- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചാൾസ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആദരിക്കപ്പെടുന്നവരിൽ മലയാളികളും; രാജാവിന്റെ ജന്മദിന ചടങ്ങിൽ മലയാളി തിളക്കങ്ങളാകാൻ പ്രൊഫസർ മുഹമ്മദ് ബഷീറും ജോയ്സി ജോണും
ലണ്ടൻ: ബ്രിട്ടീഷ് സിംഹാസനാധിപതിയുടെ ജന്മദിന നാളിൽ രാജ്യത്തെ വിവിധ മേഖലകളിൽ സംഭാവന നൽകിയ പ്രമുഖരെ ആദരിക്കുന്ന ചടങ്ങുണ്ട്. ചാൾസ് രാജാവായതിന് ശേഷമുള്ള ആദ്യ ജന്മദിനത്തിൽ ഇത്തരത്തിൽ ആദരിക്കപ്പെടുന്നവരിൽ നാൽപതിലധികം ഇന്ത്യൻ വംശജരുണ്ട്. അതിൽ മലയാളികളും ഉൾപ്പെടുന്നു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.
സിവിൽ (സ്ട്രക്ചറൽ ) എഞ്ചിനീയറിങ് മേഖലയിലെ സംഭാവനകൾ പരിഗണിച്ച് കമാൻഡർ ഓഫ് ദി ഓർഡർ (സി ബി ഇ) അവാർഡ് നേടിയ പ്രൊഫസർ പി എ മുഹമ്മദ് ബഷീർ ആണ് അവരിലൊരാൾ. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. ഇന്നും കേരളത്തെ നെഞ്ചോട് ചേർത്തുവയ്ക്കുന്ന മുഹമ്മദ് ബഷീർ, റീബിൽഡ് കേരള, കേരള സയൻസ് പാർക്ക് എന്നിവയുമായും യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.
2015 മുതൽ 2021 വരെ ലീഡ്സിലെ സ്‌കൂൾ ഓഫ് സിവിൽ എഞ്ചിനീയറിംഗിന്റെ തലവനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം വരുന്ന സെപ്റ്റംബറിൽ ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് എനർജി ജിയോസയൻസ്, ഇൻഫ്രാസ്ട്രക്ചർ ആന്ദ് സൊസൈറ്റിയുടെ എക്സിക്യുട്ടീവ് ഡീനായി ചുമതലയേൽക്കും. 1981 ൽ കൊല്ലം ടി കെ എം കോളേജിൽ നിന്നാണ് അദ്ദേഹം എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്. തുടർന്ന് കോഴിക്കോട്ട് ആർ ഇ സിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദെഹം അവിടെ ദീർഘകാലം അദ്ധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചിട്ടുണ്ട്. വെണ്ണിക്കുളം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ എറണാകുളം സ്വദേശിയായ ഡോ. ലുലു ആണ്. നതാഷ, നവനീത് എന്നിവരാണ് മക്കൾ.
അതേസമയം തൃശ്ശൂർ മാള സ്വദേശിനിയായ ജോയിസി ജോണിന് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (എം ബി ഇ ) ബഹുമതി ലഭിച്ചു. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിൽ തനത് വ്യക്തിത്വം രൂപപ്പെടുത്തിയ ജോയ്സിക്ക് സാങ്കേതിക രംഗത്ത് നൽകിയ സംഭാവനകൾക്കാണ് പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനുള്ള വിദഗ്ധ സമിതിയായ എഡ്ടെക് ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് ഇവരെ ഇംഗ്ലണ്ട് വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുണ്ട്. സ്‌കൂൾ റീ ഇമാജിൻഡ് എക്സ്പേർട്ട് പാനലിലേക്ക് വെയിൽസ് സർക്കാർ ഇവരെ നാമനിർദ്ദേശം ചെയ്തിട്ടുമുണ്ട്.
വിദ്യാഭ്യാസം, ടെക്നോളജി, ബാങ്കിങ്, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച ജോയ്സിക്ക് സിംഗപ്പൂർ, യു, എസ് എ, യു കെ എന്നീ രാജ്യങ്ങളിലായി രണ്ട് ദാശബ്ദക്കാലത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. ഇൻവേനിയോ കൺസൾട്ടിങ് ഡയറക്ടർ ആയ ചമ്പക്കുളം സ്വദേശി ടോണി തോമസ് ആണ് ഭർത്താവ്. അമേലിയ, ഏലനോർ എന്നിവർ മക്കൾ.




