- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്തിന്റെ പൂർത്തീകരണവും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും; വിശദമായ ചർച്ചകൾക്കായി മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കരൺ അദാനി; വിമാനത്താവളത്തിന്റെ അടുത്തഘട്ട വികസനത്തിനായി 18 ഏക്കർ സ്ഥലം വിലകൊടുത്ത് ഏറ്റെടുക്കാനുള്ള താൽപ്പര്യവും ചർച്ചയിൽ ഉന്നയിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന്റെ പൂർത്തീകരണത്തിനും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനപദ്ധതികൾക്കുമുള്ള ചർച്ചകൾക്കായി അദാനി പോർട്സ് സിഇഒ. കരൺ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ജനുവരി ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരത്തെത്തുന്ന കരൺ അദാനി മുഖ്യമന്ത്രി, തുറമുഖ മന്ത്രി, ചീഫ് സെക്രട്ടറി, തുറമുഖ വകുപ്പ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തും.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേയുടെ വികസനത്തിന് ചാക്ക ഭാഗത്ത് 12 ഏക്കർ സ്ഥലം ആവശ്യമുണ്ട്. ഇവിടെ റൺവേയുടെ നീളം കൂട്ടണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.) എയർപോർട്ട് അഥോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള നീളം റൺവേക്കില്ലെന്നാണ് ഡി.ജി.സി.എ. അറിയിച്ചിട്ടുള്ളത്.
ഇതിനു പരിഹാരമായി റൺവേയുടെ നീളം വർദ്ധിപ്പിക്കാനാണ് ചാക്കയിൽ സ്ഥലമേറ്റെടുക്കേണ്ടത്. എയർപോർട്ട് അഥോറിറ്റിക്കാണ് സംസ്ഥാന സർക്കാർ സ്ഥലം നൽകേണ്ടത്. ഇക്കാര്യത്തിൽ കരൺ അദാനി മുഖ്യമന്ത്രിയുടെ ഇടപെടലാവശ്യപ്പെടുമെന്നാണ് സൂചന.
വിമാനത്താവളത്തിന്റെ അടുത്ത ഘട്ട വികസനത്തിന് 18 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ സ്ഥലം അദാനി ഗ്രൂപ്പ് വിലകൊടുത്ത് ഏറ്റെടുക്കാനുള്ള താല്പര്യവും കൂടിക്കാഴ്ചയിൽ കരൺ അദാനി ഉന്നയിച്ചേക്കും.
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനു ശേഷം ആദ്യമായാണ് കരൺ അദാനി തലസ്ഥാനത്തെത്തുന്നത്. അടുത്ത സെപ്റ്റംബറിൽ തുറമുഖത്ത് കപ്പലെത്തിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. നിർമ്മാണം വേഗത്തിലാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ മുഖ്യമന്ത്രി കരൺ അദാനിയെ അറിയിക്കും. തുറമുഖ പദ്ധതിപ്രദേശം സന്ദർശിച്ച ശേഷമായിരിക്കും കരൺ അദാനി മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും കാണുക.
തുറമുഖനിർമ്മാണത്തിന്റെ ഗ്യാപ് വയബിലിറ്റി ഫണ്ട് ഇനത്തിൽ സർക്കാർ അദാനി ഗ്രൂപ്പിനു നൽകാനുള്ള 800 കോടി രൂപ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാൽ, സമരം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് തത്കാലം അദാനി ഗ്രൂപ്പ് സർക്കാരുമായി ചർച്ച ചെയ്‌തേക്കില്ല.
സമരം കാരണം മുടങ്ങിയ പണി കൂടുതൽ വേഗത്തിലാക്കാനുള്ള സംവിധാനമൊരുക്കാൻ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടും. അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് കൂടുതൽ യന്ത്രസംവിധാനങ്ങളും തൊഴിലാളികളെയും എത്തിക്കാനും നീക്കമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ