തിരുവനന്തപുരം: സമസ്തയെ പോലുള്ള മുസ്ലിംസംഘടനകൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന അവസ്ഥയിലാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാർ എന്ന വിമർശനം ശക്തമാണ്. അടുത്തിടെ കുടുംബശ്രീയുടെ സത്യപ്രതിജ്ഞയിൽ തുല്യ സ്വത്തവകാശത്തെ കുറിച്ചുള്ള പരാമർശം തന്നെ നീക്കിയത് സമസ്ത ഉയർത്തിയ എതിർപ്പിലാണ്. ദേശീയ തലത്തിൽ ഏകീകൃത സിവിൽകോഡ് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുമ്പോഴും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും തുല്യാവകാശത്തിന് വേണ്ടിയും വാദിക്കുന്ന സിപിഎം മറിച്ചൊരു അഭിപ്രായം എടുക്കാനാണ് സാധ്യത കൂടുതലും.

സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കൊടുക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലെ സർക്കാർ നിലപാട് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് കേരള സർക്കാർ നിലപാട്. 'പ്രവാചകന്റെ യഥാർഥ ആവിഷ്‌ക്കാര'മാണെന്നും സർക്കാർ വാദിക്കുന്നു. ഈ നിലപാട് ഉറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയിൽ ഉടൻ സത്യവാങ്മൂലം സമർപ്പിക്കും. ഖുർആൻ സുന്നത്ത് സൊസൈറ്റി, വി പി സുഹ്‌റ തുടങ്ങിയവർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്‌പെഷ്യൽ ലീവ് പെറ്റിഷനിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുക. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

മുസ്ലിം സ്ത്രീകളുടെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഇസ്ലാമിക നിയമം വിവേചനം കാട്ടുന്നുവെന്നും, ആ വിവേചനം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം. ഈ വാദത്തെ സർക്കാർ തള്ളുകയാണ് ചെയ്യുന്നത്. ശരീഅത്ത് നിയമത്തിൽ അടങ്ങിയിരിക്കുന്ന മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടർച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുക.

മുസ്ലിം സ്ത്രീകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങൾ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരയാണ് സ്‌പെഷ്യൽ ലീവ് പെറ്റിഷൻ സമർപ്പിച്ചത്. മുസ്ലിം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുകയും നിയമത്തിന് മുന്നിൽ മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും പരാതിക്കാർ വാദിച്ചിരുന്നു. എന്നാൽ, ഹർജിയിൽ തീർപ്പുകൽപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി, പ്രശ്നങ്ങൾ പരിഗണിച്ചുള്ള നിയമനിർമ്മാണം നിയമസഭയ്ക്ക് വിടുകയായിരുന്നു.

എന്നാൽ, നിലവിലുള്ള ആചാരങ്ങളും നടപടിക്രമങ്ങളും തുടരണമെന്ന് സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത മതനേതാക്കളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗം ഏകകണ്ഠമായി അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ഇസ്ലാം അംഗീകരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട ഒരാൾക്ക് വിവേചനത്തെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിക്കും. പിന്തുടർച്ചാവകാശ തത്വങ്ങൾ ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് വിരുദ്ധമാണെന്ന് ഹർജിക്കാർക്ക് തോന്നുന്നുവെങ്കിൽ, അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി പ്രവർത്തിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോടതിയിലൂടെ അവർക്ക് അവരുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ കഴിയില്ലെന്നും സർക്കാർ വാദിക്കും.

പിന്തുടർച്ചാവകാശത്തിൽ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുവെന്ന ഹർജിക്കാരുടെ വാദത്തെ സർക്കാർ എതിർക്കുമെന്നും അവർ ഉയർത്തുന്ന വാദം ശരിയല്ലെന്നും നിലനിൽക്കുന്നതല്ലെന്നും വാദിക്കുമെന്നും നിയമ വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അടുത്തകാലത്തായി സമസ്ത ശരിഅത്ത് ഉയർത്തി കാണിച്ചു വിമർശിച്ച സംഭവങ്ങളിലെല്ലാം സർക്കാർ വഴങ്ങിയിരുന്നു. കുടുംബശ്രീ സത്യപ്രതിജ്ഞയിൽ മലക്കം മറിഞ്ഞതിന് പിന്നാലെ ജെൻട്രൽ ന്യൂട്രൽ യൂണിഫോമിനെയും പാഠ്യപദ്ധതി പരിഷ്‌ക്കരണത്തെയും സമസ്ത എതിർത്തിരുന്നു. ഈ വിഷയത്തിലെല്ലാം യുടേൺ എടുക്കുകയാണ് സർക്കാർ ചെയ്തതു. ഇതെല്ലാം വോ്ട്ടബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.