തിരുവനന്തപുരം: മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ സാഹിബ്. ഇക്കാര്യത്തില്‍ ഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

പൊലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കേസുകളില്‍ ആദ്യ പത്തുദിവസത്തെ അന്വേഷണം നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്നും സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇതിനായി ജില്ലാതലങ്ങളില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സുമായി സംയോജിച്ചു പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

2024 ല്‍ സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനായി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കൈവശം വെച്ചതിനും കടത്തിക്കൊണ്ടുവന്നതിനും 258 കേസുകളില്‍ 239 കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളതും 565 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. ഇതില്‍ 4500 കിലോഗ്രാം കഞ്ചാവും 24കിലോഗ്രാം എം.ഡി.എം.എയും ഉള്‍പ്പെടുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണെന്നും മറ്റു കുറ്റകൃത്യങ്ങള്‍ അനേഷിക്കുന്നതിലുള്ള അതേ ജാഗ്രത സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലും വേണമെന്നും കുറ്റവാളികള്‍ ശിക്ഷിപ്പെടാത്ത ഓരോ കേസുകളും ജില്ലാ പോലീസ് മേധാവികള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. വ്യാജ പ്രലോഭനങ്ങളിലൂടെയുള്ള നിക്ഷേപക തട്ടിപ്പുകളില്‍ വിദ്യാസമ്പന്നര്‍ പോലും കുടുങ്ങുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളെയും കുറ്റവാളികള്‍ സ്വീകരിക്കുന്ന രീതികളെയും പറ്റി പൊലീസ് സ്റ്റേഷനുകളിലെ എല്ലാ അംഗങ്ങളും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.

അന്തര്‍ സംസ്ഥാനതലത്തിലല്ലാതെയുള്ള കേസുകള്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഓരോ പോലീസ് സ്റ്റേഷനുകളും സ്വയം പര്യാപ്തത നേടണമെന്നും ജില്ലാ പോലീസ് മേധാവികള്‍ ഇതിന് ഊന്നല്‍ നല്‍കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. കൂടാതെ സാമ്പത്തിക തട്ടിപ്പുകേസുകള്‍ വളരെ ഗൗരവത്തോടെ അന്വേഷിക്കണ്ടതാണെന്നും ഓര്‍മിപ്പിച്ചു.

ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കാപ്പ നിയമം ഫലപ്രദമായി ഉപയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ തയാറാകണമെന്നും ചില നഗരങ്ങള്‍ കേന്ദ്രീകരിച്ചു ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്ന പ്രവണത കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പോലീസില്‍ ഗുണ്ടകളെ സഹായിക്കുന്ന പ്രവണതയുളളവരുണ്ടെങ്കില്‍ മുളയിലേ നുള്ളണമെന്നും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമരോടും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചു.

നഗര പരിധികളിലുള്ള മാവോവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണം. പോലീസ് നീരീക്ഷണം ശക്തിപ്പെടുത്തുന്നതിനൊപ്പം ആദിവാസി ജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നാട്ടിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന ഏതൊരു കാര്യവും അടിച്ചമര്‍ത്തണമെന്നും അവ ഏതുഭാഗത്തു നിന്നു വന്നാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഴയകാലത്തു നിന്നും വ്യത്യസ്തമായി കുടുംബ തര്‍ക്കങ്ങളും ബന്ധുജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും കൊലപാതകങ്ങളിലും കൂട്ടആത്മഹത്യകളിലും എത്തുന്ന പ്രവണത കൂടി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം. ഇത്തരം കേസുകളില്‍ തുടക്കത്തില്‍തന്നെ ശാസ്ത്രീയ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊലപാതക കേസുകളുടെ എണ്ണം കുറഞ്ഞതായി കാണപ്പെട്ടു 335 കൊലപാതക കേസുകളില്‍ 331 എണ്ണത്തിലും പ്രതികളെ കണ്ടെത്താനായിട്ടുള്ളതും ആകെ 553 പ്രതികള്‍ ഉള്ളതില്‍ 540 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.

കേസന്വേഷണം കുറ്റമറ്റതാക്കാനും ഇതുസംബന്ധിച്ച വിവരങ്ങള്‍ സമയബന്ധിതമായി പുതുക്കുന്നതിനും ഐ കോപ്‌സ് ഉപയോഗിക്കാന്‍ എല്ലാ പൊലീസുകാരെയും പ്രാപ്തരാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 48906 റോഡപകടങ്ങള്‍ നടന്നിട്ടുള്ളതില്‍ 3795 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ മരണ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 285 എണ്ണം കുറവാണ് .

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിശീലന, കുറ്റാന്വേഷണ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍വച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് മെഡലുകള്‍ വിതരണം ചെയ്തു. പരിശീലനവിഭാഗത്തില്‍ 2019-20, 2021 -22 വര്‍ഷങ്ങളിലായി യഥാക്രമം ഒന്നും ആറും പോലീസുദ്യോഗസ്ഥരാണ് അവാര്‍ഡിനര്‍ഹരായത്. കുറ്റാന്വേഷണത്തില്‍ ഏഴുപേര്‍ക്കാണ് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഇക്കഴിഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് മികച്ച സേവനം കാഴ്ച്ചവെച്ചവര്‍ക്ക് പ്രശംസാപത്രവും നല്‍കി.

അവലോകനയോഗത്തില്‍ എ.ഡി.ജി.പിമാര്‍, സോണ്‍ ഐ.ജിമാര്‍, ഐ.ജി ട്രാഫിക്, റേഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.