ഭാവങ്ങളെ അതിമനോഹരമായി തന്നെ അവതരിപ്പിക്കുകയായിരുന്നു സംഘനൃത്തത്തിലൂടെ മറ്റത്തൂരിലെ വിദ്യാർത്ഥികൾ.

വേദിയിൽ ഈ സംഘനൃത്തം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ നിലയ്ക്കാത്ത കൈയടികളും ലഭിച്ചിരുന്നു. കോഴിക്കോടിന്റെ ബാബുക്കയും തൃശൂർ പൂരവും കണ്ണൂരിന്റെ വിപ്ലവവീര്യവും പ്രളയത്തിലെ സാഹോദര്യവും വേദിയിൽ സംഗമിച്ച സംഘനൃത്തം വൈറലാകുകയു ചെയ്തു. പ്രളയവും മഹാവ്യാധിയും വന്നപ്പോഴും ജാതി-മത ഭേദമില്ലാതെ മലയാളികൾ ഒന്നിച്ചുനിന്നു. അതേ ഒരുമ കലോത്സവവേദിയിലും വേണമെന്ന് പറഞ്ഞാണ് നൃത്തം അവസാനിച്ചത്.

ജ്യോതിഷ് തെക്കേടത്താണ് രചന. അരുൺ നമ്പലത്തുകൊറിയോഗ്രാഫിയും കലാഭവൻ സുമേഷ് സംഗീതവും നൽകി. ഈ സംഘനൃത്തമാണ് തെറ്റായ വിധത്തിൽ സൈബറിടത്തൽ പ്രചരിപ്പിച്ചത്. എന്നാൽ, സംസഥാന സ്‌കൂൾ കലോത്സവത്തിലെ ഏറ്റവും മികച്ചു നിന്ന നൃത്തരൂപങ്ങളിൽ ഒന്നായരുന്നു ഇതെന്നതാണ് വാസ്തവം.