- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വം
കൊച്ചി: കേരള സര്‍വ്വകലാശാലയിലെ 'വിവാദത്തില്‍' ഹൈക്കോടതി നിലപാട് നിര്‍ണ്ണായകമാകും സസ്പെന്‍ഷനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാര്‍ പിന്‍വലിക്കും. ഈ ആവശ്യത്തോട് ഹൈക്കോടതി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ച സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാനുള്ള നീക്കം. രജിസ്ട്രാറാണ് ഹര്‍ജി നല്‍കിയത്. ഈ അവകാശം ഉപയോഗിച്ച് ഹര്‍ജി പിന്‍വലിക്കാനാകും അനില്‍കുമാര്‍ ശ്രമിക്കുക. സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് വൈസ് ചാന്‍സലര്‍ ഈ മാസം രണ്ടിന് രജിസ്ട്രാറായ ഡോ .അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.
അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി വിശദമായ വാദം കേള്‍ക്കലിനായി ഇന്നത്തേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. . ജസ്റ്റിസ് എന്‍.നാഗരേഷിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനിടെയാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അനില്‍കുമാറിനെ തിരിച്ചെടുത്തത്. എന്നാല്‍ ഈ തീരുമാനം താല്‍കാലിക വൈസ് ചാന്‍സലറായ സിസാ തോമസ് അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹര്‍ജി കോടതിയില്‍ എത്തുമ്പോള്‍ വിസിയുടെ അഭിഭാഷകന്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.
കേരള സര്‍വകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ വൈസ് ചാന്‍സലറും ഇടതുസിന്‍ഡിക്കേറ്റും നേര്‍ക്കുനേര്‍ യുദ്ധമാണ് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റില്‍ നടന്നത്. രജിസ്ട്രാറെ സസ്‌പെന്‍ഡുചെയ്ത വിസിയുടെ നടപടി ഞായറാഴ്ച ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കേയാണ് സിന്‍ഡിക്കേറ്റിന്റെ മിന്നല്‍നീക്കം. നടപടി അംഗീകരിക്കില്ലെന്ന് താത്കാലിക വിസി ഡോ. സിസാ തോമസ് പ്രഖ്യാപിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു പിന്നാലെ, രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഞായറാഴ്ച വൈകീട്ടുതന്നെ സര്‍വകലാശാലയില്‍ ചുമതലയേറ്റു. ഈ സാഹചര്യത്തിലാണ് ഹര്‍ജി രജിസ്ട്രാര്‍ പിന്‍വലിക്കുന്നത്. സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചതിനെച്ചൊല്ലിയുണ്ടായ വിവാദമാണ് രജിസ്ട്രാറുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഗവര്‍ണറോട് അനാദരം കാട്ടിയെന്ന പേരില്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അച്ചടക്കനടപടിയെടുത്തത് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്‌തെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. ഹൈക്കോടതിയില്‍ നിന്നും ചില എതിര്‍ പരമാര്‍ശവും ഉണ്ടായി. അതുകൊണ്ട് തന്നെ കേസില്‍ ഹൈക്കോടതിയുടെ നിലപാട് എന്താകുമെന്ന ചോദ്യവും സജീവമായി.
വിഷയത്തില്‍ സര്‍വകലാശാല സമര്‍പ്പിക്കേണ്ട വസ്തുതാറിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് ഞായറാഴ്ച അടിയന്തര സിന്‍ഡിക്കേറ്റ് വിളിച്ചത്. രജിസ്ട്രാര്‍ക്കെതിരേയുള്ള നടപടി നിയമവിരുദ്ധമാണെന്നു വാദിച്ച് സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ ഇടതംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി പരിഗണിക്കുന്ന പ്രശ്‌നത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്ന് വിസി നിലപാടെടുത്തു. സസ്‌പെന്‍ഷന്‍ വിഷയം അജന്‍ഡയില്‍ ഇല്ലെന്നും അച്ചടക്കനടപടിയെടുത്ത വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദേശത്തുനിന്നു മടങ്ങിവന്നശേഷം സിന്‍ഡിക്കേറ്റ് ചേര്‍ന്ന് ചര്‍ച്ച ചെയ്യാമെന്നും സിസാ തോമസ് അറിയിച്ചെങ്കിലും ഇടതംഗങ്ങള്‍ പിന്‍വാങ്ങിയില്ല. ബിജെപി അംഗങ്ങളും ഇടതുപ്രമേയത്തെ ചോദ്യം ചെയ്തു. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍, സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഇടതംഗങ്ങളുടെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതെ, വിസി യോഗം പിരിച്ചുവിട്ടു. അവര്‍ക്കൊപ്പം രണ്ടു ബിജെപി അംഗങ്ങളും യോഗത്തില്‍ നിന്നിറങ്ങിപ്പോയി. യുഡിഎഫ് അംഗം ഇരുപക്ഷത്തോടും വിയോജിപ്പ് പ്രകടിപ്പിച്ചു.
തുടര്‍ന്ന്, സമാന്തരയോഗം നടത്തി സര്‍ക്കാര്‍ പ്രതിനിധികളടക്കം 18 പേരുടെ പിന്തുണയോടെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള പ്രമേയം ഇടതുസിന്‍ഡിക്കേറ്റംഗങ്ങള്‍ പാസാക്കി. കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിലെ സംഭവവികാസങ്ങള്‍ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ മൂന്നംഗസമിതിയും രൂപവത്കരിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമപരമല്ലെന്ന് ഡോ. സിസാ തോമസ് പ്രതികരിച്ചു. സിന്‍ഡിക്കേറ്റ് അധ്യക്ഷയെന്ന നിലയില്‍ യോഗം ഞാന്‍ പിരിച്ചുവിട്ടതാണ്. സമാന്തരയോഗത്തിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുതയില്ല. സസ്‌പെന്‍ഷന്‍ പ്രശ്‌നം കോടതിയിലായതിനാല്‍ സിന്‍ഡിക്കേറ്റിനു പരിഗണിക്കാനാവില്ല. സമാന്തരയോഗം സിന്‍ഡിക്കേറ്റല്ല. അതൊരു കുശലസംഭാഷണം മാത്രമെന്ന് സിസാ തോമസ് പറഞ്ഞു.
രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിക്കുമുള്ള അധികാരമെന്ന് ഇടത് അംഗങ്ങളും പറയുന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാതെ, വിസിയും രണ്ടു സിന്‍ഡിക്കേറ്റംഗങ്ങളും ഇറങ്ങിപ്പോയി. വിസിയുടെയോ പിവിസിയുടെയോ അഭാവത്തില്‍ സിന്‍ഡിക്കേറ്റംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം നടത്താം. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി, അതു ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ചുമതലപ്പെടുത്തി. സര്‍വകലാശാലാനിയമമനുസരിച്ചാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് വിശദീകരണം. ഈ സാഹചര്യത്തെ ഹൈ്‌ക്കോടതി എങ്ങനെ എടുക്കുമെന്നതാണ് നിര്‍ണ്ണായകം. ഇതിനിടെയാണ് ഹര്‍ജി പിന്‍വലിക്കാനുള്ള അനില്‍ കുമാറിന്റെ നീക്കം.