- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല; വിസി പകരം ചുമതല നല്‍കിയ ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല; ഈ അട്ടിമറിക്ക് പിന്നില്‍ ഇടതു സംഘടനകള്‍; ഒടുവില്‍ 'വജ്രായുധം' രാജ്ഭവന്‍ നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍; രജിസ്ട്രാറുടെ ഭാവി തുലാസിലോ? 'ഡെപ്യുട്ടേഷന്' കുരുക്കില്‍ അനില്‍കുമാര്‍ വീഴുമോ?
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ ഗവര്‍ണറെ കാണാന്‍ അനുമതി തേടിയെങ്കിലും നല്‍കാതെ രാജ്ഭവന്‍. സസ്‌പെന്‍ഷനിലായതിനാല്‍ ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്നും സന്ദര്‍ശനത്തിന് സമയം ആവശ്യപ്പെട്ട് കത്ത് നല്‍കാനും രാജ്ഭവന്‍ അറിയിച്ചു. സസ്‌പെന്‍ഷനിലുള്ള ഡോ.അനില്‍കുമാര്‍ വി.സിയുടെ വിലക്ക് വകവയ്ക്കാതെ ഇന്നലെയും ഓഫീസിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്ഭവന്റെ നിലപാട് എടുക്കലിന് പ്രസക്തി ഏറെയാണ്.
അനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല. വി.സി പകരം ചുമതല നല്‍കിയ ഡോ.മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല. അതിനാല്‍ ഫയല്‍നീക്കം പൂര്‍ണമായി സ്തംഭിച്ചു. വിവിധ സേവനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ അപേക്ഷകളിലടക്കം തീരുമാനമില്ല. ഇതിന് പിന്നില്‍ ഇടതു ബന്ധമുള്ളവരാണെന്നാണ് ഗവര്‍ണറുടെ നിഗമനം. അതിനിടെ ഡോ.അനില്‍കുമാറിന്റെ നിയമനം ചട്ടവിരുദ്ധമാണെന്നും നീക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇത് ഗവര്‍ണര്‍ ഗൗരവത്തില്‍ പരിശോധിക്കുന്നുണ്ട്. നിയമോപദേശം തേടാനും തീരുമാനിച്ചിണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഗവര്‍ണറെ നേരിട്ടു കാണാനുള്ള രജിസ്ട്രാറുടെ ശ്രമം എന്നാണ് സൂചന.
കേന്ദ്ര- സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രമേ ഡെപ്യൂട്ടേഷന്‍ നിയമനം പാടുള്ളൂ. എയ്ഡഡ് കോളേജിലെ അദ്ധ്യാപനായ ഡോ.അനില്‍കുമാറിനെ നാലു വര്‍ഷത്തേക്ക് 2021ല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചെന്നാണ് പരാതി. ഫെബ്രുവരിയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അദ്ദേഹത്തിന്റെ നിയമനം നാലുവര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു. എന്നാല്‍ രജിസ്ട്രാറായി നേരിട്ടുള്ള നിയമനമായിരുന്നെന്നും എയ്ഡഡ് കോളേജ് അദ്ധ്യാപകനായതിനാല്‍ സേവന, വേതന വ്യവസ്ഥകള്‍ ക്രമീകരിക്കുന്നതിന് നാലുവര്‍ഷ നിയമനം ഡെപ്യൂട്ടേഷനായാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നുമാണ് ഡോ.അനില്‍കുമാറിന്റെ വാദം. കേരള, എം.ജി സര്‍വകലാശാലകളിലെ പരീക്ഷാ കണ്‍ട്രോളറും കുസാറ്റ് രജിസ്ട്രാറും സമാനമായ രീതിയില്‍ നിയമിതരായവരാണ്. ഈ വിഷയവും നിയമ പോരാട്ടത്തിലേക്ക് പോയേക്കും. വി.സിയുടെ വിലക്ക് ലംഘിച്ച് സര്‍വ്വകലാശാലയില്‍ ഹാജരാകുന്നതും അദ്ദേഹം ഒപ്പിട്ട ഫയലുകള്‍ വിസി നിരാകരിക്കുന്നതിനുമിടെയാണ് നിയമനം ചോദ്യം ചെയ്തുള്ള പരാതി.
കേരള സര്‍വകലാശാല സ്റ്റാറ്റിയൂട്ട് 12 (4)പ്രകാരം സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നത് കേന്ദ്ര- സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രമേ പാടുള്ളുവെന്നാണ് വ്യവസ്ഥ. അനില്‍കുമാര്‍ കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള ഒരു പ്രൈവറ്റ് കോളേജിലെ അധ്യാപകനാണ്.(തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ്). സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് അദ്ദേഹം രജിസ്ട്രാറായി തുടരുന്നത്. ഇത് യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സമാന രീതിയില്‍ പ്രൈവറ്റ് കോളേജ് ആയ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ഒരു അധ്യാപകന് കാലിക്കറ്റ് സര്‍വകലാശാലയില്‍ രജിസ്ട്രാറായി ഡെപ്യൂട്ടഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ക്വാവാറണ്ടോ ഹര്‍ജിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലുള്ള നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് അദ്ദേഹത്തിന്റെ നിയമനം നാലുവര്‍ഷത്തേയ്ക്ക് നീട്ടിനല്‍കിയത്. ചട്ട വിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നുവെങ്കിലും യോഗത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നിയമനം നീട്ടി നല്‍കുന്നതിനു വേണ്ടി എല്ലാ ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.