- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മലയാളമറിയാത്ത ആളുകളിലേക്ക് ഇത് ഭയങ്കരമായി 'ഇംപാക്ട്' ചെയ്യും; കളിയാക്കിക്കൊണ്ട് നമ്മൾ ചെയ്യുന്ന ട്രോളുകൾ മനസിലാക്കാനുള്ള മിനിമം ബുദ്ധിപോലും ഇല്ലാത്തവരുടെ ഇടയിലേക്കാണ് ഈ ചിത്രമെത്തുക; ഒരു പടം കണ്ട് 'കുഴിമാടം' കുത്തിപ്പൊളിക്കാൻ പോയവർ വരെ ഉണ്ട്; ഒടുവിൽ ‘കേരളാ സ്റ്റോറി 2' വിനെതിരെ കേസ് നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ഹർജിക്കാരൻ

കൊച്ചി: 'ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജികൾ. വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിനെതിരായ കേസുകൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന് മുന്നിലാണ്. മലയാളികളെ അരികുവത്കരിക്കാനുള്ള രാഷ്ട്രീയ പദ്ധതിയാണ് ചിത്രമെന്നും, ഇത് തനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കിയതുകൊണ്ടുമാണ് നിയമനടപടിയുമായി മുന്നോട്ട് പോയതെന്നും ഹർജിക്കാരിലൊരാളായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ഫ്രെഡ്ഡി വി. ഫ്രാൻസിസ് പറയുന്നു.
നിലവിൽ മൂന്ന് ഹർജികളാണ് ചിത്രത്തിനെതിരെ ഹൈക്കോടതിയിലുള്ളത്. 'ദ കേരളാ സ്റ്റോറി'യുടെ ആദ്യഭാഗം പുറത്തിറങ്ങിയതുമുതൽ, ചിത്രത്തിൽ പറയുന്നതുപോലെയാണ് കേരളത്തിൽ നടക്കുന്നതെന്ന തെറ്റിദ്ധാരണകൾ പലരിലും ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന തനിക്ക് ഇത്തരം ചോദ്യങ്ങൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള മാന്യമായി ജീവിക്കാനുള്ള തന്റെ അവകാശത്തെ ബാധിച്ചുവെന്നും ഫ്രെഡ്ഡി വ്യക്തമാക്കി.
'കേരള സ്റ്റോറി' എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ക്രിയേറ്റീവ് ഫ്രീഡം ഉണ്ടെങ്കിലും, കേരളം എന്ന പേര് ഉപയോഗിച്ച് ഒരു വലിയ സമൂഹത്തെ തെറ്റിദ്ധാരണയുടെ മുൾമുനയിൽ നിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
ഈ നിയമനടപടികളോടെ, കേവലം ഒരു ട്രോൾ മെറ്റീരിയലായി മാത്രം കണ്ടിരുന്ന ചിത്രത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുവെന്നും, ഹൈക്കോടതിയുടെ തുടർനടപടികൾ ഈ വിഷയത്തിൽ നിർണ്ണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ...
ഞാൻ കേരളത്തിൽ പുറത്ത് ജോലിചെയ്തു ജീവിക്കുന്ന ആളാണ്. കേരളത്തിന് പുറത്ത് ജീവിക്കുമ്പോൾ പല ആളുകളുമായി ഇടപഴകേണ്ടിവരും. 'ദ കേരള സ്റ്റോറി' ആദ്യഭാഗം വന്നതിൽ പിന്നെ, ചിത്രത്തിൽ പറയുന്നതുപോലെയാണ് കേരളത്തിൽ നടക്കുന്നതെന്നുള്ള തെറ്റിദ്ധാരണകൾ പല ആളുകൾക്കുമുണ്ട്. കേരളത്തിൽ വരാത്ത, സംസ്ഥാനത്തിന് പുറത്ത് ജീവിക്കുന്ന പല ആളുകളേയും കൂടാതെ മലയാളികളുടെ ഇടയിൽ പോലും ഇത്തരം തെറ്റിദ്ധാരണകളുണ്ട്. പുറംലോകവുമായിട്ട് ബന്ധമില്ലാത്ത മലയാളികളുടെ ഇടയിൽ തന്നെ ഇങ്ങനെയുള്ള കുറെ ചിന്തകളുണ്ട്. ജോലിപരമായ സാഹചര്യങ്ങളിൽ പലപ്പോഴും ഇതേപോലെ ചോദ്യങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21-ൽ പറയുന്നപോലെ മാന്യമായി ജീവിക്കാനുള്ള അവകാശം എനിക്കുണ്ട്. ചിത്രം പ്രചരിപ്പിച്ച തെറ്റിദ്ധാരണകൾ എന്നെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് കേസുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്. ക്രിയേറ്റീവ് ഫ്രീഡം ഉപയോഗിച്ച് എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, കേരള എന്നു പേരുവെച്ച്, ഒരു വലിയസമൂഹത്തെ മുഴുവൻ തെറ്റിദ്ധാരണയുടെ മുൾമുനയിൽ നിർത്തുന്നതിനെതിരെയാണ് കേസ് ഫയൽ ചെയ്തത്. പ്രത്യേകിച്ച് എനിക്ക് വ്യക്തിപരമായി ഒരുപ്രശ്‌നംകൂടി നേരിടേണ്ടി വന്നപ്പോൾ.
കേരള സ്റ്റോറി എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ഒരു ആവശ്യം. 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രമിറങ്ങിയ സമയത്തും പ്രശ്‌നമായപ്പോൾ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നു. സമാനമാണ് ഈ കേസും. എന്നെ വ്യക്തിപരമായി ബാധിച്ചതുകൊണ്ടാണ് കേസ് കൊടുത്തത്.
ഇതുപോലെ കൂടുതൽ ആളുകളിലേക്ക് എത്തുന്ന ഒരു ഫീച്ചർ ഫിലിം വരുമ്പോൾ അത് എത്തിച്ചേരുന്നത് സാമൂഹികമാധ്യമങ്ങളിൽ റീൽസുകൾ കാണുന്ന പ്രേക്ഷകരിലേക്ക് മാത്രമല്ല. മലയാളമറിയാത്ത, ഹിന്ദി സംസാരിക്കുന്ന വളരെ ലോക്കൽ ആയിട്ടുള്ള ആളുകളിലേക്കുവരെ ചിത്രമെത്തും. കളിയാക്കിക്കൊണ്ട് നമ്മൾ ചെയ്യുന്ന കണ്ടെന്റോ, ട്രോളുകളോ മനസിലാക്കാനുള്ള മിനിമം ബുദ്ധിപോലും ഇല്ലാത്ത ആളുകളിലേക്കാണ് ഈ ചിത്രമെത്തുക. 'ഛാവ' സിനിമ കണ്ട് കുഴിമാടം കുത്തിപ്പൊളിക്കാൻ പോയ ആളുകളാണ്. അത്തരക്കാർക്കിടയിലേക്ക് 'കേരളാ സ്‌റ്റോറി 2' പോലെയൊരു സിനിമ ഇറങ്ങി കഴിഞ്ഞാൽ, അവർ എന്താണ് മനസിലാക്കാൻ പോവുന്നത് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സാമൂഹികമാധ്യമങ്ങളിൽ ലൈക്കും ഷെയറും കിട്ടുന്ന കണ്ടെന്റുകൾക്ക് പിന്നാലെയായിരിക്കും ആളുകൾ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ, അതിൽ മലയാളിക്ക് ഏറ്റവും വേഗം റിലേറ്റ് ചെയ്യാൻ പറ്റിയ വിഷയം അതിലെ ബീഫ് പ്രശ്‌നം തന്നെയായിരുന്നു. അതുകൊണ്ടാണ് ആളുകൾ ആദ്യഘട്ടത്തിൽ അതിന് പിന്നാലെപ്പോയത്. അതിൽനിന്നെല്ലാം വ്യത്യസ്തമായി വർക്ക് ലൈഫിനേയും സോഷ്യൽ ലൈഫിനേയും ബാധിക്കുന്ന ഒരുപാട് പ്രശ്‌നങ്ങൾക്ക് ആ ട്രെയ്‌ലർ കാരണമുണ്ടായിട്ടുണ്ട്.
കോടതി സിനിമ കണ്ടാൽ അവരുടെ പ്രൊപ്പഗാൻഡ പുറത്തു വരും. അത് ചിത്രത്തെ സാമ്പത്തികമായി ബാധിക്കും. അതൊക്കെക്കൊണ്ടാവാം അവർ എതിർക്കുന്നത്. ലോകത്തെല്ലായിടത്തും മലയാളികളുണ്ട്. മറ്റ് ഇന്ത്യൻ കമ്യൂണിറ്റികളേക്കാൾ വളരേ സ്വാധീനമുള്ളവരാണ് മലയാളികൾ. നമ്മളെ താറടിച്ചു കാണിച്ചാൽ അവിടെ പുതിയവിഭാഗം ഉയർന്നുവരും. നമ്മളെ എങ്ങനെയെങ്കിലും അരികുവത്കരിക്കാനുള്ള പൊളിറ്റിക്കൽ പ്രൊജക്ട് കൂടിയാണ് ചിത്രം.
ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ എന്തിനെയും പോർട്രേറ്റ് ചെയ്യാം. ആ സ്വാതന്ത്ര്യം എനിക്കും നിങ്ങൾക്കുമുണ്ട്. സിനിമ എടുക്കാൻ സാങ്കേതികമായി അറിവില്ലാത്തവർക്കുപോലും ഇന്ന് ഫോൺ ഉണ്ടെങ്കിൽ സിനിമയെടുക്കാം. പക്ഷേ, അങ്ങനെ സിനിമയെടുക്കുന്നത് സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതിനും സാമൂഹികഘടനയെ തകർക്കുന്നതിനുമാവരുത്. കേവലം സാമൂഹികവിമർശനമല്ല ചിത്രത്തിൽ പറയുന്നത്. അതിലുള്ള പല കാര്യങ്ങളും നടന്നിട്ടില്ലെന്ന് അവർ തന്നെ പറയുന്നു. പിന്നെ എന്തിനാണ് ഈ പേര് ഉപയോഗിക്കുന്നത് എന്നാണ് ചോദ്യം. കേരളമായതുകൊണ്ട് കേസുമാത്രമേയുണ്ടായിട്ടുള്ളൂ. കർണാടകയിലോ തമിഴ്‌നാട്ടിലോ ആയിരുന്നെങ്കിൽ കേസിന് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


