- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാള്‍സ് രാജാവിന്റെയും കാമിലയുടേയും ബാംഗ്ലൂരിലെ സുഖ ചികിത്സയില്‍ മാധ്യമങ്ങള്‍ക്കും കൗതുകം; ആയുര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും യോഗയും തേടിയ ചാള്‍സ് കാന്‍സര്‍ ചികിത്സയ്ക്കല്ല സൗഖ്യയില്‍ എത്തിയതെന്ന് വിശദീകരണം; നാല് നാളത്തെ സന്ദര്‍ശനം രഹസ്യമാക്കിയതില്‍ എങ്ങും അമ്പരപ്പ്; ഡോക്ടര്‍ ഐസക്ക് ബ്രിട്ടനിലേക്ക് എത്തുമോ?
ചാള്‍സ് രാജാവിന്റെ ബാംഗ്ലൂരിലെ സുഖ ചികിത്സയില്‍ മാധ്യമങ്ങള്‍ക്കും കൗതുകം
കവന്‍ട്രി: കഴിഞ്ഞ ആഴ്ച ആരോരും അറിയാതെ ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും ബാംഗ്ലൂരിലെ മലയാളി ഡോക്ടര്‍ ഐസക് മത്തായിയുടെ സൗഖ്യ എന്ന സുഖ ചികിത്സ കേന്ദ്രത്തില്‍ എത്തിയത് അമ്പരപ്പോടെയാണ് ഇപ്പോള്‍ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വിവരം ചാള്‍സ് രാജാവ് സൗഖ്യയില്‍ എത്തി മണിക്കൂറുകള്‍ക്കകം പ്രാധാന്യത്തോടെ തന്നെ മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടോ മൂന്നോ ദിവസം മാത്രമായി വിവരമറിഞ്ഞ വിദേശ മാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ചാള്‍സ് രാജാവിന്റെ ചികിത്സാ വിവരങ്ങള്‍ തേടി പരക്കം പായുകയാണ്. ഏവര്‍ക്കും അറിയേണ്ടത് ബാംഗ്ലൂരിലെ സൗഖ്യയില്‍ കാന്‍സറിന് എതിരെ പോരാടാനുള്ള അത്ഭുത മരുന്ന് വല്ലതും ഉണ്ടോ എന്നാണ്. ആസ്‌ട്രേലിയന്‍, സമോവ എന്നീ രാജ്യങ്ങളിലേക്കുള്ള നീണ്ട യാത്ര കഴിഞ്ഞു വിശ്രമം പോലും എടുക്കാതെ ചാള്‍സും കാമിലയും സൗഖ്യയില്‍ എത്തിയതാണ് ഏവര്‍ക്കും അത്ഭുതം. എന്നാല്‍ അതേ കാരണത്തിന് തന്നെയാണ് ചാള്‍സും കാമിലയും ബാംഗ്ലൂരില്‍ എത്തിയത് എന്നാണ് രസകരം.
സൗഖ്യയില്‍ എത്തിയത് വിശ്രമം തേടി തന്നെ
നീണ്ട ആസ്‌ട്രേലിയന്‍, സമോവ യാത്രയ്ക്ക് ശേഷം ശാരീരികമായും മാനസികമായും ക്ഷീണിതനായ ചാള്‍സിന് ഉന്മേഷം വീണ്ടെടുക്കാന്‍ തന്നെയാണ് സൗഖ്യയില്‍ എത്തിയത് എന്ന് വ്യക്തം. സമോവയില്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടിയായ ചോഗത്തില്‍ പങ്കെടുക്കവെ പഴയ കോളനികാല ചെയ്തികള്‍ക്ക് കൂരമ്പുകളായി എത്തിയ ചോദ്യങ്ങള്‍ ചാള്‍സിനെ വ്യക്തിപരമായി വേദനിപ്പിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പ്രത്യേകിച്ചും അടിമക്കച്ചവടത്തിന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ നഷ്ടപരിഹാരം ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുകയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്. ഈ കച്ചവട പങ്കു ബ്രിട്ടീഷ് കൊട്ടാരത്തിലേക്കും എത്തിയിട്ടുണ്ട് എന്ന് ആരോപണം ഉയരുമ്പോള്‍ ചാള്‍സിന് കൃത്യമായ മറുപടിയുമില്ല.
അടുത്തിടെ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനായ ചാള്‍സ് ആസ്‌ട്രേലിയന്‍, ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു യുകെയിലേക്ക് വരുമ്പോള്‍ വീണ്ടും ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകുന്നതോടെ കൂടുതല്‍ ക്ഷീണിതനാകാന്‍ ഇടയുണ്ട് എന്ന നിര്‍ദേശമാണ് ദീര്‍ഘകാല സുഹൃത്തും ആരോഗ്യ സംരക്ഷകനുമായ ഡോ. ഐസക്കിന്റെ ഉപദേശം തേടാന്‍ ചാള്‍സ് തീരുമാനിച്ചത്. എന്നാല്‍ ഒരു ദിവസത്തേക്കോ ഔദ്യോഗിക പരിപാടികള്‍ക്കായോ ആണ് എത്തുന്നതെങ്കില്‍ വന്നിട്ടു വലിയ കാര്യം ഇല്ലെന്നാണ് ഡോക്ടര്‍ നല്‍കിയ മറുപടി എന്ന് പുറത്തു വരുന്ന വിവരം. ചുരുങ്ങിയത് മൂന്നു ദിവസം എങ്കിലും ആരോഗ്യത്തിനു മാറ്റിവയ്ക്കണം എന്ന് ഡോകടര്‍ നിര്‍ദേശിച്ചതോടെയാണ് സന്ദര്‍ശനം നാല് നാളത്തേക്ക് നീണ്ടത്.
സൗഖ്യ പോര്‍ച്ചുഗലിലേക്ക്, ബ്രിട്ടനിലേക്ക് വരുമോ?
അതിനിടെ തമാശയായും കാര്യമായും സൗഖ്യയ്ക്ക് ബ്രിട്ടനില്‍ ഒരു ബ്രാഞ്ച് തുടങ്ങിയാല്‍ താന്‍ ഇങ്ങനെ കഷ്ടപ്പെടണോ എന്ന് ചാള്‍സ് രാജാവ് ഇത്തവണയും ചോദിച്ചത് ഡോക്ടര്‍ക്കും ഉത്തരം മുട്ടിച്ചതായി തമാശ രൂപേണ പുറത്തു വരുന്ന വിവരം. നീണ്ട നാളായി ഡോക്ടറെ യുകെയിലേക്ക് ക്ഷണിക്കുന്ന ചാള്‍സ് രാജാവിന്റെ ഇത്തവണത്തെ ക്ഷണം ഒരു പക്ഷെ ഡോക്ടര്‍ ഐസക് ഗൗരവത്തോടെ എടുത്തേക്കും. കാരണം സൗഖ്യ പോര്‍ച്ചുഗലിലേക്ക് കൂടി വളരുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടനിലും സൗഖ്യ എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ പ്രയാസം സൃഷ്ടിക്കുന്നത്.
പോര്‍ച്ചുഗല്‍ ഇപ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് അസാധാരണമായ സൗകര്യങ്ങള്‍ ആണ് നല്‍കുന്നത് എന്ന വാര്‍ത്തകളും സൗഖ്യയുടെ പുതിയ മേച്ചില്‍ പുറം തേടിയുള്ള യാത്രയ്ക്കൊപ്പം കൂട്ടി വായിക്കണം. യുകെയില്‍ നിന്നും ചെറുപ്പക്കാരായ അനേകം സംരംഭകരാണ് ഇപ്പോള്‍ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ പോലെയുള്ള നഗരങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. നികുതി രഹിത ഓഫറുകളാണ് പ്രധാനമായും സംരംഭകരെ ആകര്‍ഷിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പഞ്ഞമില്ലാത്ത ലഭിക്കുന്ന വായ്പകളും നിക്ഷേപകരെ സംബന്ധിച്ച് ലിസ്ബണ്‍ നഗരത്തെ ഏറെ പ്രിയപെട്ടതാക്കുകയാണ്.
നടന്നത് കാന്‍സര്‍ ചികിത്സയല്ല, തനി നാടന്‍ ചികിത്സ തന്നെ
കാന്‍സര്‍ രോഗവിമുക്തി അടുത്തിടെ നേടിയ ചാള്‍സിന്റെ സന്ദര്‍ശനം കാന്‍സര്‍ ചികിത്സയുമായി ബന്ധപെട്ടാണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ മാധ്യമലോകത്തെ പ്രധാന ഗോസിപ്പ്. എന്നാല്‍ ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കാന്‍ ഉള്ള പരമ്പരാഗത ഇന്ത്യന്‍ രീതിയായ ആയുര്‍വേദവും യോഗയും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും ചേര്‍ന്ന പാക്കേജാണ് ചാള്‍സിന് വേണ്ടി ചെയ്തതെന്ന് സൗഖ്യയെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇത്തരം ചികിത്സകള്‍ കാന്‍സര്‍ രോഗവുമായുള്ള പോരാട്ടത്തില്‍ പ്രധാനം അല്ലെങ്കിലും ശരീരത്തിന്റെ ഉന്മേഷവും പ്രസരിപ്പും കാത്തു സൂക്ഷിക്കുന്നത് ഏതു ചികിത്സയോടും പോരാടാന്‍ ശരീരത്തിന് ആവശ്യവുമാണ് എന്ന ചിന്തയില്‍ സൗഖ്യയില്‍ നടന്ന ചികിത്സ ചാള്‍സിന് ഗുണം തന്നെയേ ചെയ്യൂ എന്നാണ് വിലയിരുത്തല്‍.
അതിനിടെ ആയുര്‍വേദത്തെയും ഹോമിയോപ്പതിയെയും തുടര്‍ച്ചയായി ആക്ഷേപിക്കും വിധമുള്ള മോഡേണ്‍ ചികിത്സയുടെ പ്രയോജകരായ ബ്രിട്ടന്റെ നയത്തിന് തന്നെ ചാള്‍സിന്റെ തുടര്‍ച്ചയായ സൗഖ്യയിലെ ചികിത്സാ മൂലം മൗനം പാലിക്കേണ്ടി വരും. കഴിഞ്ഞ ഒരു ദശകത്തിലേറെ ആയി സൗഖ്യയിലെ സന്ദര്‍ശകനാണ് ചാള്‍സ് രാജാവ്. അദ്ദേഹമാകട്ടെ പാരമ്പര്യ ചികിത്സാ രീതികളെ ഏറെ ഇഷ്ടപെടുന്ന വ്യക്തിയുമാണ്. പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതമാണ് ചാള്‍സ് എന്നും പ്രോത്സാഹിപ്പിക്കുന്നതും.
നീണ്ട പത്തു ദിവസത്തിന് ശേഷം ഒക്ടോബര്‍ 30നു മാത്രം യുകെയില്‍ തിരിച്ചെത്തിയതോടെയാണ് ബാക്കി ദിവസങ്ങള്‍ എവിടെ ആയിരുന്നു എന്ന ചോദ്യം മാധ്യമ ലോകത്തു നിന്നും ഉയര്‍ന്നത്. തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണമാണ് നീണ്ട നാല് നാള്‍ ആരുമറിയാതെ ഇന്ത്യയില്‍ സുഖ ചികിത്സയില്‍ ആയിരുന്നു എന്ന വിവരം ലഭ്യമാകുന്നത്. പിന്നീട് സൗഖ്യയെ തിരഞ്ഞുള്ള പരക്കം പാച്ചിലാണ് മാധ്യമ ലോകത്തു കാണാനാകുന്നത്. അതീവ രഹസ്യമായി നാലു നാള്‍ ചാള്‍സ് മാറിനിന്ന ഒരു വാര്‍ത്ത നഷ്ടമായി പോയ കുണ്ഠിതവും ഇപ്പോഴത്തെ വാര്‍ത്ത കോലാഹലത്തില്‍ ദൃശ്യമാണ്. ഫാഷന്‍ മാഗസിനുകളിലും വെബ് സൈറ്റുകളിലും വരെ ചാള്‍സിന്റെ രഹസ്യ യാത്രയാണ് പ്രധാന വിശേഷം. അഞ്ചു വര്‍ഷം മുന്‍പ് തന്റെ പിറന്നാള്‍ ആഘോഷം പോലും ചാള്‍സ് നടത്തിയത് സൗഖ്യയിലെ സുഖ ചികിത്സയ്ക്കിടെയാണ്.
യോഗ കൊണ്ട് തുടക്കം, പച്ചക്കറികളും മുട്ടയും പ്രധാന ആഹാരം
കര്‍ക്കശ ചിട്ടവട്ടങ്ങളാണ് സൗഖ്യയുടെ പ്രത്യേകത, ഇത് തന്നെയാണ് ചാള്‍സിനെ പോലുള്ള വിവിഐപികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഓര്‍ഗാനിക് പച്ചക്കറികളും മുട്ടയും ഒക്കെ ചേര്‍ന്ന ഭക്ഷണമാണ് ചാള്‍സ് നാലു ദിവസവും ബാംഗ്ലൂരില്‍ ആസ്വദിച്ചത്. 30 ഏക്കര്‍ വിസ്തൃതിയുള്ള സൗഖ്യയുടെ തോട്ടത്തില്‍ തന്നെയാണ് പച്ചക്കറികളും മറ്റും വിളയുന്നത്. എന്നും രാവിലെ യോഗ ചെയ്താണ് ചാള്‍സും കാമിലയും ചികിത്സാ രീതികളിലേക്ക് കടന്നത്.
ചികിത്സക്കൊപ്പം കര്‍ശന ഭക്ഷണ ക്രമീകരണം ആവശ്യമാണ് എന്ന് പറഞ്ഞതിനോട് നൂറു ശതമാനം യോജിപ്പാണ് ചാള്‍സും കാമിലയും പ്രകടിപ്പിച്ചത് എന്ന് ബാംഗ്ലൂര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശരീരത്തിന് ചുറുചുറുക്ക് നല്‍കാനുള്ള തെറാപ്പികളാണ് ചികിത്സയുടെ ഭാഗമായി ക്രമീകരിച്ചിരുന്നത്. തികച്ചും സ്വകാര്യതയുള്ള ഇവിടെ നീണ്ട പ്രഭാത നടത്തവും മറ്റും ആസ്വദിച്ചാണ് രാജകീയ ദമ്പതികള്‍ ചികിത്സയുടെ ഭാഗമായി മാറിയത്.
ഫാമിങ് രീതികളില്‍ അതീവ താല്‍പര്യമുള്ള ചാള്‍സ് സൗഖ്യയിലെ കൃഷിയിടവും മറ്റും ഏറെ കൗതുകത്തോടെയാണ് നടന്നു കണ്ടതും. എല്ലാക്കാര്യങ്ങളും പറഞ്ഞു കൊടുക്കാന്‍ ഡോക്ടര്‍ ഐസക് മത്തായിയും ഭാര്യ സുജയും പൂര്‍ണ സമയം ദമ്പതികള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. സൗഖ്യയിലെ ഔഷധ ഉദ്യാനവും ചാള്‍സിന് നല്‍കിയ സംതൃപ്തി ഏറെ വലുതാണ്, പശുത്തൊഴുത്തില്‍ എത്തിയതോടെ ഓരോ പശുക്കളുടെ പേരും വര്‍ഗ്ഗവും ഒക്കെ ചോദിച്ചറിയുന്ന തിരക്കായിരുന്നു ചാള്‍സിന്. ചൂട് കൂടിയായപ്പോള്‍ സൗഖ്യയിലെ തെങ്ങില്‍ നിന്നും തന്നെയുള്ള ഇളനീര്‍ ആണ് അദ്ദേഹം ചോദിച്ചു വാങ്ങിയ ദാഹശമനി.
ഒരു പക്ഷെ നീണ്ട നയതന്ത്ര യാത്രയുടെ ആലസ്യം മാറ്റാന്‍ കിട്ടിയ അവസരവുമായി ചാള്‍സ് സ്വയം ഉല്ലാസവാനായി മാറുകയായിരുന്നു എന്നും വിലയിരുത്തലുണ്ട്. പ്രകൃതിയോട് ചേര്‍ന്ന നിലയില്‍ വികസിപ്പിച്ചിരിക്കുന്ന സൗഖ്യയിലെ രാത്രികളില്‍ പുറമെ നിന്നെത്തുന്ന ചീവിടിന്റെയും തവളകളുടെയും ഒകെ കരച്ചില്‍ പ്രത്യേകിച്ചും വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് ആനന്ദ ദായകമാണ്. തുമ്പികളും കാട്ടുമുയലും ഒക്കെ നടക്കാനിറങ്ങുന്ന വേളയിലെ പതിവ് കാഴ്ചകളുമാണ് സൗഖ്യയില്‍.
തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സൗത്ത് അമേരിക്കന്‍ മലനിരകളില്‍ കാണപ്പെടുന്ന നീലവാക തൈ നട്ടാണ് ചാള്‍സ് സൗഖ്യയോട് യാത്ര പറഞ്ഞത്. ബാംഗ്ലൂര്‍ പോലെയൊരു മഹാനഗരത്തിന് അടുത്ത് ഇത്രയും വിശാലമായ ചികിത്സാ കേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ മുന്‍പുള്ള സന്ദര്‍ശങ്ങളിലും ചാള്‍സ് അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ ചാള്‍സിന്റെ അപ്രീതിക്ഷിത സന്ദര്‍ശനത്തില്‍ പോലും സൗഖ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ഉണ്ടായില്ല എന്നതും മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പറഞ്ഞു കേട്ടറിവുകള്‍ വച്ച് വാര്‍ത്തകള്‍ ധാരാളം എത്തുന്നുണ്ടെങ്കിലും തികച്ചും സ്വകാര്യ സന്ദര്‍ശനം ആയതിനാല്‍ വളരെ പരിമിതമായ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മുന്‍പ് അദ്ദേഹം എത്തിയ സമയത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ ബ്രിട്ടനിലെ ഏറ്റവും ജനപ്രിയം എന്ന് പറയാവുന്ന ഡെയ്ലി മെയില്‍ അടക്കം മിക്ക മാധ്യമങ്ങളും അധിക ചിത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്.