- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര യാത്രക്കാർക്ക് ആശ്വാസം; എയർഇന്ത്യാ എക്സ്പ്രസ് കണ്ണൂരിൽ നിന്നും ബംഗ്ളൂരിലേക്ക് സർവീസ്; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കിയാലിന് പ്രതീക്ഷയായി സർവ്വീസ്
കണ്ണൂർ: ആഭ്യന്തരറൂട്ടിൽ യാത്രചെയ്യുന്ന യാത്രക്കാർക്ക് ആശ്വാസമേകികൊണ്ടു വിന്റർ ഷെഡ്യൂളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് പ്രഖ്യാപിച്ച കണ്ണൂർ-ബംഗ്ളൂര് എക്സ്പ്രസ് സർവീസ് തുടങ്ങി. പ്രതിദിന സർവീസാണ് നടത്തുന്നത്. 3030 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് ബംഗ്ളൂരിൽ നിന്നും പുറപ്പെട്ട വിമാനം വൈകുന്നേരം നാലുമണിക്ക് കണ്ണൂരിലെത്തി.
എയർ ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് 737 മാക്സ് 8വിമാനമാണ് സർവീസിന് ഉപയോഗിച്ചത്. വൈകുന്നേരം നാലരയ്ക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന വിമാനം 5.50ന് ബംഗ്ളൂരിൽ ലാൻഡ് ചെയ്തു. ആദ്യദിവസം കണ്ണൂരിൽ നിന്നും 45-പേർ കണ്ണൂരിൽ നിന്നും ബംഗ്ളൂരിലേക്കും ബംഗ്ളൂരിൽ നിന്നും 14- പേർ കണ്ണൂരിലേക്കും യാത്ര ചെയ്തു. കണ്ണൂരിൽ നിന്നും ഏറ്റവും കൂടുതൽ റൂട്ടുള്ള ബംഗ്ളൂര്. ഇൻഡിഗോ കണ്ണൂർ - ബംഗ്ളൂര് സെക്ടറിൽ പ്രതിദിനം മൂന്ന് സർവീസ് നടത്തുന്നുണ്ട്.
വിന്റർ ഷെഡ്യൂളിൽ എയർഇന്ത്യാ എക്സ്പ്രസ് കണ്ണൂർ രാജ്യാന്തര വിമാനത്തവളത്തിൽ നിന്നും പതിനൊന്ന് നഗരങ്ങളിലേക്കാണ് കണക്ഷൻ സർവീസ് നടത്തുന്നത്. ഡൽഹി, ഗോവ, ചെന്നൈ, ഭുവനേശ്വർ, മുംബൈ, ലക്നൗ, കൊൽക്കത്ത, പൂനൈ, വാരണാസി, മംഗ്ളൂര് എന്നീ നഗരങ്ങളിലേക്കാണ് എയർഇന്ത്യാ എക്സ്പ്രസ് ബംഗ്ളൂര് വഴി കണക്ഷൻ സർവീസ് നടത്തുക. ഇതിനായി ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം, ബംഗ്ളൂര് സെക്ടറിലാണ് കണ്ണൂരിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ് നേരിട്ടുള്ള സർവീസ് നടത്തുന്നത്. ആഭ്യന്തര യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ് എയർ ഇന്ത്യസർവീസ് പുനരാരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കിയാലിനും ഇതു ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്