- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി വിരട്ടി; മുഖ്യമന്ത്രിയും ഗവര്‍ണറും കൈകൊടുത്തപ്പോള്‍ കസേര തെറിച്ചത് രജിസ്ട്രാര്‍ക്ക്; ശാസ്താംകോട്ട ഡിബി കോളേജില്‍ പ്രിന്‍സിപ്പലായി മടക്കം; ഭാരതാംബ വിവാദത്തിലെ സസ്‌പെന്‍ഷന്‍ പുറത്താകലായത് സര്‍ക്കാരിന്റെ ഗീവ് ആന്‍ഡ് ടേക് പൊളിസിയുടെ ഭാഗമായി; വിസി നിയമനം ഒത്തുതീര്‍പ്പായതിന് പിന്നാലെ കേരള സര്‍വ്വകലാശാലയില്‍ നാടകീയ ക്ലൈമാക്‌സ്!
കേരള സര്‍വ്വകലാശാലയില്‍ നാടകീയ ക്ലൈമാക്‌സ്!
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിടിച്ചുലച്ച ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിന് വിരാമമിട്ടുകൊണ്ട് സര്‍വ്വകലാശാലകളില്‍ വലിയ തോതിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിലെ സമവായത്തിന് തൊട്ടുപിന്നാലെ കേരള സര്‍വ്വകലാശാലയിലും നിര്‍ണ്ണായകമായ അഴിച്ചുപണി നടന്നു. സര്‍ക്കാരും വിസിയും തമ്മിലുള്ള തര്‍ക്കത്തിലെ പ്രധാന കക്ഷിയായിരുന്ന രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ പദവിയില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
വിസി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും പിടിവാശി തുടര്‍ന്നാല്‍ കോടതി നേരിട്ട് നിയമനം നടത്തുമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനമാണ് മഞ്ഞുരുകാന്‍ കാരണമായത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വ്വകലാശാലയിലും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും വിസിമാരായി നിയമിച്ചു.
മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ ക്ലൈമാക്‌സ് ആയിരിക്കുന്നത്. വിസിമാരുടെ നിയമനത്തോടെ ഭരണപരമായ പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. വിസി നിയമനത്തിലെ ഈ 'ഗീവ് ആന്‍ഡ് ടേക്ക്' പോളിസിയുടെ തുടര്‍ച്ചയായാണ് കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിന്റെ പദവി തെറിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. 'ഭാരതാംബ'യുടെ ചിത്രം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിസി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയെങ്കിലും വിസി വീണ്ടും പുതിയ ഉത്തരവിലൂടെ സസ്‌പെന്‍ഷന്‍ തുടരുകയായിരുന്നു. ഈ നടപടിക്കെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കവെയാണ് നാടകീയ മാറ്റം. മാസങ്ങളായി സസ്‌പെന്‍ഷനില്‍ തുടരുന്ന അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ തന്നെ അഭ്യര്‍ത്ഥന പ്രകാരമാണ് മാറ്റമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ശാസ്താംകോട്ട ഡിബി കോളേജിലേക്ക് പ്രിന്‍സിപ്പല്‍ ആയിട്ടാണ് അനില്‍കുമാറിന്റെ മടക്കം.
സര്‍വ്വകലാശാലകളിലെ ഭരണപരമായ തടസ്സങ്ങള്‍ നീക്കാന്‍ ഗവര്‍ണറും സര്‍ക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിന്റെ സൂചനയാണിത്. വിസിക്ക് തലവേദനയായിരുന്ന രജിസ്ട്രാറെ മാറ്റിയതിലൂടെ കേരള സര്‍വ്വകലാശാലയിലെ ദൈനംദിന ഭരണത്തിലും സര്‍ക്കാര്‍ വഴങ്ങുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.
'ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള പോര് സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന കോടതിയുടെ കര്‍ശന നിലപാടാണ് ഇരുപക്ഷത്തെയും ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ചത്.'




