- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
219 കോടി രൂപയുടെ ബിസിനസ് ഡീല്‍ നടന്ന ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ഇത്തവണ കേരള ടൂറിസം ''തിളങ്ങിയത്'' രണ്ടാനയുടെ പടവും രണ്ടു ചെണ്ടയുമായി; മുഖ്യമന്ത്രിയുടെ ഗള്‍ഫ് ടൂറിന്റെ പേരില്‍ വിവാദം കൊഴുക്കുമെന്ന ഭീതിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഒഴിവായെന്നു സൂചന; വിദേശികള്‍ കൈവിട്ട കേരളത്തെ ട്രാവല്‍ മാര്‍ട്ടും തഴഞ്ഞെന്ന സൂചനയുമായി ഇത്തവണയും കേരള ടൂറിസം അവാര്‍ഡ് ഇല്ലാതെ മടങ്ങി
ഇത്തവണയും കേരള ടൂറിസം അവാര്‍ഡ് ഇല്ലാതെ മടങ്ങി
ലണ്ടന്‍: ആരോ ചന്തയ്ക്ക് പോയത് പോലെ എന്ന പഴമൊഴി ഓര്‍മ്മിപ്പിക്കും വിധം ഇത്തവണയും കേരളത്തില്‍ നിന്നുള്ള ടൂറിസം വകുപ്പ് സംഘം കഴിഞ്ഞ ആഴ്ച ലണ്ടനിലെത്തി. ലോകത്തെ ഏറ്റവും വലിയ ടൂറിസം മേളയായ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ കെടിഡിസി ചെയര്‍മാന്‍ പികെ ശശിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇത്തവണയും വെറും കയ്യോടെ മടങ്ങി. കോവിഡിന് ശേഷം വിദേശ സഞ്ചാരികള്‍ കൈവിട്ട കേരളത്തെ അതിന്റെ പേരില്‍ തന്നെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അടക്കമുള്ള ലോബിയിങ് കേന്ദ്രങ്ങളും കൈവിട്ടെന്ന സൂചനയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെറും കയ്യോടെയുള്ള കേരളത്തിന്റെ മടക്കം സൂചിപ്പിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ കിട്ടാത്ത റെസ്പോണ്‍സിബിള്‍ പുരസ്‌കാരം കിട്ടിയെന്ന അവകാശവാദമാണ് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയതെങ്കില്‍ രണ്ടു വര്‍ഷം മുന്‍പ് വമ്പന്‍ പ്രതീക്ഷകളുമായി എത്തി കേരളത്തില്‍ നിന്നും യുകെയില്‍ പഠിക്കാന്‍ എത്തിയ എസ്എഫ്ഐക്കാരെ ഉപയോഗിച്ച് ടൂറിസം പ്രെമോഷന്‍ നടത്താം എന്നൊക്കെ പറഞ്ഞു പോയ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ പിന്നീട് ആ വഴി കണ്ടില്ല എന്നതാണ് വാസ്തവം.
വര്‍ഷാവര്‍ഷം സര്‍ക്കാര്‍ ചിലവില്‍ ഒരു ലണ്ടന്‍ ട്രിപ്പ് നടത്തുക എന്നതില്‍ കവിഞ്ഞൊരു ലക്ഷ്യം ഒരിക്കലും കേരള ടൂറിസം കാട്ടിയിട്ടില്ലാത്തത് ഇത്തവണയും ആവര്‍ത്തിച്ചു എന്നാണ് ബിസിനസ് ഡീല്‍ നടന്നെന്ന അവകാശവാദം പോലും ഇല്ലാത്ത മടക്കം സൂചിപ്പിക്കുന്നത്. മറ്റു രാജ്യങ്ങള്‍ 219 കോടി രൂപയുടെ ബിസിനസ് ഡീല്‍ സ്വന്തമാക്കി മടങ്ങിയപ്പോഴാണ് കേരളത്തെ ആരും ഗൗനിച്ചില്ല എന്നതിന്റെ പ്രസക്തി കൂടുന്നത്. എന്നാല്‍ ആന്ധ്ര അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ടൂറിസം മന്ത്രിയെ തന്നെ അയച്ചു ബിസിനസ് ഡീലുകള്‍ സ്വന്തമാക്കിയെന്നാണ് പുറത്തു വരുന്ന വിവരം. ഗോവ, കര്‍ണാടകം, മദ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടകം എന്നിവരൊക്കെ ഇന്ത്യക്ക് വേണ്ടി ലണ്ടന്‍ ട്രാവല്‍ മാര്‍ട്ടില്‍ തിളങ്ങിയപ്പോള്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നിരാശയോടെ മടങ്ങേണ്ടി വന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
സഞ്ചാരികള്‍ക്ക് വേണ്ടാത്ത കേരളത്തെ അന്താരാഷ്ട്ര ടൂറിസം സംഘാടകരും കൈവിടുന്നു, തെരുവ് നായ മുതല്‍ അമീബിക് മസ്തിഷ്‌ക മരണം വരെ തിരിച്ചടിക്ക് കാരണം
വിദേശ സഞ്ചാരികള്‍ക്ക് വേണ്ടാത്ത കേരളത്തെ തങ്ങള്‍ എന്തിനു ഗൗനിക്കണം എന്ന നിലപാടാണ് ട്രാവല്‍ മാര്‍ട്ട് സംഘാടകരും കൈക്കൊണ്ടത്. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന പ്രദേശങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി ടൂറിസം പ്രെമോഷന് സാധ്യതകള്‍ നല്‍കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തെ തേടി ഒരു പുരസ്‌കാരവും എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കോവിഡില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ ടൂറിസം രംഗത്തോട് വിദേശ സഞ്ചാരികള്‍ മുഖം തിരിച്ചതിനു സര്‍ക്കാരിന്റെ പിടിപ്പ് കേടും പ്രധാന കാരണമാണ്. മറ്റു ഇന്ത്യന്‍ സംസ്ഥാങ്ങള്‍ സാവധാനം വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ ആ നേട്ടം എടുക്കാന്‍ കേരളത്തിന് കഴിയുന്നില്ല.
തെരുവ് നായ മുതല്‍ അടുത്തിടെ പടരുന്ന മസ്തിഷ്‌ക ബാധിത മരണം വരെ വിദേശ മാധ്യമങ്ങളിലും തലക്കെട്ടുകളാകുമ്പോള്‍ കേരളത്തെ പരിഗണിക്കുന്നതില്‍ സഞ്ചാരികള്‍ മടിക്കും എന്ന് തിരിച്ചറിയാത്തത് കേരളത്തിലെ ടൂറിസം വകുപ്പ് തന്നെയാണ്. പൊതുമരാമത്തു പോലെ പിടിപ്പത് പണിയുള്ള വകുപ്പിനൊപ്പം ടൂറിസം കൂടി മന്ത്രി മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുമ്പോള്‍ ഭരണപരമായ നിശ്ചലതയും വകുപ്പില്‍ പിടികൂടിയിട്ടുണ്ട് എന്ന് വ്യക്തം. വിദേശികള്‍ക്ക് പകരം ആഭ്യന്തര സഞ്ചാരികള്‍ പെരുകി എന്ന് ഊറ്റം കൊള്ളുന്ന കേരള സര്‍ക്കാര്‍ അതുവഴി വന്നിരിക്കുന്ന വരുമാന ചോര്‍ച്ച കണ്ടില്ലെന്നു നടിക്കുന്നതും കേരള ടൂറിസം തിരിച്ചു വരവിന്റെ പാതയിലേക്ക് എത്താന്‍ പ്രധാന തടസമാകുന്നുണ്ട്.
രാഷ്ട്രീയ വിവാദം ഇല്ലാതിരിക്കാന്‍ മന്ത്രി റിയാസ് മാറി നിന്നെന്നു സൂചന, ശുഷ്‌കമായ കേരള പവലിയനില്‍ രണ്ടാനയുടെ പടവും രണ്ടു ചെണ്ടയും മാത്രം
മുഖ്യമന്ത്രിയുടെ ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ഗള്‍ഫ് യാത്രയുടെ പശ്ചാത്തലത്തില്‍ മരുമകനായ ടൂറിസം മന്ത്രി കൂടി ലണ്ടന്‍ യാത്ര നടത്തുന്നത് പ്രതിപക്ഷവും മാധ്യമങ്ങളും ആയുധം ആക്കും എന്നതിനാലാകാം മന്ത്രി ഇത്തവണയും യാത്ര ഉപേക്ഷിക്കാന്‍ കാരണമായത് എന്നും പറയപ്പെടുന്നു. വന്‍തോക്കുകള്‍ നിറഞ്ഞാടുന്ന ലണ്ടന്‍ ട്രവല്‍ മാര്‍ട്ടില്‍ തനിക്കായി ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവും ആദ്യ യാത്ര കൊണ്ട് തന്നെ മുഹമ്മദ് റിയാസിനും ബോധ്യമായിരിക്കണം എന്നും ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടവര്‍ ട്രാവല്‍ മാര്‍ട്ടില്‍ ശുഷ്‌കമായ കേരള പവലിയനില്‍ അടക്കം പറഞ്ഞിരുന്നു. ആന്ധ്രയില്‍ നിന്നും മറ്റും മന്ത്രി തല പ്രതിനിധികള്‍ എത്തി ഓടി നടന്നു ടൂറിസം വിദഗ്ധരുമായി കൂടിക്കാഴ്ചകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് കേരളം വെറും നോക്കുകുത്തികളായി മാറിയത്.
മുന്‍ വര്‍ഷങ്ങളില്‍ പടയണിക്കോലങ്ങളും കെട്ടുകുതിരയും ഒക്കെ കേരള പവലിയനില്‍ പ്രദര്‍ശിപ്പിക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേരുന്ന സ്ഥാനത്ത് ഇത്തവണ രണ്ടാനയുടെ പടവും ലണ്ടനിലുള്ള ചെണ്ടക്കാരുടെ രണ്ടു ചെണ്ടയും കൊണ്ട് ശുഷ്‌കമായ പവലിയന്‍ ആണ് കേരളം തയ്യാറാക്കിയത്. സ്വാഭാവികമായും ഒരാളും തിരിഞ്ഞു നോക്കാതെ കാലിയായി കിടക്കുന്ന പവലിയനാണ് മൂന്നു ദിവസവും കാണാനായത്. കടുത്ത ലോബിയിംഗ് നടക്കുന്ന ലണ്ടന്‍ ട്രാവല്‍ മാര്‍ട്ടിനെ കേരള ടൂറിസം വകുപ്പ് എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന് പവലിയന്‍ തന്നെ കൃത്യമായ ഉത്തരമായിരുന്നു. ഉദ്യഗസ്ഥര്‍ അടങ്ങിയ സംഘത്തിന് എല്ലാ വര്‍ഷവും മുടക്കമില്ലാത്ത ഒരു ലണ്ടന്‍ യാത്ര എന്ന പതിവിലേക്ക് കേരളം ചുരുങ്ങുകയാണ് ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചാണ് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് കൊടിയിറങ്ങിയിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങള്‍ ലണ്ടനില്‍ തിളങ്ങിയപ്പോള്‍ സാമ്പത്തിക പ്രതിസന്ധി വിഴുങ്ങിയ കേരളം നാമമാത്ര പ്രാതിനിധ്യത്തില്‍ ചുരുങ്ങി
മറ്റു സംസ്ഥാനങ്ങള്‍ തിളങ്ങിയ മേളയില്‍ കേരളത്തിന്റെ സാമ്പത്തിക പരാധീനത വ്യക്തമായതും കാണികളെ കേരളത്തിലേക്ക് തിരിഞ്ഞു നോക്കാതെ മറ്റു പവലിയനുകളിലേക്ക് എത്തിക്കാന്‍ പ്രധാന കാരണമായി. കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ വിവാദം കൊടുമ്പിരി കൊണ്ടിട്ടും പികെ ശശി ലണ്ടന്‍ യാത്ര മുടക്കാതെ നോക്കുന്നതില്‍ വിജയിച്ചെങ്കിലും ആ യാത്ര സംസ്ഥാന ടൂറിസത്തിനു നഷ്ടം അല്ലാതെ നേട്ടമൊന്നും എത്തിച്ചില്ല. ആ പതിവ് ഇത്തവണയും ആവര്‍ത്തിച്ചു.
അതിനിടെ ആന്ധ്രയ്ക്ക് വേണ്ടി ടൂറിസം മന്ത്രി കണ്ടുല ദുര്‍ഗേഷ് അടക്കമുള്ള സംഘമെത്തി സജീവമായ പ്രാതിനിധ്യമാണ് മേളയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പ്രകടിപ്പിച്ചത്. 30 ഓളം വിദേശ സംഘങ്ങളുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം ആന്ധ്രയില്‍ ടൂറിസം രംഗത്ത് നിക്ഷേപം നടത്താന്‍ ക്ഷണിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ദിയ കുമാരി, ഗോവ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും നിക്ഷേപകരെ തേടി മുഴുവന്‍ സമയവും മേളയില്‍ സജീവമായിരുന്നു.
ആന്ധ്രയുടെ ടൂറിസം സാധ്യതകള്‍ പ്രകടമാകുന്ന നിരവധി കാഴ്ചകള്‍ അവര്‍ തയ്യാറാക്കിയ പവലിയനില്‍ വ്യക്തമായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ട നിലയില്‍ സജീവമായ ടീം ആണ് ആന്ധ്ര സര്‍ക്കാര്‍ ലണ്ടനില്‍ എത്തിച്ചത്. കുച്ചുപ്പുഡി നര്‍ത്തകരും സൗജന്യ അരക്ക് കാപ്പിയും മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും ഒക്കെയായി പവലിയനില്‍ സദാ സമയം ആഘോഷ പ്രതീതി സൃഷ്ടിക്കാനും ആന്ധ്രയ്ക്ക് കഴിഞ്ഞു. ടൂറിസം വഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മാസ്റ്റര്‍ പ്ലാനുമായാണ് ആന്ധ്രാ ലണ്ടനില്‍ എത്തിയത്. ആന്ധ്രാ ടൂറിസം വകുപ്പിന്റെ ലക്ഷ്യ ബോധത്തില്‍ പവലിയനില്‍ എത്തിയ നിക്ഷേപകര്‍ മതിപ്പ് കാട്ടിയതും ഭാവിയിലേക്ക് അവര്‍ക്ക് മുതല്‍കൂട്ടായി മാറിയേക്കും.
കേരളത്തിന്റെ സ്വന്തമായ ആയുര്‍വേദവും ബീച്ച് ടൂറിസവും ഒക്കെ തങ്ങള്‍ക്കും ഉണ്ടെന്ന ആന്ധ്രായുടെ അവകാശവാദവും ലണ്ടനില്‍ നിന്നും അവരെത്തേടി നിക്ഷേപകരെ എത്തിക്കാന്‍ വേണ്ടി തന്നെ ഉള്ളതായിരുന്നു. മൈസൂര്‍, ഉഡുപ്പി, ബാംഗ്ലൂര്‍ എന്ന ത്രികോണ ടൂറിസം വികസന സാധ്യതയാണ് കര്‍ണാടകം ലണ്ടനില്‍ അവതരിപ്പിച്ചത്. ആധ്യാല്മിക ടൂറിസത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തി കര്‍ണാടകം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അതേ ദിവസം ബിബിസി നല്‍കിയ വാര്‍ത്ത കേരളത്തില്‍ ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ കൊള്ളയെ കുറിച്ചായിരുന്നു എന്നതും യാദൃശ്ചികതയായി.




