തിരുവനന്തപുരം: ക്രിസ്മസ്‌ന്യൂ ഇയർ ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനം 16 കോടി രൂപ XD236433 ടിക്കറ്റിന്. താമരശ്ശേരിയിൽ വിറ്റതാണ് ഈ ടിക്കത്ത്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം. ഒരു കോടിയുടെ രണ്ടാം സമ്മാനങ്ങൾ XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 ടിക്കറ്റുകൾക്ക്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്.

12 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ ക്രിസ്മസ്‌ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇത്തവണ ഒന്നാം സമ്മാനം 16 കോടിയാക്കിയപ്പോൾ ടിക്കറ്റ് വില 400 ആക്കി ഉയർത്തി. കഴിഞ്ഞ തവണ 43 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ച് മുഴുവൻ വിറ്റുതീർന്നിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളേ അച്ചടിച്ചുള്ളു. ഇനി 54,000 ടിക്കറ്റുകൾ കൂടി വിൽക്കാൻ ബാക്കിയുണ്ട്.

ഒരുകോടി വച്ച് പത്തുപേർക്ക് രണ്ടാം സമ്മാനമായും ഒരു ലക്ഷം വച്ച് 20 പേർക്ക് മൂന്നാം സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിനൊപ്പം സമ്മർ ബംപറിന്റെ ലോഞ്ചിങ്ങും നടത്തി. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മർ ബംപർ ടിക്കറ്റിന്റെ വില 250 രൂപയാണ്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും.

ലോട്ടറി അടിച്ചാൽ എന്ത് ചെയ്യും?

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും (ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറം- ഇത് ലോട്ടറി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുവൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മാനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.

5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാസ്‌പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യപത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

8. ലോട്ടറി വാങ്ങിയാലുടൻ ടിക്കറ്റിന്റെ പുറകിൽ പേരും മേൽവിലാസവും രേഖപ്പെടുത്താൻ മറക്കരുത്.