മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ടു ചരക്കു വിമാനസർവീസിനായി ഇനിയും കാത്തിരിക്കേണ്ടിവരും. ചരക്കുകൾ മാത്രം കൈക്കാര്യം ചെയ്യുന്ന വിമാനസർവീസ് ഓഗസ്റ്റ് 23നും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടാൻ സാധ്യതയില്ലെന്ന വിവരമാണ് കിയാൽ അധികൃതർ നൽകുന്നത്.

ഷെഡ്യൂൾ പ്രകാരം കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ വിമാനമാണ് ്ഇന്ന് പുറപ്പെടേണ്ടിയിരുന്നത്. 27-വരെയാണ് ഷെഡ്യൂൾഡ് വിമാനസർവീസ് നിശ്ചയിച്ചിരുന്നത്. ബംഗ്ളൂരിലെത്തിയ വിമാനം സാങ്കേതിക കാരണത്തെ തുടർന്ന് ആദ്യ കാർഗോ സർവീസും ഉദ്ഘാടനവും നടത്താൻ നിശ്ചയിച്ചിരുന്ന ഓഗസ്റ്റ് 19-നും സർവീസ് നടത്തിയിരുന്നില്ല.

ഇതോടെ കണ്ണൂരിൽ നിന്നും ഗൾഫ് നാട്ടിലേക്കുള്ള പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ ഉൾപ്പെടെ യാത്രാവിമാനത്തിൽ കയറ്റിവിട്ടാണ് താൽക്കാലികമായി പ്രശ്നംപരിഹരിച്ചത്. ദോഹ, ഷാർജ, കുവൈത്ത് എന്നിവടങ്ങളിലേക്കായിരുന്നു അടുത്ത അഞ്ചുവർഷത്തെ വിമാനസർവീസ്. കൊച്ചിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രാവിഡൻ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയാണ് കാർഗോ സർവീസ് നടത്താൻ മുൻപോട്ടു വന്നത്.

സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് കിയാൽ അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കണ്ണൂർ വിമാനത്താവളത്തിന് ഏറെ ആശ്വാസകരമാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് കാർഗോ വിമാനസർവീസ്. എന്നാൽ സാങ്കേതികനൂലാമാലയിൽ കുടുങ്ങി അതു തുടങ്ങുന്നതു വൈകുന്നത് കണ്ണൂരിലെ വാണിജ്യ, വ്യാപാര ടൂറിസം മേഖലയെയും നിരാശരാക്കിയിട്ടുണ്ട്.

കാർഗോ സർവീസിന്റെ മുൻപോട്ടുപോക്കിനുള്ള സഹായം തേടി ഓഗസ്റ്റ് 16ന് കിയാൽ, ദ്രാവിഡൻ കമ്പിനി അധികൃതർ, കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാർഗോ സർവീസിനുള്ള മുഴുവൻ സഹായവും ചേംബർ ഓഫ് കൊമേഴ്സ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ ഇടിത്തീപോലെ സാങ്കേതിക തകരാർ വില്ലനായി മാറിയത്.