തിരുവനന്തപുരം: കേരളീയത്തോട് അനുബന്ധിച്ച് നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആരോഗ്യ സെമിനാറിൽ പങ്കെടുക്കാൻ ജില്ലയിൽ ആരോഗ്യവകുപ്പിൽ നിന്ന് നിയോഗിച്ചിരിക്കുന്നത് 200 ഉദ്യോഗസ്ഥരെ. ആളുണ്ടെന്ന് ഉറപ്പിക്കാനാണ് ഇത്.

സ്ഥാപന മേധാവികൾ, വകുപ്പു മേധാവികൾ തുടങ്ങി ക്ലാർക്കുമാർ വരെയുള്ളവർ നിർബന്ധമായും സെമിനാറിൽ പങ്കെടുക്കണമെന്ന് കാട്ടി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്. ഇതിനായി ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ജോലി ചെയ്യുന്ന സ്ഥലവും അടക്കം പ്രതിപാദിച്ചു കൊണ്ടുള്ള പട്ടികയും നൽകിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഇതിൽ ഒരാൾക്ക് വരാൻ കഴിഞ്ഞില്ലെങ്കിൽ പകരം മറ്റൊരാളെ കണ്ടെത്തി അയയ്ക്കേണ്ടത് അതാത് സ്ഥാപന/വകുപ്പു മേധാവിമാരുടെ ബാധ്യതയാണ്.

നാളെ രാവിലെ 8.30 ന് തന്നെ ഉദ്യോഗസ്ഥർ സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. വകുപ്പ് അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിച്ചിരിക്കണം. അല്ലാത്ത പക്ഷം ആധാർ കാർഡ് ഹാജരാക്കണം. നിലവിൽ പട്ടികയിലുള്ള ജീവനക്കാരിൽ ആരെങ്കിലും കേരളീയവുമായി ബന്ധപ്പെട്ടുള്ള ഫസ്റ്റ് എയ്ഡ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് പകരം ബന്ധപ്പെട്ട സ്ഥാപന മേധാവി മറ്റൊരാളെ നിയോഗിക്കണം.

അപ്രതീക്ഷിത സാഹചര്യത്തിൽ ഏതെങ്കിലും ജീവനക്കാർക്ക് സെമിനാറിൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ സ്ഥാപന മേധാവി പകരം ജീവനക്കാരനെ നിയോഗിക്കണം. ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള പട്ടികയിൽ പറയുന്ന ജീവനക്കാരൻ പ്രസ്തുത സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്നില്ലെങ്കിൽ പകരം ജീവനക്കാരനെ സ്ഥാപനമേധാവി നിയോഗിക്കണം.

ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെ പരിപാടിക്ക് എത്തിക്കേണ്ട ബാധ്യത സ്ഥാപന മേധാവിക്കുള്ളതാണെന്നും ഉത്തരവിൽ പറയുന്നു.