- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുള്ളക്കുട്ടിയുടെ ഇടപെടൽ ഗുണം ചെയ്തു;വാനോളം ഉയർന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ പ്രതീക്ഷകൾ; സംസ്ഥാനത്തെ നാല് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിലൊന്നായി കണ്ണൂരും; ഉത്തരമലബാറിലെ ഉംറ തീർത്ഥാടകർക്ക് ഇനി മൂർഖൻപറമ്പിൽ നിന്നും പറക്കാം; കിയാലും ആവേശത്തിൽ
കണ്ണൂർ: നേരത്തെ വാഗ്ദാനം ചെയ്തതു പോലെ കണ്ണൂർ വിമാനത്താവളത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കേന്ദ്രവ്യോമയാന കേന്ദ്രം തെരഞ്ഞെടുത്തത് കേന്ദ്രഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടിക്ക് പൊൻതൂവലായി മാറി. ബിജെപി നേതാവ് കൂടിയായ ബ്ദുള്ളക്കുട്ടി കേന്ദ്രസർക്കാരിൽ ഇതിനായി സ്വാധീനം ചെലുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാണ അബ്ദുള്ളക്കുട്ടിക്കായി. ഇതോടെയാണ് നവാഗത വിമാനത്താവളമായ കണ്ണൂരിനും രാജ്യത്തെ 25 പുറപ്പെടൽ കേന്ദ്രമായിപരിഗണിച്ചത്.
കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കണ്ണൂരുകാരനായതും പ്രയോജനം ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രിയിൽ ഭരണതലത്തിൽ ഇടപെടൽ നടത്താൻ അബ്ദുള്ളക്കുട്ടിക്കായെന്നാണ് വിവരം.നാലുവർഷത്തിനു ശേഷം 2023-ലെ ഹജ്ജ് തീർത്ഥാടനത്തിന് കണ്ണൂരിൽ നിന്നും വിമാനം പുറപ്പെടുന്നത് കിയാലിനും പ്രതീക്ഷയേകിയിട്ടുണ്ട്. ഹജ്ജ് എംബാർക്കേഷൻ(പുറപ്പെടൽ) കേന്ദ്രമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ പരിഗണിച്ചത് സാമ്പത്തിക ഞെരുക്കവും യാത്രക്കാരുടെ കുറവും കാരണം വലയുന്ന കിയാലിന് ശ്വാസമേകിയിട്ടുണ്ട്. കണ്ണൂരിനു പുറമേ കൊച്ചിയും കോഴിക്കോടും എംബാർക്കേഷൻ കേന്ദ്രങ്ങളാണ് കേരളത്തിൽ നിന്നുള്ള മറ്റു എംബാർക്കേഷൻ കേന്ദ്രങ്ങൾ.
രാജ്യത്തെ 25 വിമാനത്താവള കേന്ദ്രങ്ങളിലൊന്നായി കണ്ണൂരിനെ ഉൾപ്പെടുത്തിയത് വ്യോമയാന മേഖലയിൽ ഒരു നവാഗത വിമാനത്താവളത്തിന് ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്നാണെന്ന് കിയാൽ അധികൃതർപറഞ്ഞു. തീർത്ഥാടകർ അപേക്ഷ നൽകുമ്പോൾ പുറപ്പൈടാൻ ആഗ്രഹിക്കുന്ന വിമാനത്താവളം തെരഞ്ഞെടുക്കാം. രണ്ടു ഓപ്ഷൻ മാർക്കു ചെയ്യാം. ലഭ്യതയ്ക്കനുസരിച്ചു ഏതുവിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടാൻ കഴിയുകയെന്നതു സംബന്ധിച്ചു യാത്രക്കാർക്ക് വിവരം ലഭിക്കും.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വ്യോമയാന മന്ത്രാലയവും ചേർന്നു കഴിഞ്ഞ മാസം പുറത്തിറക്കിയ കരടു പട്ടികയിൽ കണ്ണൂർ വിമാനത്താവളവും ഉൾപ്പെട്ടപ്പോൾ തന്നെ വലിയ പ്രതീക്ഷയായിരുന്നു തീർത്ഥാടകർ. ഇതിനൊപ്പംകണ്ണൂരുകാരനായ എ.പി അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി അഖിലേന്ത്യാ ചെയർമാനായി വന്നതും അദ്ദേഹം കേന്ദ്രത്തിൽ സ്വാധീനം ചെലുത്തിയതും ഗുണകരമായി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബറിൽ വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു.
തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യം കണ്ണൂരിലുണ്ടെന്നു പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വലിയ വിമാനങ്ങൾ കണ്ണൂരിലിറങ്ങാൻ സൗകര്യമുണ്ടെന്നാണ് വിലയിരുത്തൽ.മുൻപ് കോവിഡ് കാലത്ത് വലിയ വിമാനങ്ങൾ കണ്ണൂരിലിറങ്ങിയിരുന്നു. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരിൽ ഭൂരിഭാഗവും മലബാറിൽ നിന്നുള്ളവരാണ്. കോഴിക്കോട്, കൊച്ചി, എന്നിവടങ്ങളിൽ നിന്നാണ് ഇതുവരെ ഹജ്ജ് തീർതഥാടകർ പുറപ്പെട്ടിരുന്നത്. ഇനി ഉത്തരമലബാറുകാർക്ക് കണ്ണൂരിൽ നിന്നും യാത്രപുറപ്പെടാം. നവംബറിൽ ജിദ്ദയിലേക്ക് സർവീസ് തുടങ്ങിയ ആദ്യദിവസം യാത്ര ചെയ്ത 171- യാത്രക്കാരിൽ 120 പേരും ഉംറ തീർത്ഥാടകരായിരുന്നു.
ഉംറ തീർത്ഥാടകർക്കു വേണ്ടി പ്രത്യേകം ചെക്ക് ഇൻ കൗണ്ടറുകൾ, വിശ്രമമുറി, വസ്ത്രം മാറുന്നതിനുള്ള സൗകര്യം തുടങ്ങിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എംബാർക്കേഷൻ പട്ടികയിൽ ഉൾപ്പെട്ടതോടെ കൂടുതൽ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഏർപ്പെടുത്തുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. മലബാറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കു മാത്രമല്ല കണ്ണൂർ വിമാനത്താവളത്തിനും കേന്ദ്രവ്യോമയാന മന്ത്രാലത്തിന്റെ തീരുമാനം ഗുണം ചെയ്യുമെന്നാണ് കണ്ണൂരിലെ ആദ്യ വിമാനയാത്രാ കൂട്ടായ്മയായ ഹിസ്റ്റോറിക്കൽ ഫ്ളൈറ്റ് ടീം കോർഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ പ്രതികരിച്ചു.
കോവിഡ് കാലത്ത് യാത്രക്കാരെ എത്തിക്കുന്നതിനായി കണ്ണൂരിൽ വൈഡ് ബോഡി വിമാന ർവീസ് നടത്തിയതല്ലാതെ പിന്നീട് കണ്ണൂരിൽ നിന്നും വലിയ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നില്ല. തീർത്ഥാടന മാസം കഴിയുന്നതു വരെ തുടർച്ചയായി വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ കണ്ണൂർ വിമാനത്താവളം പൂർണമായ തോതിൽ വലിയവിമാനസർവീസുകൾ നടത്താൻ സജ്ജമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർച്ചയായി വലിയ വിമാനസർവീസ് നടന്നാൽ കണ്ണൂരിനും പോയന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനു സഹായകരമാകും. ഇതുവരെ വിദേശവിമാനങ്ങൾ സർവീസ് നടത്താൻ കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നില്ല. ഗൾഫ് എയർ, ഒമാൻ എയർ, എയർ അറേബ്യ, സിൽക്ക് എയർ, ഫ്ളൈ ദുബായ്, ശ്രീലങ്കൻ എയർ ലൈൻ, മലിൻഡോ എയർ തുടങ്ങിയ കമ്പിനികൾ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഹജ്ജ് വിമാനസർവീസ് തുടങ്ങുന്നതോടെ നിലവിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കു പുറമേ ഹജ്ജ് സർവീസും അറൈവൽ, ഡിപ്പാർച്ചർ നടക്കും. ഇതോടെ പ്രതിദിന സർവീസുകളും കൂടും. ഇതുവഴി വാഹനങ്ങളുടെ ലാൻഡിങ്, പാർക്കിങ് വഴി കിയാലിന് വരുമാനവും ലഭിക്കും. യൂസർ ഡവലപ്പ്മെന്റ് ഫീസും ലഭിക്കും. കൂടാതെ അനുബന്ധ സർവീസുകളും നടക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്