പയ്യന്നൂർ: പയ്യന്നൂരിൽ ഖാദി ബോർഡ് തൊഴിലാളികൾ നടത്തുന്ന സമരം ഏഴുദിവസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാൻ തയ്യാറാകാതെ പിണറായി സർക്കാർ. തങ്ങൾ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന പാർട്ടിയും സർക്കാരും കൈവിട്ടതോടെ ഇഴപൊട്ടിയ ജീവിതം ഇനിയെങ്ങനെ മുൻപോട്ടു കൊണ്ടുപോകുന്നത് അറിയാതെ നിൽക്കുകയാണ് പയ്യന്നൂരിലെ രണ്ടായിരത്തിലേറെ ഖാദിതൊഴിലാളികൾ.

98 ശതമാനം പട്ടിണി പാവങ്ങളായ സ്ത്രീകളാണ് ഖാദി മേഖലയിൽ ജോലി ചെയ്യുന്നത്. ഒറ്റപ്പെട്ടവരും ജീവിത സ്വപ്നങ്ങളുള്ളവരുമായ ജീവിതത്തിന്റെ വലിയൊരു ഭാഗം പിന്നിടുന്നവരാണ് ഇവരിൽ പലരും. വിയർപ്പും മനസും കോർത്ത് ഇവർ ചർക്കയിൽ തിരിച്ചും, തറിയിൽ നെയ്ത്തുമുണ്ടാക്കുന്ന ഖാദി തുണിത്തരങ്ങൾക്ക് നല്ലവിലയുണ്ട്. പി.ജയരാജൻ വന്നതിനു ശേഷം ഖാദിമേഖലയിൽ നല്ല വിൽപനയും സ്വീകാര്യതയും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും പാവപ്പെട്ട തൊഴിലാളികൾക്ക് അരിവാങ്ങാനുള്ള കാശായി മാറുന്നില്ല.

ബോർഡിന്റെ വൈസ് ചെയർമാന് കേരളമാകെ ചീറിപ്പായാൻ പുതിയ ഇന്നോവ ക്രെറ്റ ബോർഡിന്റെ ചെലവിൽ വാങ്ങാനും ഉദ്യോഗസ്ഥന്മാർക്ക് ധൂർത്തടിക്കാൻ അലവൻസുമുണ്ട്. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും ബക്രീദിനും ആഘോഷമായി നടത്തുന്ന ഖാദി മേളകളിൽ മുപ്പതു ശതമാനം റിബേറ്റു നൽകി കൊണ്ടു സർക്കാർ കൈയയച്ചു സഹായിക്കുമ്പോഴും ഇതിന്റെയൊന്നും പ്രയോജനം ഈ പാവങ്ങൾക്ക് ലഭിക്കുന്നില്ലെന്നതാണ് സി. ഐ.ടി. യു നേതാക്കൾ ഉൾപ്പെടെ പറയുന്നത്. നാട്ടാരെ മുഴുവൻ ഖാദി ഉടുപ്പിക്കാൻ ബോർഡും വൈസ്ചെയർമാനും ഉദ്യോഗസ്ഥരും ഓടിപാഞ്ഞു നടക്കുമ്പോഴും തുണി ഉത്പാദിപ്പിക്കുന്ന തൊഴിലാളികളുടെ വയറ്റിന്റെ തീയാരും കാണുന്നില്ല.

അധ്വാനിക്കുന്നവരുടെയും തൊഴിലാളികളുടെയും പാർട്ടിയെന്നു അവകാശപ്പെടുന്ന സി.പി. എം സംസ്ഥാനം രണ്ടാംതവണയും ഭരിക്കുമ്പോഴും മിനിമം വേതനവും ഉൽപാദന ബോണസുമില്ലാതെ വലയുകയാണ് ഖാദി തൊഴിലാളികൾ. അള മുട്ടിയാൽ ചേരയും കടിക്കുമെന്നു പറയുന്നതു പോലെ കുടിശ്ശികയായ മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ടു അനിശ്ചിതകാലസമരത്തിലാണ് സി. ഐ.ടി.യുവും ഐ. എൻ.ടി.യു.സിയും.

സർക്കാരിന്റെയും ബോർഡിന്റെയും എല്ലാവാതിലുകളിലും മുട്ടിയതിനു ശേഷമാണ് തൊഴിലാളികൾ യൂണിയനുകളുടെ നേതൃത്വത്തിൽ ഗത്യന്തരമില്ലാതെ സമരമാരംഭിച്ചത്. പയ്യന്നൂർ ഖാദികേന്ദ്രത്തിനു കീഴിലെ രണ്ടായിരത്തിലേറെ തൊഴിലാളികളാണ് 2022 മാർച്ചു മുതലുള്ള മിനിമം വേതനം ലഭിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇവിടെ മാത്രമല്ല സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിൽ പതിനഞ്ചും ഇരുപതുമാസത്തെ കുടിശികയാണ് തൊഴിലാളികൾക്ക് നൽകാനുള്ളത്.

അഖിലേന്ത്യാ ഖാദി കമ്മിഷൻ നിശ്ചയിച്ച കോസ്റ്റ് ചാർട്ട് പ്രകാരമുള്ള കൂലി പോലും തൊഴിലാളികൾക്കു ലഭിക്കുന്നില്ല. ഒരു ഗ്ളാസ് ചായക്ക് പന്ത്രണ്ടുരൂപ കൊടുക്കേണ്ടി വരുന്ന ഈ നാട്ടിൽ അറുപതു രൂപ മാത്രമാണ് ഇവർക്ക് ദിവസക്കൂലിയെന്നു കേട്ടാൽ ആരും അത്ഭുതപ്പെടും. എന്നാൽ ഇതുതന്നെ ഒരുമാസമോ അതിലധികമോ കാത്തു നിന്നതിനു ശേഷമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

തൊഴിലാളികൾക്കുള്ള ക്ഷേമനിധിയും മുടങ്ങിയിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് നാഷനൽ ഖാദി ലേബർ യൂണിയൻ ( ഐ. എൻ.ടി.യു.സി)ജനറൽ സെക്രട്ടറി എൻ.ഗംഗാധരൻ പറഞ്ഞു. 98 ശതമാനം സ്ത്രീകളും ജോലി ചെയ്യുന്ന ഖാദി മേഖലയിലെ തൊഴിലാളികളുടെ അടുപ്പിൽ തീപുകയണമെങ്കിൽ തൊഴിലുറപ്പു പോലുള്ള മറ്റുതൊഴിലുകൾ അന്വേഷിക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ.

ഖാദി ബോർഡിനായി വ്യവസായ വകുപ്പു പലക്ഷേമപ്രവർത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും അതൊന്നും പട്ടിണി പാവങ്ങളായ തൊഴിലാളികളിലേക്ക് എത്തുന്നില്ല. ഖാദി തുണി ഉൽപ്പാദനം നൂൽവില ഉൾപ്പെടെയുള്ള വൻപ്രതിസന്ധി നേരിടുന്നുണ്ടെന്നത് യാഥാർത്ഥ്യമാണൈങ്കിലും അതൊന്നും തൊഴിലാളികൾക്ക് വേതനവും ക്ഷേമ നിധി ആനുകൂല്യങ്ങളും നൽകുന്നതിൽ തടസമാകരുതെന്നാണ് സി. ഐ.ടി.യു നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

നാട്ടിലെ മുഴുവൻ അർഹതപ്പെട്ട വയോജനങ്ങൾക്കും ക്ഷേമപെൻഷൻ പൊതുഖജനാവിൽ നിന്നുമെടുത്തു കൃത്യമായി നൽകുന്നുവെന്ന് വീമ്പടിക്കുന്ന പിണറായി സർക്കാർ തന്നെയാണ് പാവപ്പെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞിയിൽ മണ്ണിട്ടു രസിക്കുന്നത്. വരുന്ന വിഷുക്കാലം പട്ടിണിയുടെ കാലമായി മാറുമെന്ന ആശങ്ക തൊഴിലാളികൾക്കുണ്ട്. വിധവകളും ഒറ്റപ്പെട്ടവരുമായ നിരവധി സ്ത്രീകൾ ഖാദി മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. നിശ്ചലമായ തറികളിൽ നിന്നുയരുന്നത് ഇവരുടെ അടക്കിപ്പിടിച്ച കരച്ചിലുകളാണ്.സർക്കാരിന്റെ ബധിരകർണ്ണങ്ങളിൽ അതുകേൾക്കുന്നില്ലെന്നു മാത്രം.