- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഞങ്ങളുടെ രാജാവല്ല എന്ന ബാനർ ഉയർത്തി ആയിരങ്ങൾ ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ തടസ്സം ഉണ്ടാക്കാനെത്തും; വിരുന്നിലെ വിഭവങ്ങൾക്കെതിരെയും പ്രതിഷേധം; കിരീട ധാരണ ചടങ്ങിന് ഒരുക്കങ്ങൾ തകർക്കുമ്പോഴും പ്രതിസന്ധികൾ പിന്നാലെ
ലണ്ടൻ: ഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും ഏറെ പ്രിയപ്പെട്ടതാണ് രാജകുടുംബം എങ്കിലും, പരമ്പരാഗതമായി രാജാധികാരം കൈയളുന്ന കുടുംബത്തോട് വിരോധമുള്ളവരും ഉണ്ട്. രാഷ്ട്രത്തലവൻ എന്ന പദവി പരമ്പരാഗതമായി ലഭിക്കേണ്ട ഒന്നല്ലെന്നും, തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളായിരിക്കണം ആ പദവി വഹിക്കേണ്ടതെന്നും വാദിക്കുന്ന റിപ്പബ്ലിക്ക് എന്ന സംഘടന ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു.
ആയിരക്കണക്കിന് ആളുകൾ മഞ്ഞ ടീ ഷർട്ട് ധരിച്ച്, ഇത് എന്റെ രാജാവല്ല എന്ന പ്ലക്കാർഡുകൾ ഏന്തി മെയ് 6 ന് രാവിലെ 6 മണിക്ക് ട്രഫൽഗർ ചത്വരത്തിൽ സമ്മേളിക്കും എന്ന് അവരുടെ വെബ്സൈറ്റിൽ പറയുന്നു. അതിനു ശേഷംപ്രതിഷേധ പ്രകടനമായി അവർ ബക്കിങ്ഹാം പാലസിലേക്കും വെസ്റ്റ്മിനിസ്റ്റർ അബെയിലെക്കും നീങ്ങും. രാജകുടുംബത്തിന്റെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബി ബി സി പക്ഷാഭേദം കാണിക്കുന്നു എന്ന് ആരോപിച്ച ഗ്രഹാം സ്മിത്ത് ആണ് ഈ സംഘത്തെ നയിക്കുന്നത്.
യു കെയിൽ ആകമാനമായി ഈ കിരീടധാരണത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കാംപെയിൻ ഫോർ എ വെൽഷ് റിപ്പബ്ലിക് എന്ന സംഘടനയാണ് കാർഡിഫിൽ നോട്ട് മൈ കിങ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കിരീടധാരണ ദിവസം ഉച്ച തിരിഞ്ഞ് 12.30 ന് അന്യുരിൻ ബീവൻ സ്റ്റാച്യുവിൽ ഒത്തു ചേരുന്ന പ്രതിഷേധക്കാർ പിന്നീട് ബ്ലൂ പാർക്കിലേക്ക് പ്രകടനം നടത്തും. അതിനു ശേഷം ബിഗ് റിപ്പബ്ലിക്കൻ ലഞ്ചും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
കിരീടധാരണം നടക്കുന്ന അതേ സമയത്ത് സ്‌കോട്ട്ലാൻഡിലെ ഗ്ലാസ്ഗോയിൽ സ്വതന്ത്ര്യത്തിനായുള്ള ഒരു ജാഥ സംഘടിപ്പിക്കും. എഡിൻബർഗിലെ നാഷണൽ മോണ്യൂമെന്റ് ഓഫ് സ്‌കോട്ട്ലാൻഡിലും സമാനമായ പ്രകടനം നടക്കും. ഇതുവരെ 250 ൽ അധികം ആളുകൾ ഈ പ്രകടനങ്ങളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കിരീടധാരണ ചടങ്ങുകൾ ലോകം മുഴുവൻ വീക്ഷിക്കുമെന്നതിനാൽ, തങ്ങളുടെ ആവശ്യങ്ങൾ ലോക ശ്രദ്ധയിൽ കോണ്ടു വരാൻ ഏറ്റവും അനുയോജ്യമായ അവസരം അതാണെന്ന് ഈ സംഘങ്ങൾ കരുതുന്നു.
ട്രഫൽഗർ സ്‌ക്വയർ റൗണ്ട് അബൗട്ടിന്റെ നടുവിലുള്ള ചാൾസ് ഒന്നാമന്റെ പ്രതിമക്ക് അടുത്തായിരിക്കും പ്രതിഷേധം അരങ്ങേറുക. ഈ വരുന്ന ജൂണിൽ പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന അബോളിഷ് ദി മൊണാർക്കി എന്ന ഗ്രന്ഥത്തിന്റെ ഫ്ര്ഫചയിതാവ് കൂടിയാണ് സ്മിത്ത്. സ്വാതന്ത്ര്യം ലഭിച്ച് ആദ്യ അഞ്ച് വർഷത്തിനകം തന്നെ സ്‌കോട്ട്ലാൻഡിൽ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ വരുമെന്ന്, തന്റെ പ്രചാരണ പരിപാടിയിൽ സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ പറയുകയും ചെയ്തിരുന്നു.
മത്രമല്ല, അടുത്തിടെ എഡ്വേർഡ് രാജകുമാരനെ ഡ്യുക്ക് ഓഫ് എഡിൻബർഗ് ആയി നിയമിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് താൻ, തന്നെ ഒരു പൗരനായിട്ടാണ് കാണുന്നതെന്നും അടിമയായിട്ടല്ല എന്നുമായിരുന്നു. പരമ്പരാഗതമായി പദവികൾ തേടിയെത്തുന്നത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേർന്നതല്ല എന്ന് വിശ്വസിക്കുന്നവരാണ് ഇപ്പോൾ രാജവാഴ്‌ച്ചക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ പ്രതിച്ഛായയും അവർക്ക് ജനങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന സ്ഥാനവും അവരുടെ കാലത്ത് എതിർപ്പുകൾ കുറച്ചിരുന്നു. എന്നാൽ, ചാൾസ് മൂന്നാമൻ രാജപദവിയിലേക്ക് എത്തിയതോടെ എതിർപ്പുകൾക്ക് കനം വയ്ക്കുകയാണ്.
അതിനിടയിൽകിരീടധാരണ ചടങ്ങിനോടനുബന്ധിച്ചുള്ള വി5രുന്നിലെ പ്രധാന വിഭവമായി മുട്ടയും ചീസും ചേർത്ത് ഖിസ് തിരഞ്ഞെടുത്തതിനെതിരെയും വിമർശനങ്ങൾ ഉയരുകയാണ്. ഇതിലെ പ്രധാന ഭാഗമായ മുട്ടക്ക് ഇപ്പോൾ ബ്രിട്ടനിൽ കടുത്ത ക്ഷാമം നേരിടുന്നതിനാലാണ് പ്രതിഷേധം ഉയരുന്നത്. കടകളിൽ മുട്ട കിട്ടാനില്ല, അവർ ഖിസ് ഭക്ഷിക്കട്ടെ എന്നാണ് ഒരാൾ ട്വിറ്ററിൽ കുറിച്ചത്. തനിക്കും ഈ വിഭവം ഏറെ ഇഷ്ടമാണെന്നും എന്നാൽ, മുട്ടയുടെ വില താങ്ങാനാവുന്നില്ല എന്ന് മറ്റൊരാൾ കുറിച്ചു.
കിരീടധാരണ വിരുന്നിലെ പ്രധാന വിഭവമായി ഇത് തെരഞ്ഞെടുത്തതിൽ അദ്ഭുതമില്ലെന്നാണ് ബക്കിങ്ഹാം കൊട്ടാരത്തിലെ മുൻ പാചകക്കാരനായ ഡാരെൻ മെക്ഗ്രാഡി പറഞ്ഞത്. മുട്ടയും ചീസും ചാൾസിന് ഏറെ ഇഷ്ടമാണത്രെ. എലിസബത്ത് രാജ്ഞി ചോക്കലേറ്റിനെ സ്നേഹിച്ചപ്പോൾ മുട്ടയും ചീസുമാണ് ചാൾസിന്റെ പ്രിയ വിഭവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്