- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സി എസ് ഐ സഭയിൽ കെജി സൈമൺ പിടിമുറക്കുമോ?
തിരുവനന്തപുരം: സി.എസ്‌ഐ. ദക്ഷിണ കേരള മഹായിടവകയെ നയിക്കാൻ കേരളാ പൊലീസിലെ മികവുറ്റ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഐപിഎസുകാരൻ എത്തുന്നു. സി.എസ്‌ഐ. ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയായി മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ.ജി.സൈമണെ ചെന്നൈ ഹൈക്കോടതി നിയോഗിച്ച അഡ്‌മിനിസ്ട്രേറ്റർമാർ നിയമിച്ചത് പൊലീസിലെ പ്രവർത്തന മികവ് കൂടി മനസ്സിലാക്കിയാണ്. പലവിധ അഴിമതികൾ സഭയ്‌ക്കെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിലേക്ക് സൈമൺ എത്തുന്നത്.
എത്തുന്നിടത്തെല്ലാം കുറ്റകൃത്യങ്ങൾ വെട്ടിത്തെളിച്ച് വെടിപ്പാക്കിയായിരുന്നു കെ.ജി സൈമൺ എന്ന ഐ.പി.എസ് ഓഫീസറുടെ ഔദ്യോഗിക ജീവിതം. ഏതൊരു കുറ്റവാളിയും എത്ര തന്നെ തെളിവില്ലാതാക്കി രക്ഷപ്പെടാൻ ശ്രമിച്ചാലും ഒരു കടുകുമണിയെങ്കിലും ബാക്കി വെച്ചേക്കുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പൊലീസുകാരൻ. തന്റെ ഈയൊരു വിശ്വാസം തന്ത്രപ്രധാനമായ നിരവധി കേസുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും കെ.ജി സൈമണിന് സാധിച്ചു. പരിചയസമ്പത്തുമായി കോഴിക്കോട് എത്തിയ ഉടനെയാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസ് കെ.ജി സൈമണിന്റെ ശ്രദ്ധയിലെത്തുന്നത്.
ലോക്കൽ പൊലീസ് ആത്മഹത്യയായി അവസാനിപ്പിച്ച പൊന്നാമറ്റത്തെ റോയ് തോമസിന്റെ കേസ് സ്വത്ത്തർക്കത്തിന്റെ രൂപത്തിൽ റൂറൽ എസ്‌പിക്ക് മുന്നിലെത്തുമ്പോൾ അത് വെറും ആത്മഹത്യമാത്രല്ലെന്ന നിഗമനത്തിലേക്കെത്താൻ കെ.ജി സൈമണ് വലിയ സമയമൊന്നും വേണ്ടി വന്നില്ല. കുറ്റാന്വേഷണരംഗത്തെ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട് സൈമൺ. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ, സ്തുത്യർഹ സേവാ മെഡൽ, ബാഡ്ജ് ഓഫ് ഓണർ, മെറിട്ടോറിയൽ സർവീസ് എൻട്രി, ഇൻവെസ്റ്റിഗേഷൻ എക്‌സലൻസ് പുരസ്‌കാരം, ഗുഡ് സർവീസ് എൻട്രി തുടങ്ങി 200-ഓളം പുരസ്‌കാരങ്ങൾ നേടിയ പൊലീസുകാരൻ.
കോട്ടയം, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ പൊലീസ് സൂപ്രണ്ടായും തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സി.എസ്‌ഐ. ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയായി സൈമണെ നിയോഗിക്കുന്നത്. 15 അംഗ ഭരണസമിതിയുടെ ഉത്തരവ് അഡ്‌മിനിസ്ട്രേറ്റർമാരായ ജസ്റ്റിസ് ആർ.ബാലസുബ്രഹ്‌മണ്യം, ജസ്റ്റിസ് വി.ഭാരതിദാസൻ എന്നിവർ ബിഷപ്പ് കമ്മിസറിയായ റവ. ഡോ. റോയ്സ് മനോജ്കുമാർ വിക്ടറിന് അയച്ചിട്ടുണ്ട്.
തൊടുപുഴ എള്ളുംപുറം കൈയാലയ്ക്കകത്ത് കുടുംബാംഗമായ കെ.ജി.സൈമൺ, സി.എസ്‌ഐ. ഈസ്റ്റ് കേരള മഹായിടവകാംഗമാണ്. സി.എസ്‌ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ മുൻ ബിഷപ്പ് കെ.ജി.ഡാനിയൽ സഹോദരനാണ്. റിട്ട. അഡീഷണൽ ഡി.പി.ഐ. അനിലാ ജോർജാണ് ഭാര്യ. അവിനാ സൈമൺ, ഡോ. അനീഷ എന്നിവർ മക്കളാണ്. കെജി സൈമണിന്റെ നിയമനത്തോടെ സഭയിലെ അഴിമതി ആരോപണങ്ങൾക്കും പുതിയ തലം നൽകും. എല്ലാം സൈമൺ പരിശോധിച്ചേക്കും. തിരുവനന്തപുരത്തെ എൽഎംഎസ് കോംപൗണ്ടിലാണ് സഭാ ആസ്ഥാനം.
മുൻ മോഡറേറ്റർ ധർമരാജ് റസാലം അഡ്‌മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി നിയമിച്ച ടി.ടി.പ്രവീൺ ഉൾപ്പെടുന്ന ഭരണസമിതിയെ നേരത്തേ പിരിച്ചുവിട്ടിരുന്നു. ഫിനാൻഷ്യൽ അഡ്‌മിനിസ്ട്രേറ്ററായി പ്രൊഫ. സെൽവരാജ് ഉൾപ്പെടെ 15 അംഗങ്ങൾ സമിതിയിലുണ്ട്.