തിരുവനന്തപുരം: അബുദാബി ബിസിനസ് മീറ്റിലെ ഉദ്ഘാടന പരിപാടിയിലെ വിഐപി കസേരക്കായി കേരള സർക്കാർ മുടക്കിയത് ഒന്നര കോടി രൂപയാണ്. എന്നാൽ, കേന്ദ്രസർക്കാർ ഉടക്കുവെച്ചതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അനുമതിയില്ലാത്ത അവസ്ഥയായി. ഇതോടെ കൊടുത്ത പൈസ വസൂലാക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കാനാണ് കേരള സർക്കാറിന്റെ തീരുമാനം. കേന്ദ്രം അനുമതി നിഷേധിച്ചതോടെ കേരളത്തിൽ നിന്നും ഉദ്യോഗസ്ഥ സംഘമാകും യുഎഇയിലേക്ക് പോകുക. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം.

അതേസമയം കേന്ദ്രസർക്കാർ സന്ദർശനാനുമതി നൽകില്ലെന്ന് ഉറപ്പായതോടെ യുഎഇയിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. മെയ് ഏഴിന് വൈകിട്ട് അബുദാബിയിലും പത്തിന് ദുബായിലുമായിരുന്നു പരിപാടികൾ. സിപിഎം ആഭിമുഖ്യമുള്ള സംഘടനകൾക്കായിരുന്നു സ്വീകരണ പരിപാടികളുടെ ഏകോപനവും മേൽനോട്ട ചുമതലയും. അബുദാബിയിലും ദുബായിലും സംഘാടക സമിതിയും രൂപീകരിച്ചു.

യുഎഇയിലെ പ്രമുഖ വ്യവസായികളും ഇടത് അനുഭാവമുള്ള സംഘടനാ പ്രതിനിധികളും ലോകകേരള സഭാംഗങ്ങളുമായിരുന്നു സംഘാടക സമിതി അംഗങ്ങൾ. മെയ് ഏഴിന് അബുദാബി നാഷനൽ തിയറ്ററിൽ മുഖ്യമന്ത്രി പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ദുബായ് അൽ നാസർ ലിഷർ ലാൻഡിലായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്. മന്ത്രിസഭയുടെ രണ്ടാം വാർഷിത്തോട് അനുബന്ധിച്ച് സർക്കാരിന്റെ നേട്ടങ്ങളും ഭാവി പദ്ധതികളും പ്രവാസികളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു സ്വീകരണ പരിപാടികൾ ഒരുക്കിയത്.

രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ ആദ്യമായിട്ടാണ് യുഎഇയിൽ പ്രവാസികളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ യാത്രാനുമതി നൽകാതെ വന്നതോടെ പൗരസ്വീകരണം നടത്താനുള്ള നീക്കം പാളി. ഇതോടെ പൗരസ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചതായി സംഘാടകർ പ്രഖ്യാപിച്ചു. പുതുക്കിയ തിയതി അറിയിക്കാതെയായിരുന്നു ഇത് സംബന്ധിച്ചുള്ള വിശദീകരണക്കുറിപ്പ്. അവസാന ഘട്ടത്തിൽ പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപകസംഗമത്തിന് മാത്രമായി മുഖ്യമന്ത്രി യാത്രാ അനുമതി തേടിയെങ്കിലും അതും വിജയിച്ചില്ല.

വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത് എന്നായിരുന്നു കേരളത്തിന്റെ അവകാശവവാദം. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന 9 അംഗ സംഘം ഏഴിനു പോകാൻ ആയിരുന്നു ആലോചന. എന്നാൽ ഔദ്യോഗിക ക്ഷണമെന്നത് തെളിയിക്കാനായില്ല. ഈ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. നയതന്ത്ര തലത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചത് യുഎഇയും കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല. അനുമതി നൽകില്ലെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഔദ്യോഗിക സംഘത്തെ അയച്ചാൽ മതി എന്നുമാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എട്ട് മുതൽ 10 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിദേശ രാജ്യങ്ങൾ നേരിട്ടു മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിക്കുന്നതിന്റെ അനൗചിത്യവും അനുമതി നിഷേധിക്കാൻ കാരണമായി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സംഗമത്തിൽ പങ്കെടുക്കും. സംഘത്തിൽ ആരൊക്കെ ഉണ്ടാകണം എന്നു തീരുമാനം ആയിട്ടില്ല. അനുമതിക്കുള്ള അപേക്ഷ ഒരു മാസത്തോളം പരിഗണനയിൽ വച്ച ശേഷമാണ് കേന്ദ്ര സർക്കാർ നിഷേധിച്ചത്. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ ക്ഷണം ലഭിച്ചതിനാലാണ് നാലുദിവസത്തെ യാത്രയ്ക്കായി പോകുന്നു എന്നായിരുന്നു ഔദ്യോഗികമായി അറിയിച്ചിരുന്നത്. മെയ് ഏഴിന് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസും പി രാജീവും പോകുമെന്നും പറഞ്ഞിരുന്നു. രണ്ടാം എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി, സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി സംവദിക്കുമെന്നും പറഞ്ഞു

വിവിധ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത് എന്നായിരുന്നു അവകാശവാദം. മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണമൊന്നും യു എ ഇ നൽകിയിട്ടില്ല. ഇന്ത്യൻ എംബസിയോ യുഎഇ കോൺസിലേറ്റോ അറിഞ്ഞുമാത്രമേ ഔദ്യോഗിക ക്ഷണം ഉണ്ടാകൂ. കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം എംബസി അറിഞ്ഞിട്ടില്ല. ഔദ്യോഗികമായി യുഎഇ സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ കേന്ദ്ര സർക്കാറിന്റെ അനുമതിയും ആവശ്യമാണ്. മറ്റൊരു രാജ്യത്തെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന രീതിയും പതിവില്ല.

ഇൻവെസ്റ്റിമെന്റ് മീറ്റിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണമൊന്നും ആവശ്യമില്ല. കഴിഞ്ഞ ഒക്ടോബറിൽ പിണറായി വിജയൻ അബുദാബിയിൽ സ്വകാര്യസന്ദർശനം നടത്തിയിരുന്നു. അവിടെ ജോലി ചെയ്യുന്ന മകൻ വിവേക് കിരണിനെ സന്ദർശിക്കുക മാത്രമായിരുന്നു പരിപാടി.