തിരുവനന്തപുരം: ഇനി ഡ്രൈവിങ് ലൈസൻസ് പുതിയ പിവിസി പെറ്റ് ജി കാർഡിൽ ലഭിക്കും. നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്. സീരിയൽ നമ്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു ആർ കോഡ് എന്നിങ്ങനെ 7 പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസൻസിനുള്ളത്. റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്.

അധികം താമസിയാതെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറും. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. നിയമ, വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി , ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ എന്നിവർ പങ്കെടുക്കും. ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ പി വി സി പെറ്റ്ജി ഡ്രൈവിങ് ലൈസൻസ് ഏറ്റുവാങ്ങും.

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാർട്ട് കാർഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസൻസ് നൽകുമ്പോൾ കേരളത്തിലെ ലൈസൻസ് പേപ്പറിൽ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതിൽ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസൻസ് കാർഡുകൾ വേണമെന്നുമുള്ളത് മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. എന്തായാലും മലയാളികൾ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി സി. പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയാണ് പി.വി സി. പെറ്റ്ജി ഡ്രൈവിങ്ങ് ലൈസൻസ് ഏറ്റുവാങ്ങുന്നത്. ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായ സമീപ ഭാവിയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളും ഇതും കാർഡ് രൂപത്തിലാണ് നൽകുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കിയിരുന്നു. പി.വി സി. പെറ്റ് ജി കാർഡിൽ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്.

ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാർഡുകളാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ചിപ് കാർഡുകളിൽ ചിപ് റീഡർ ഉപയോഗിച്ച് കാർഡിലെ വിവരങ്ങൾ ശേഖരിക്കാനാകും. എന്നാൽ സാങ്കേതികതകരാർ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാർഡ് ഒഴിവാക്കി. 2019-ൽ ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം വൈകിയത്. ഫെബ്രുവരി 15-ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകിയിരുന്നു. സ്വന്തമായി ലൈസൻസ് തയ്യാറാക്കി വിതരണംചെയ്യാൻ മോട്ടോർവാഹനവകുപ്പിന് തടസ്സമില്ല. കരാർ നൽകുന്നതിനാണ് തടസ്സമുള്ളത്. നാലു ഓഫീസുകളിലേക്കുള്ള ഡ്രൈവിങ് ലൈൻസുകൾ ഇപ്പോൾ ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽ തയ്യാറാക്കി തപാലിൽ അയക്കുകയാണ് ചെയ്യുന്നത്.