അടൂർ: പത്തു വർഷത്തോളമായുള്ള തീരാവേദനയുമായിട്ടാണ് ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞ് (65) ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ ഇദ്ദേഹത്തിന്റെ മൂത്രസഞ്ചിയിൽ കണ്ടത് വലിയ രണ്ടു കല്ലുകൾ. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നീക്കം ചെയ്ത കല്ലുകൾ കണ്ട് ഞെട്ടി. രണ്ടും കൂടി അരക്കിലോയോളം വരും. 15 സെന്റിമീറ്റർ വലിപ്പം.

പതിനാലാംമൈലിലെ ലൈഫ് ലൈൻ ആശുപത്രി യൂറോളജി വിഭാഗത്തിൽ നടത്തിയ ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മൂത്രസഞ്ചിയിൽ നിന്ന് കല്ലുകൾ നീക്കം ചെയ്തത്. സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലുതാണ് ഈ മൂത്രാശയ കല്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ദീപു ബാബു പറഞ്ഞു.

മൂത്രത്തിൽ ഇടവിട്ട് പഴുപ്പ്, രക്തമയം, അടിവയറ്റിൽ നിരന്തരമായ വേദന എന്നീ ലക്ഷണങ്ങളുമായിട്ടാണ് അബ്ദുൽ റഹ്മാൻ കുഞ്ഞ് യൂറോളജി വിഭാഗം തലവൻ ഡോ. ദീപു ബാബുവിനെ രണ്ടാഴ്‌ച്ചയ്ക്ക് മുൻപ് സമീപിച്ചത്. പത്തു വർഷത്തോളമായി ഈ വിഷമതകളുമായി നടക്കുകയായിരുന്നു അദ്ദേഹം.

സി.ടി.സ്‌കാൻ നടത്തിയപ്പോൾ മൂത്രസഞ്ചിയിലെ കല്ല് കണ്ട ഡോ. ദീപു ഉടൻ തന്നെ സർജറി നടത്തുന്നതിന് നിർദ്ദേശം നല്കി. ഡോ. ദീപുവിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ലൈഫ് ലൈൻ സർജറി വിഭാഗം തലവൻ ഡോ. മാത്യൂസ് ജോൺ പിന്തുണ നല്കി. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അജോ എം. അച്ചൻകുഞ്ഞ്, നഴ്സുമാരായ സാംസി, സില്ല എന്നിവരും ടീമിൽ ഉണ്ടായിരുന്നു.