- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയുടെ കണക്ക് പച്ചക്കള്ളം! 466 കോടി 'റിയല്‍ എസ്റ്റേറ്റ് നിക്ഷേപം' നടത്തി എന്ന വാദം പൊളള; ഭൂമി വാങ്ങാനല്ല, ഏറ്റെടുക്കാന്‍ കിഫ്ബി ചെലവഴിച്ചത് 66 കോടി മാത്രം; മുമ്പു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ രാഷ്ട്രീയ വേട്ട ആവര്‍ത്തിക്കുന്നു; മാധ്യമങ്ങള്‍ക്ക് നോട്ടീസ് ചോര്‍ത്തിയതിലും രാഷ്ട്രീയക്കളി; മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കിയ ഇഡിക്ക് മറുപടിയുമായി കിഫ്ബി സിഇഒ
ഇഡിക്ക് മറുപടിയുമായി കിഫ്ബി സിഇഒ
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് ഉന്നതര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുരുക്ക് മുറുക്കിയിരിക്കുകയാണ്. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ. എം. എബ്രഹാം എന്നിവരാണ് നോട്ടീസ് ലഭിച്ച മറ്റുള്ളവര്‍, വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ച് 466 കോടിയുടെ 'ഭൂമി' വാങ്ങിയെന്നാണ് ഇ.ഡി.യുടെ ആരോപണം.
എന്നാല്‍, ഇ.ഡി.യുടെ ഈ നീക്കത്തെ തള്ളിക്കളഞ്ഞ് കിഫ്ബി സിഇഒ ഡോ. കെ. എം. എബ്രഹാം രംഗത്തുവന്നതോടെ വിവാദം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 'കണക്കുകള്‍ കള്ളം, അന്വേഷണം രാഷ്ട്രീയ നാടകം' എന്നാണ് കെ എം എബ്രഹാം ഫേസ്ബുക്കില്‍ കുറിച്ചത്.
ഇ.ഡി.യുടെ ആരോപണവും കിഫ്ബിയുടെ വെല്ലുവിളിയും
ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി 2019-ല്‍ ബോണ്ടിറക്കി 2150 കോടി വിദേശത്ത് നിന്ന് സമാഹരിച്ചത് ചട്ടവിരുദ്ധമാണ് എന്നാണ് ഇ.ഡി.യുടെ പ്രധാന കണ്ടെത്തല്‍. സമാഹരിച്ച തുകയില്‍ നിന്ന് 467 കോടി രൂപ 'ഭൂമി വാങ്ങാന്‍' (Investment/Commercial Purchase) ഉപയോഗിച്ചത് ഫെമ നിയമങ്ങളുടെ ലംഘനമാണെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. നോട്ടീസിന് ഒരു മാസത്തിനകം രേഖാമൂലം മറുപടി നല്‍കണം. ഇ.ഡി.യുടെ കണ്ടെത്തല്‍ ശരിയെന്ന് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ബോധ്യപ്പെട്ടാല്‍, ചട്ടലംഘനം ആരോപിക്കപ്പെട്ട 466 കോടിയുടെ 300 ഇരട്ടിവരെ കിഫ്ബിക്ക് പിഴ ചുമത്താന്‍ സാധ്യതയുണ്ട്.
മസാല ബോണ്ട് ഉപയോഗിച്ച് 466 കോടി 'റിയല്‍ എസ്റ്റേറ്റ് നിക്ഷേപം' നടത്തി എന്നാണ് ഇ.ഡി.യുടെ നോട്ടീസിലെ പ്രധാന ആരോപണം. എന്നാല്‍, ഈ കണക്ക് പച്ചക്കള്ളമാണെന്ന് കിഫ്ബി സിഇഒ വാദിക്കുന്നു .ഇ.ഡി. നോട്ടീസില്‍ പറയുന്ന 466 കോടി എന്ന തുക കിഫ്ബി നല്‍കിയതല്ല, മറിച്ച് ഏജന്‍സി സ്വയം ഉണ്ടാക്കിയെടുത്ത ഒരു കണക്കാണ്! യഥാര്‍ത്ഥത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ ചെലവഴിച്ചത് 66 കോടി മാത്രമാണ്. 400 കോടിയുടെ ഈ വ്യത്യാസം മനഃപൂര്‍വമുള്ള തെളിവ് വളച്ചൊടിക്കല്‍ അല്ലാതെ മറ്റെന്താണെന്ന് കിഫ്ബി സിഇഒ ചോദിച്ചു.
'ഭൂമി വാങ്ങലോ, ഏറ്റെടുക്കലോ?':
'ഭൂമി വാങ്ങുന്നതും' (Purchase for Investment) 'പൊതു ആവശ്യത്തിനായി ഏറ്റെടുക്കുന്നതും' (Land Acquisition) തമ്മില്‍ നിയമപരമായി വലിയ വ്യത്യാസമുണ്ട്. കിഫ്ബി ചെയ്തത് പൊതുമരാമത്തിനും മറ്റും വേണ്ടിയുള്ള 'ഭൂമി ഏറ്റെടുക്കല്‍' മാത്രമാണ്. ഇത് ആര്‍.ബി.ഐ.യുടെ ഇ.സി.ബി. ചട്ടങ്ങള്‍ ലംഘിക്കുന്നില്ല. കമ്പ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) പോലും എന്‍.എച്ച്.എ.ഐ.യുടെ സമാനമായ ഭൂമി ഏറ്റെടുക്കലിനെ അംഗീകരിച്ചിട്ടുണ്ട്. ഇ.ഡിക്ക് ഇതൊന്നും അറിയാത്തതാണോ? അതോ അറിയാഞ്ഞിട്ടും നാടകം കളിക്കുന്നതോ എന്നും കെ എം എബ്രഹാം ചോദിച്ചു.
രാഷ്ട്രീയ വേട്ട എന്നാരോപണം
ഇ.ഡി.യുടെ നീക്കം കേവലം നിയമപരമായ നടപടിയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയവേട്ടയാണെന്നാണ് കിഫ്ബി ആരോപിക്കുന്നത്. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നോട്ടീസ് അയച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമം നടന്നു. 2024-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തോമസ് ഐസക്കിനെ കുടുക്കാന്‍ വീണ്ടും സമന്‍സ്. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയെ തന്നെ വലയിലിട്ട് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ തിരക്കഥയാണ്.
നോട്ടീസ് ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയത് ആരാണ് പിന്നില്‍ എന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. വിചാരണ കോടതിക്ക് മുന്‍പേ മാധ്യമ വിചാരണ നടത്താനുള്ള ഇ.ഡി.യുടെ തന്ത്രം ഇവിടെയും ആവര്‍ത്തിച്ചു!
ഹൈക്കോടതിയെ മറികടന്നുള്ള സാഹസം!
സമന്‍സ് അയച്ചതിനെ ചോദ്യം ചെയ്തുള്ള കിഫ്ബിയുടെ റിട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്, അതേ വിവരങ്ങള്‍ ഉപയോഗിച്ച് ഇ.ഡി. ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോടതിയുടെ തീരുമാനത്തിനായി കാത്തുനില്‍ക്കാതെ, കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന രേഖകള്‍ ഉപയോഗിച്ച് വേഗത്തില്‍ നടപടി എടുത്തത് നിയമപരമായ മര്യാദകേടാണ്.കിഫ്ബി എല്ലാ രേഖകളും സഹിതം നിയമപരമായി ഇതിനെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. സത്യം എത്രനാള്‍ മൂടിവയ്ക്കാന്‍ സാധിക്കും?
'കിഫ്ബിക്ക് മറയ്ക്കാന്‍ ഒന്നുമില്ല, എല്ലാം തുറന്ന പുസ്തകമാണ്! കേരളത്തിന്റെ വികസനം തടയാന്‍ ആരെയും അനുവദിക്കില്ല!' - ഡോ. കെ. എം. എബ്രഹാം തന്റെ പോസ്റ്റില്‍ പറഞ്ഞു.




