- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളാ സർവ്വകലാശാലയിൽ യുവജനോത്സവ മോഡൽ മാർക്ക് തട്ടിപ്പെന്ന് ആരോപണം
തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ മറവിൽ ഗ്രേസ് മാർക്ക് തട്ടിപ്പിന് ശ്രമമെന്ന് ആരോപണം. വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാദ്യം, മാർഗംകളി, സമൂഹ ഗാനം എന്നിവയിൽ പങ്കെടുത്ത 72 കോളേജ് ടീമികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയാണ് തിരിമറി എന്നാണ് ആരോപണം. വിഷയത്തിൽ സേവ് യൂണിവേസിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ യൂണിയനു താൽപ്പര്യമുള്ളവരുടെ പേരുകൾ ഉൾപ്പെടുത്താറുണ്ട്. അവർക്കെല്ലാം ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കും. ഉന്നത പഠനങ്ങൾക്കുള്ള പ്രവേശനത്തിനുള്ള കുറുക്ക് വഴിയായി വിദ്യാർത്ഥികൾ ഈ മാർഗം ഉപയോഗിക്കും.
യുവജനോത്സവ മത്സരങ്ങളിൽ വിധിനിർണയം നടത്തുന്നതിനെ ചൊല്ലി യൂണിവേഴ്‌സിറ്റി യൂണിയൻ ഭരിക്കുന്ന എസ്.എഫ്.ഐയിലുണ്ടായ ചേരിതിരിവിനെയും ഏറ്റുമുട്ടലിനെയും തുടർന്ന് മത്സര വിജയികളുടെ പട്ടിക തടഞ്ഞുവെച്ചിരുന്നു. ഈ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. ഒരോ ഗ്രൂപ്പിനമത്സരങ്ങളിൽ പങ്കെടുത്ത നാല് കോളേജ് ടീമുകൾക്കുവരെ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടിയതായികാണിച്ചാണ് ഗ്രേസ് മാർക്ക് നൽകുന്നത്. ഒരു ഗ്രൂപ്പ് ഐറ്റത്തിൽ ഉൾപ്പെടുന്ന പത്തുമുതൽ പന്ത്രണ്ടു പേർക്കു വരെ ഓരോ പേപ്പറിനും ആറു ശതമാനം മാർക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിലാണ് കൂടുതൽ പേർക്കും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകിയിരിക്കുന്നത്.
ഇതിലൂടെ 800-ഓളം വിദ്യാർത്ഥികൾ കൂട്ടത്തോടെ ഒന്നിച്ച് ഗ്രേസ് മാർക്കിന് അർഹത ലഭിക്കും.പരമാവധി ഓരോ വിദ്യാർത്ഥികൾക്കും 60 മാർക്ക് വരെ ലഭിക്കും. വിധികർത്താക്കൾ മാർക്കിടുമ്പോൾ ഒരു മത്സരത്തിൽ നാല് ഗ്രൂപ്പുകൾക്കുവരെ ഒരേ മാർക്ക് ലഭിച്ചതാണ് തിരിമറി നടന്നിട്ടുള്ളതായി സംശയിക്കാൻ കാരണം. എന്നാൽ, ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ തിരിമറിനടന്നതായി ആക്ഷേപമില്ല. ഒരേ സ്ഥാനത്തിന് ഒന്നിൽ കൂടുതൽ പേർ അർഹത നേടിയിട്ടുമില്ല.
കേരള സർവകലാശാലയിലെ യുവജനോത്സവ മത്സര വിജയികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ വൈകിയാൽ ഈ മാസം അവസാനം പ്രസിദ്ധീകരിക്കേണ്ട ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റിൽ മത്സര വിജയികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്കുകൾ ഉൾപ്പെടുത്താനാവില്ല. ഇത് മുന്നിൽ കണ്ടാണ് വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.
യുവജനോത്സവ നടത്തിപ്പിലെ വീഴ്ചകൾ പരിശോധിക്കാൻ സിൻഡിക്കേറ്റിന്റെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. സമിതി ഇതേവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ഇതിനിടെയാണ് ഗ്രേസ് മാർക്ക് വിവാദം ഉയരുന്നത്.