തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്ക് കേരള സർവകലാശാലാ വൈസ് ചാൻസലർ അനുമതി നിഷേധിച്ചതോടെ വെട്ടിലായി പരിപാടിയുടെ സംഘാടകരായ കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയൻ. സണ്ണിയുടെ പരിപാടി നടക്കാത്ത അവസ്ഥ വന്നാൽ ഇത് സംഘാടകരെ കടക്കെണ്ിയിലാക്കുന്ന അവസ്ഥയിലാണ്. ഇതോടെ വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയൻ തീരുമാനിച്ചു.

അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജിൽ സണ്ണി ലിയോണിന്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാൽ വിസി ഇന്നലെ അനുമതി നിഷേധിച്ചു.

20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയത്. പരിപാടിക്കായി വിദ്യാർത്ഥികളിൽ നിന്നടക്കം ഇതുവരെ പിരിച്ചത് ഒരു കോടി രൂപയുമാണ്. ഈ സാഹചര്യത്തിൽ അനുമതിക്കായി വിസിയെ സമീപിക്കുമെന്ന് യൂണിയൻ ചെയർമാൻ ടി അജ്മൽ അറിയിച്ചു.

ഏഴ് ദിവസം നീളുന്ന വാർഷികാഘോഷമാണ് തീരുമാനിച്ചത്. ഇക്കാര്യം സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നാണ് യൂണിയൻ വിശദീകരണം. പക്ഷേ സണ്ണി ലിയോൺ പങ്കെടുക്കുന്നതിൽ അനുമതി വാങ്ങിയിരുന്നില്ല. വേണ്ട സുരക്ഷ ഒരുക്കാമെന്നാണ് യൂണിയന്റെ വാഗ്ദാനം. പരിപാടി നടന്നില്ലെങ്കിൽ ലക്ഷങ്ങളുടെ ബാധ്യത യൂണിയനുണ്ടാകുമെന്നാണ് ഭാരവാഹികൾ പറയുന്നത്.

അതേസമയം, സണ്ണി ലിയോണിന്റെ പോസ്റ്റർ അടിച്ച് പരിപാടിയുമായി മുന്നോട്ട് പോയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവ്വകലാശാല വിശദീകരണം തേടി. സർക്കാർ വിലക്ക് മറികടന്ന് പുറത്തുനിന്നുള്ള കലാകാരന്മാരുടെ പരിപാടിക്ക് എങ്ങിനെ അനുമതി നൽകി എന്നാണ് വിശദീകരിക്കേണ്ടത്.

ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ പരിപാടി നടത്താൻ എൻജിനിയറിങ് കോളേജ് യൂണിയൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾ ഇത്തരം പരിപാടികൾ കാമ്പസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വി സി.