തൃശൂർ: സിപിഎമ്മിന്റെ രാഷ്ട്രീയ കുറ്റവാളി ആണെങ്കിൽ എന്തുവേണമെങ്കിലും സാധിച്ചു നൽകാൻ തയ്യാറാണ് പിണറായി സർക്കാർ. ടി പി വധക്കേസിലെ പ്രതികൾക്ക് വേണ്ടി നിരന്തരം പരോൾ അനുവദിച്ചതും പ്രതികൾക്ക് വിവാഹം നടത്തി കൊടുത്തതും അടക്കം പാർട്ടിയായിരുന്നു. ഈ പ്രതികളാണ് ജയിൽ ഭരിക്കുന്നതും. ഇടക്കാലം കൊണ്ട് ഋഷിരാജ് സിങ് ജയിൽ ഡിജിപി ആയ വേളയിൽ മാത്രമാണ് അൽപ്പമൊരു ബുദ്ധിമുട്ടു പ്രതികൾക്ക് നേരിടേണ്ടി വന്നത്. എന്നാൽ, ഇപ്പോൾ അത്തരം പ്രശ്‌നങ്ങളൊന്നും അവർ മനസ്സിൽ ആഗ്രഹിക്കുന്നത് മാനത്ത് കണ്ട് നടപ്പാക്കി കൊടുക്കുകയാണ് സർക്കാർ.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയാണ്. തിങ്കളാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റും. പ്രായമായ മാതാവിനു തന്നെ സന്ദർശിക്കാനുള്ള സൗകര്യം മുൻനിർത്തി ജയിൽ മാറ്റണമെന്ന മനോജിന്റെ ആവശ്യം ഉടനടി തന്നെ അംഗീകരിച്ചു ജയിൽ വകുപ്പു മേധാവി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഇതോട പൈാലീസ് എസ്‌കോർട്ടോടെ തിങ്കളാഴ്ച രാവിലെ മനോജിനെ കണ്ണൂരിലേക്കു കൊണ്ടുപോകും. ടിപി വധക്കേസിലെ ഒട്ടുമിക്ക പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലാണു പാർപ്പിച്ചിരുന്നതെങ്കിലും പല സമയത്തായി ഇവരിലേറെപ്പേരെയും കണ്ണൂരിലേക്കു മാറ്റിയിരുന്നു. ഇതിന് പിന്നിൽ സിപിഎമ്മിന്റെ താൽപ്പര്യം തന്നെയാണെന്ന് വ്യക്തമാണ്.

ആർഎംപി നേതാവ് ടി പി. ചന്ദ്രശേഖരനെ വധിച്ചതിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകനാണ് മനോജ്. ടിപി വധക്കേസിനു പുറമെ ആർഎസ്എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിന്റെ കൊലപാതകത്തിലെയും പ്രധാന പ്രതിയാണ് കിർമാണി മനോജ്. ടി.പി.കേസിൽ കൊടി സുനി, റഫീഖ്, കിർമാണി മനോജ്, ട്രൗസർ മനോജൻ, അണ്ണൻ സിജിത് തുടങ്ങിയ 10 പേരാണ് ജീവപര്യന്തം ശിക്ഷ നേരിടുന്നത്.

അതേസമയം പരോളിൽ ഇറങ്ങിയ ശേഷം ലഹരി പാർട്ടി കേസിലും കിർമാണി മനോജ് കുടുങ്ങിയിരുന്നു. എന്നാൽ പിടികൂടിയപ്പോൾ മനോജിന്റെ പ്രതികരണം കേട്ട് പൊലീസും അമ്പരന്ന് പോകുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം ചെറിയ കേസിൽപ്പെട്ടത് നാണക്കേടായെന്നാണ് കിർമാണി മനോജ് പൊലീസുകാരോട് പറഞ്ഞത്. ക്വട്ടേഷൻ പരിപാടികൾക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികാഘോഷത്തിൽ സൗഹൃദം മുൻനിർത്തിയാണ് കിർമാണി മനോജ് എത്തിയത്. എന്നാൽ, ഇത്തരം ചെറിയ കേസിൽ കേസിൽപ്പെട്ടത് തനിക്ക് നാണക്കേട് ആയെന്നും കിർമാണി മനോജ് പറഞ്ഞതായാണ് പൊലീസുകാർ പറയുന്നത്.

മാരക മയക്കുമരുന്നായ എംഡിഎംഎ മുതൽ കഞ്ചാവ് വരെയുള്ള ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു. കമ്പളക്കാട് മുഹ്‌സിൻ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു വിവിധ ഗുണ്ടാ നേതാക്കളുമായി റിസോർട്ടിൽ നടന്നത്. അതിനിടെ ഒരു പരോൾ വാസത്തിനിടെ കിർമാണി മനോജ് വിവാഹവും കഴിച്ചിരുന്നു. ഈ വിവാഹവും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കിർമാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്തുവന്നിരുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന വടകര നാരായണ നഗറിലെ ഷാനിഷാണ് പൊലീസിൽ പരാതി നൽകിയത്. തന്റെ രണ്ടു മക്കളെയുമായി ഭാര്യ കടന്നുകളഞ്ഞെന്ന് പരാതിയിൽ പറയുന്നു. ഇയാൾ ഗൾഫിൽ നിന്ന് എത്തുന്നതിനു മുമ്പ് യുവതി മക്കളേയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നുവത്രെ. വിവാഹം കഴിഞ്ഞെന്ന പത്രവാർത്ത കണ്ടാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതി നിലവിൽ തന്റെ ഭാര്യയാണെന്നും ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.

ഇപ്പോൾ കണ്ണൂർ ജയിലിലേക്ക് കിർമാണി മനോജ് എത്തുമ്പോൾ ജയിൽ ഭരിക്കാൻ എത്തുന്നു എന്ന വിധത്തിലാണ് സൈബർ ലോകത്തും പ്രതികരണങ്ങൾ. അടുത്തിടെ കണ്ണൂർ ജയിലൽ തടവുകാർ തമ്മിൽ സംഘട്ടനം അടക്കം ഉ്ണ്ടായിരുന്നു. ഇവിടെ നിന്നും ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും കണ്ടെടുക്കുന്നത് സർവസാധാരണമാണ്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക് ഫോൺ ചെയ്തത് ഏറെ വിവാദമായിരുന്നു.