കണ്ണൂർ:സർക്കാരിന്റെ അവഗണനയാൽ ജീവിതത്തിന്റെ ഇഴകീറിയ ഖാദി തൊഴിലാളികൾ വിഷുവിനും പട്ടിണിയിൽ. പതിനായിരത്തിൽപ്പരം തൊഴിലാളികളാണ് വിഷുവിന് പട്ടിണിയിലായത്. പന്ത്രണ്ടുമാസത്തെ ശമ്പള കുടികുടിശികയാണ് അന്ന് തൊഴിൽമന്ത്രി യൂനിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയിരുന്നത്. മാർച്ച് 31-ന് തുകയിടുമെന്നും പറഞ്ഞു. എന്നാൽ അതു സംഭവിക്കാത്തതിനെ തുടർന്നാണ് വിഷുനാളിൽ ഖാദി തൊഴിലാളികൾ പെരുവഴിയിലായത്.

ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ വിയർപ്പൊഴുക്കുന്ന സർക്കാരാണ് ജോലി ചെയ്ത കൂലികൊടുക്കാതെ ഖാദി തൊഴിലാളികളെ വഞ്ചിക്കുന്നത്.വിധവകും അശരണരും നിരാലംബരുമായ സ്ത്രീ തൊഴിിലാളികളാണ് ഖാദി ബോർഡിന് കീഴിൽ ജോലി ചെയ്യുന്നത്. ഇവർക്ക് ജീവിക്കാൻ മറ്റുമാർഗങ്ങളൊന്നുമില്ല. അവരോടൊണ് അതിക്രൂരമായ അവഗണനകാണിക്കുന്നത്.

അളമുട്ടിയാൽ ചേരയും കടിക്കുമെന്നു പറഞ്ഞതു പോലെയാണ് ഖാദി തൊഴിലാളികൾ സമരത്തിനിറങ്ങിയത്. സി. ഐ.ടി.യു, ഐ. എൻ.ടി.യു.സി യൂനിയനുകളുടെ പിൻതുണയോടെ ഖാദി വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. അനിശ്ചിതകാല സമരം തുടർന്നപ്പോൾ യൂനിയൻ പ്രതിനിധികളെ തൊഴിൽവകുപ്പ് മന്ത്രി ചർച്ചയ്ക്കുവിളിച്ചത്. കൂലികുടിശ്ശിക ഏഴുദിവസത്തിനുള്ളിൽ നൽകുമെന്നായിരുന്നു അന്നത്തെ ചർച്ചയിൽ മന്ത്രി പറഞ്ഞത്.

ഈ വാക്കുകൾ വിശ്വസിച്ചു ഫെഡറേഷൻ സമരം പിൻവലിക്കുകയും ചെയ്തു. ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി നൽകുന്നതിനായി ബജറ്റിൽ അനുവദിച്ച തുക മാർച്ച് 31-നകം അനുവദിക്കുമെന്നായിരുന്നുധനകാര്യവകുപ്പിന്റെ ഉറപ്പ്. ഈ ഉറപ്പനുസരിച്ച് മാർച്ച് 31 ന് ഖാദി ബോർഡിന്റെ അക്കൗണ്ടിലേക്ക് ധനകാര്യവകുപ്പിൽ നിന്നും 20.61-കോടിരൂപ നൽകുകയും ചെയ്തു.ഈ വിവരം യൂനിയൻ പ്രതിനിധികൾക്കും ലഭിച്ചു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഖാദിസ്ഥാപനങ്ങൾ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് തുക നൽകാത്തപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ബോർഡിന് നൽകിയ തുക അൽന്നു തന്നെ സർക്കാർ ട്രഷറിയിൽനിന്നും സർക്കാർ തിരിച്ചു പിടിച്ചുവെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. ഖാദി തൊഴിലാളികളുടെ അനിശ്ചിതകലാ പണിമുടക്കിനിടെയിൽ തൊഴിൽവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ ഉറപ്പ് പാലിക്കപ്പെടാത്തത് പ്രതിഷേധാർഹമാണെന്നും പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഖാദിവർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.കൃഷ്ണനും പ്രസിഡന്റ് സോണി കോമത്തും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.