- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേർച്ച് കമ്മറ്റി നിയമന നടപടികളുമായി മുമ്പോട്ട് പോകും; സെനറ്റ് യോഗത്തിന് എത്താത്ത രാജ്ഭവൻ നിർദ്ദേശിച്ചവരെ പുറത്താക്കാനും നീക്കം; കേരള സർവ്വകലാശാലയിൽ ഗവർണ്ണറെ ഇടതുപക്ഷം വെല്ലുവിളിച്ചത് രണ്ടും കൽപ്പിച്ച്; അന്ത്യശാസനം തള്ളുന്നത് ഇടതു മുന്നണി തീരുമാനം; കേരളാ സർവ്വകലാശാലയിലെ വിസി നിയമനം ഗവർണ്ണർ നടത്തുമോ?
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ 11 നു മുൻപു തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാസനം ഇടതു സെനറ്റ് അംഗങ്ങൾ അട്ടിമറിക്കുമ്പോൾ രണ്ടും കൽപ്പിച്ച് മുമ്പോട്ട് പോകാൻ രാജ്ഭവൻ. ഇന്നലെ ചേരാനിരുന്ന സെനറ്റ് യോഗത്തിൽ നിന്ന് അവർ വിട്ടുനിന്നതിനാൽ യോഗം നടന്നില്ല. ഇത് സംഭവിക്കുമെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അച്ചടക്ക നടപടി ഒഴിവാക്കാനുള്ള വൈസ് ചാൻസലറുടെ തന്ത്രമായിരുന്നു ഇതെല്ലാം.
ക്വോറം തികയണമെങ്കിൽ 19 പേർ പങ്കെടുക്കണം. വിസിക്കു പുറമേ 10 യുഡിഎഫ് അംഗങ്ങളും ഗവർണർ നാമനിർദ്ദേശം ചെയ്ത 2 പേരും ഉൾപ്പെടെ 13 പേർ മാത്രമാണ് എത്തിയത്. പ്രോ വൈസ് ചാൻസലറും ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 11 പേരും വിട്ടു നിന്നു. യോഗം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫ് അംഗങ്ങളായ 64 പേർ രജിസ്റ്റ്രാർക്ക് കത്തു നൽകിയിരുന്നു. ഗവർണ്ണർ നാമനിർദ്ദേശം ചെയ്തത് സർക്കാർ മുമ്പോട്ടു വച്ച പേരുകാരെയാണ്. അവരാരും യോഗത്തിന് എത്തില്ലെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സ്ഥിതി വിശേഷത്തെ ഗൗരവത്തോടെയാണ് രാജ്ഭവനും കാണുന്നത്.
കേരളയിൽ ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം 103 ആണ്. നിലവിലുള്ള അംഗങ്ങൾ 91. നിലവിലുള്ള അംഗങ്ങളുടെ അഞ്ചിലൊന്നാണു ക്വോറം. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി രൂപീകരിച്ച സേർച് കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കാത്തതിനാൽ പ്രതിനിധിയെ നിർദേശിക്കേണ്ട എന്നാണ് എൽഡിഎഫ് നിലപാട്. പ്രതിനിധിയെ നിർദേശിക്കുന്നതിനു മാത്രമായി വിളിച്ച യോഗം ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പു നടത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് ക്വോറം ഇല്ലാതാക്കിയത്.
ഗവർണർ നിരന്തരം ആവശ്യപ്പെടുകയും 3 തവണ സെനറ്റ് ചേരുകയും ചെയ്തിട്ടും സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാത്തതിനാൽ നിലവിലെ സേർച് കമ്മിറ്റിയോടു നിയമന നടപടികളുമായി മുന്നോട്ടു പോകാൻ ഗവർണർ ആവശ്യപ്പെട്ടേക്കും. ക്വോറം തികയാതിരിക്കാൻ സെനറ്റ് യോഗത്തിൽ നിന്നു വിട്ടുനിന്ന ഗവർണറുടെ നോമിനികളെ പിൻവലിക്കുന്നതും രാജ് ഭവന്റെ പരിഗണനയിലാണ്. വിട്ടുനിന്ന പിവിസി ഡോ. പി.പി. അജയകുമാർ ഗവർണർക്കു വിശദീകരണം നൽകേണ്ടി വരുമെന്നതിനാൽ, പിവിസിയുടെ അധ്യക്ഷതയിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കമ്മിറ്റി യോഗങ്ങൾ എല്ലാം മാറ്റി.
പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്നു വിസിക്ക് ഗവർണർ നൽകിയ അന്ത്യ ശാസനത്തിന്റെ സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ഗവർണറുടെ നിർദ്ദേശം അനുസരിച്ചു എന്നു ബോധ്യപ്പെടുത്താൻ വിസി യോഗം വിളിക്കുകയായിരുന്നു. സെനറ്റ് പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ചും ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എം.വിൻസെന്റ്, സി.ആർ.മഹേഷ് എന്നീ എംഎൽഎമാരുടെ നേതൃത്വത്തിൽ സെനറ്റ് ഹാളിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.
സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി രൂപീകരിച്ച സെർച്ച് കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യം ഗവർണർ അംഗീകരിക്കാത്തതിനാൽ പ്രതിനിധിയെ നിർദ്ദേശിക്കേണ്ട എന്നാണ് എൽഡിഎഫ് നിലപാട്. അതേസമയം നിലിവിലെ സാഹചര്യത്തിൽ പ്രതിനിധിയെ നിർദ്ദേശിക്കുന്നതിനു മാത്രമായി വിളിച്ച യോഗം ചേരുകയാണെങ്കിൽ തിരഞ്ഞെടുപ്പു നടത്തേണ്ടി വരും. അതിനാലാണ് ക്വോറം ഇല്ലാതാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. മുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് സെനറ്റ് അംഗങ്ങൾ വിട്ടുനിന്നത്. യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ വിശദീകരണം. സെനറ്റ് യോഗം വിളിച്ച നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
സെനറ്റ് ഒരു പ്രമേയം പാസ്സാക്കിയാൽ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ചേർന്ന സെനറ്റ് കൈക്കൊണ്ട തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേർക്കണമായിരുന്നു എന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. സർവകലാശാല നിയമത്തിന് വിരുദ്ധമായതിനാൽ സെനറ്റ് യോഗത്തിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കേ ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഗവർണർ മടങ്ങി എത്താനിരിക്കെയാണ് സെനറ്റിൽ നിന്ന് വിട്ടു നിന്ന് ഇടത് അംഗങ്ങളുടെ നിസ്സഹകരണം. ക്വാറം തികയാതെ വന്നതോടെ ഗവർണർ നിർദേശിച്ച പ്രകാരം, വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ കേരള സർവകലാശാലയ്ക്കാകില്ല. ഇതിനെ ഗവർണർ എങ്ങിനെ നേരിടും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ