- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി; അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
തിരുവനന്തപുരം: അനധികൃതമായി പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.
മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി സാംബശിവറാവു, ഐകെഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
വിഷയത്തില്‍ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി സൂചന നല്‍കി. നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനം എടുക്കുമെന്നും അനര്‍ഹരെ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യാന്‍ പാടില്ലെന്ന ഉദ്ദേശമാണുള്ളത്. അതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ധനകാര്യവകുപ്പ് നിര്‍ദിഷ്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വേണ്ട നടപടികള്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ആദ്യഘട്ട അന്വേഷണം പുരോഗമിക്കുകാണെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ധനവകുപ്പിന്റെ ഉത്തരവാദിത്തം കൃത്യമായി നടത്തുന്നുണ്ടെന്നും വ്യാജരേഖകള്‍ ചമച്ചുവെങ്കില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ വര്‍ഷവും മസ്റ്ററിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഏറ്റവും അര്‍ഹതപ്പെട്ട സാധാരണക്കാര്‍ക്ക് ഇത് കിട്ടണമെന്നും അതില്‍ തടസ്സമുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതിയാണ് ക്ഷേമപെന്‍ഷന്‍. ജീവിതം വഴിമുട്ടിയവര്‍ക്ക് മാസം 1600 രൂപ കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൈയിട്ടുവാരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്.ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വന്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം. ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ബി.എം.ഡബ്ല്യു. കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നാണ് സൂചനകള്‍.
ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.