തൃശൂർ: രാഷ്ട്രീയ നിയമനങ്ങൾക്ക് കുപ്രസിദ്ധമാണ് കേരള വർമ്മ കോളേജ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം. ഇതൊരു എയ്ഡഡ് കോളേജാണ്. മാനേജ്‌മെന്റിന് നിയമിക്കാം. ശമ്പളം സർക്കാർ കൊടുക്കും. സാധാരണ എയ്ഡഡ് കോളേജുകളിൽ നിന്ന് ഭിന്നമായി സർക്കാർ തന്നെയാണ് ഇവിടെ മാനേജ്‌മെന്റ്. കൊച്ചി ദേവസ്വം ബോർഡിനെ നിശ്ചയിക്കുന്നത് സർക്കാരാണെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ സർക്കാർ സ്ഥാപനത്തിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഇവിടെ സർക്കാരിന്റെ ഇഷ്ടക്കാർക്ക് ജോലിക്ക് കയറാം. മന്ത്രിയായി മാറുന്ന അദ്ധ്യാപകർ പോലും ഇവിടെയുണ്ട്. ഈ കോളേജിലാണ് അടുത്ത പിൻവാതിൽ നിയമന വിവാദം ഉയരുന്നത്.

കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അദ്ധ്യാപക തസ്തികയിൽ മുൻ എസ്എഫ്‌ഐ പ്രവർത്തകനെ നിയമിക്കാൻ റാങ്ക് പട്ടിക 6 മാസമായി പിടിച്ചുവച്ചിരിക്കുന്നുവെന്നതാണ് വസ്തുത. പാർട്ടിക്കാരനായ ഉദ്യോഗാർഥി രണ്ടാമതായിപ്പോയതിനാൽ റാങ്ക് പട്ടിക വകുപ്പുമേധാവി ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് ഇന്റർവ്യൂ ബോർഡിലെ സബ്ജക്ട് എക്‌സ്പർട്ടായ അദ്ധ്യാപിക ചാൻസലറായ ഗവർണർക്കും വൈസ് ചാൻസലർക്കും ദേവസ്വം ബോർഡ് അധികൃതർക്കും പരാതി നൽകിയിട്ടുമുണ്ട്. അഭിമുഖത്തിലെ ക്രമക്കേടും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എല്ലാ തരത്തിലും അട്ടിമറി. കേരളത്തിലെ മിക്ക് എയ്ഡഡ് കോളേജുകളിലും മാനേജ്‌മെന്റ് ഇഷ്ടത്തിനാണ് നിയമനങ്ങൾ. പക്ഷേ പല മാനേജ്‌മെന്റും വലിയ തുക കോഴയായി വാങ്ങുന്നു. ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നത്.

അതുകൊണ്ട് തന്നെ രാഷ്ട്രീയ സ്വാധീനമുള്ളവർ കണ്ണുവയ്ക്കുന്നത് കേരളവർമ്മയിലാണ്. അത്തരമൊരു നിയമനത്തിലാണ് കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അദ്ധ്യാപക തസ്തികയിലും നടക്കുന്നത്. താൽകാലികക്കാരനായി കയറി സ്ഥിര നിയമനത്തിന്റെ സാധ്യതകൾ കണ്ടെത്തും. ഇതാണ് പുതിയ നിയമനത്തിലെ റാങ്ക് പട്ടികയെ വിവാദത്തിലാക്കുന്നത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ, അദ്ധ്യാപിക പക്ഷപാതപരമായി ചോദ്യങ്ങൾ ചോദിച്ചെന്ന ആക്ഷേപമുണ്ടെന്നു പ്രിൻസിപ്പൽ വിശദീകരിച്ചതാണ് അഭിമുഖത്തിലെ വിശദാംശങ്ങൾ സഹിതം പരാതി നൽകാൻ അദ്ധ്യാപികയെ നിർബന്ധിതയാക്കിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ പിന്തുണയുള്ളവർക്ക് മാത്രമായി കേരളവർമ്മയിലെ നിയമനങ്ങൾ സംവരണം ചെയ്‌തോ എന്ന സംശയം ഉയർത്തുന്നതാണ് ഈ വിവാദവും.

കഴിഞ്ഞ മെയ്‌ 28നായിരുന്നു അഭിമുഖം. വകുപ്പു മേധാവി, സബ്ജക്ട് എക്‌സ്പർട്, മുതിർന്ന അദ്ധ്യാപകൻ, പ്രിൻസിപ്പൽ എന്നിവരായിരുന്നു ഇന്റർവ്യൂ പാനലിൽ. രണ്ടാം റാങ്ക് ലഭിച്ച ഉദ്യോഗാർഥിയോട് വകുപ്പുമേധാവി ഒരു ചോദ്യം പോലും ചോദിക്കാതെ പരമാവധി മാർക്ക് നൽകി. താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗാർഥിക്ക് കൃത്യമായ ഉത്തരം നൽകാനുമായില്ല. റാങ്ക് പട്ടികയിൽ രണ്ടാമതായ ഉദ്യോഗാർഥിയെ എടുക്കണമെന്നു വകുപ്പുമേധാവി നിർബന്ധിച്ചെന്നും അതിനു വഴങ്ങിയില്ലെന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് സൂചന. പാനലിലുള്ള മറ്റുള്ളവർ ഒപ്പിട്ടെങ്കിലും വകുപ്പുമേധാവി പിന്നീട് ഒപ്പു വയ്ക്കാമെന്നു പറഞ്ഞ് ഇറങ്ങിപ്പോയി. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥിയെ കേരളവർമ കോളജിൽ നിന്നു വിളിച്ച് മറ്റൊരു കോളജിൽ ജോലി ചെയ്യാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. എങ്ങനേയും രണ്ടാം റാങ്കുകാരന് ജോലി നൽകാനായിരുന്നു ഇതെല്ലാം.

അതിനിടെ അതിനിടെ, ഗെസ്റ്റ് അദ്ധ്യാപക നിയമനം വൈകുന്നെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകർ ഇന്നലെ അദ്ധ്യാപകരെ ഉപരോധിച്ചു. സ്റ്റാഫ് കൗൺസിൽ യോഗം നടക്കുമ്പോഴായിരുന്നു ഉപരോധം. പൊലീസെത്തി ചർച്ച നടത്തി. കോളജ് മാനേജ്‌മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധിയും അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികളും തിങ്കളാഴ്ച യോഗം ചേർന്നു നിയമന നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ സമരക്കാരുടെ ലക്ഷ്യവും കരളവർമ കോളജിൽ മുൻ എസ്.എഫ്.ഐ. നേതാവിനെ ഗസ്റ്റ് അദ്ധ്യാപകനായി നിയമിക്കണമെന്നതാണ്.

തൃശൂർ കേരളവർമ കോളജിലെ എസ്.എഫ്.ഐ. പ്രവർത്തകർ നാലു ദിവസമായി സമരത്തിലായിരുന്നു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകനായിരുന്ന ഇ.എ.അജിതിന് ഈ വർഷം നിയമനം നൽകിയില്ലെന്നാണ് ആക്ഷേപം. കോളജ് പ്രിൻസിപ്പൽ ഇൻചാർജിന്റെ വ്യക്തിവൈരാഗ്യമാണ് ഇതിനു കാരണമെന്ന് എസ്.എഫ്.ഐ. ആരോപിക്കുന്നു. ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ റാങ്ക് പട്ടികയിൽ രണ്ടാം റാങ്കായിരുന്നു അജിത്തിന്. ഒന്നാം റാങ്ക് ലഭിച്ച അദ്ധ്യാപിക മറ്റൊരു കോളജിൽ നിയമനം കിട്ടിപോയെന്നും എസ് എഫ് ഐ പറയുന്നു.

അതുകൊണ്ട് അജിത്തിന് അവസരം നൽകാത്തത് എസ്.എഫ്.ഐ. ചോദ്യംചെയ്യുകയാണ്. കേരളവർമ കോളജിലെ മുൻ എസ്.എഫ്.ഐ. നേതാവ് കൂടിയായിരുന്നു അജിത്. ജെ.എൻ.യുവിൽ ഉന്നതപഠനത്തിനു ശേഷമാണ് കേരളവർമയിൽ ഗസ്റ്റ് അദ്ധ്യാപകനായത്. ഒന്നാം റാങ്ക് ലഭിച്ച അദ്ധ്യാപികയെ ഫോണിൽ ഭീഷണിപ്പെടുത്തിയതായും പറയുന്നു. കേരളവർമ കോളജിൽ ജോലിക്കു ചേരരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച ടെലിഫോൺ സംഭാഷണം െതളിവായി അടുത്ത ദിവസം പുറത്തുവിടുമെന്ന് കോളജിലെ ചില അദ്ധ്യാപകർ അനൗദ്യോഗികമായി അറിയിച്ചു. ഗസ്റ്റ് അദ്ധ്യാപക നിയമന വിവാദം തുടരുകയാണ്.